National
അധ്യാപകനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തീ കൊളുത്തി; ഒഡിഷയില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു
സംഭവത്തില്‍ വകുപ്പ് മേധാവിയെയും പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഭുവനേശ്വര്‍| ഒഡിഷയില്‍ അധ്യാപകനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച കോളജ് വിദ്യാര്‍ഥിനി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ 22കാരി കഴിഞ്ഞ മൂന്ന് ദിവസമായി ഭുവനേശ്വര്‍ എയിംസില്‍ ചികിത്സയിലായിരുന്നു. വിദഗ്ധ ചികിത്സ നല്‍കിയിട്ടും കുട്ടിയെ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 11.46ഓടെ പെണ്‍കുട്ടിയ്ക്ക് മരണം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ബാലസോറിലെ ഫക്കീര്‍ മോഹന്‍ ഓട്ടോണമസ് കോളജില്‍ ബി എഡിന് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് മരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് വകുപ്പ് മേധാവി പ്രൊഫസര്‍ സമീര്‍ കുമാര്‍ സാഹുവിനെതിരെ വിദ്യാത്ഥിനി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചിരുന്നു. പ്രൊഫസറില്‍ നിന്ന് മാസങ്ങളായി നേരിട്ട അധിക്ഷേപത്തെക്കുറിച്ചും ഭീഷണിയെക്കുറിച്ചും കോളജിന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റിക്ക് അയച്ച കത്തില്‍ വിശദമായി പറഞ്ഞിരുന്നു. എന്നാല്‍ പ്രൊഫസര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഏഴ് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് പെണ്‍കുട്ടിക്ക് വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് ജൂലൈ 12ന് പെണ്‍കുട്ടിയും സഹപാഠികളും ചേര്‍ന്ന് കോളജ് ഗേറ്റിന് പുറത്ത് പ്രതിഷേധം ആരംഭിച്ചിരുന്നു. ഇതിനിടെ പെണ്‍കുട്ടി പ്രിന്‍സിപ്പലിന്റെ ഓഫീസിന് സമീപമുള്ള സ്ഥലത്തേക്ക് ഓടി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. പെണ്‍കുട്ടിക്ക് 95 ശതമാനം പൊള്ളലേറ്റിരുന്നു.
മകളെ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. കോളജിലെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി അംഗങ്ങളും പ്രിന്‍സിപ്പലും പരാതി പിന്‍വലിക്കാന്‍ മകളെയും തന്നെയും സമ്മര്‍ദ്ദത്തിലാക്കിയതായി പിതാവ് ആരോപിച്ചു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ എനിക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യുമെന്നും അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞതായും പിതാവ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ വകുപ്പ് മേധാവിയെയും പ്രിന്‍സിപ്പല്‍ ദിലീപ് ഘോഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി അനുശോചനം അറിയിച്ചു. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്ന് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് ഉറപ്പ് നല്‍കി. വിഷയം സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് കാരണമായി.