Kerala
നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; പ്രതി അറസ്റ്റില്‍
തിരുനെല്‍വേലിയില്‍ വച്ച് വയോധികയെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.

തിരുവനന്തപുരം| തിരുവനന്തപുരം നെയ്യാര്‍ഡാമില്‍ നിന്ന് കാണാതായ വയോധികയെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വയോധിക നെയ്യാര്‍ ഡാം സ്വദേശിയാണ്. ഇവരുടെ മൃതദേഹം തിരുനെല്‍വേലിയിലെ ഒഴിഞ്ഞ പറമ്പില്‍ നിന്നാണ് കണ്ടെത്തിയത്. സംഭവത്തില്‍ തിരുനല്‍വേലി സ്വദേശി വിപിന്‍ രാജിനെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു. സ്ഥിരമായി പള്ളികള്‍ സന്ദര്‍ശിക്കാറുള്ള വയോധിക എങ്ങനെ തമിഴ്‌നാട്ടില്‍ എത്തിയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
തിരുനെല്‍വേലിയില്‍ വച്ച് വയോധികയെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രതി ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വയോധികയെ കാണാതായതിന് പിന്നാലെ കുടുംബം നെയ്യാര്‍ ഡാം പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വര്‍ക്കല ഭാഗത്ത് വയോധികയെ അവസാനമായി കണ്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. പിന്നീട് മൃതദേഹം തിരുനെല്‍വേലിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയെന്ന് തമിഴ്‌നാട് പോലീസ് ആണ് കേരള പോലീസിനെ വിവരം അറിയിക്കുന്നത്.
ആദ്യഘട്ടത്തില്‍ സ്വാഭാവിക മരണമാണ് എന്നാണ് പോലീസും കരുതിയിരുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. തിരുനെല്‍വേലിയില്‍ വെച്ച് പ്രതി സഹായം വാഗ്ദാനം ചെയ്ത് വയോധികയ്ക്ക് ഒപ്പം കൂടി എന്നാണ് പോലീസ് പ്രാഥമികമായി പറയുന്നത്. തിരുനെല്‍വേലി സ്റ്റാന്‍ഡില്‍ ഇറക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും അവിടെ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പീഡനശ്രമത്തിനിടെ പ്രതി വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. നിലവില്‍ മൃതദേഹം തിരുനെല്‍വേലിയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണുള്ളത്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടക്കും. ബന്ധുക്കള്‍ ഇന്നലെ രാത്രി തിരുനെല്‍വേലിയിലേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ തമിഴ്‌നാട് പോലീസിന്റെ അന്വേഷണ പരിധിയിലാണ് കേസ് ഉള്ളത്. എന്നാല്‍ നെയ്യാര്‍ ഡാം പോലീസും സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.