International
ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; 2020ന് ശേഷം ആദ്യം
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി.

ന്യൂഡൽഹി | ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ചൈനയിലെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി. 2020 ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യ – ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടലുണ്ടായതിന് ശേഷം ഇതാദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ആറ് വർഷത്തിന് ശേഷമാണ് ചൈന സന്ദർശീക്കുന്നതും.
ഇന്ന് രാവിലെ ബീജിംഗിൽ വെച്ച് തന്റെ എസ് സി ഒ സഹപ്രവർത്തകരായ വിദേശകാര്യ മന്ത്രിമാരോടൊപ്പം പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കണ്ടുവെന്ന് ജയശങ്കർ ‘എക്സി’ൽ കുറിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശംസകൾ അദ്ദേഹത്തെ അറിയിച്ചു. നമ്മുടെ ഉഭയകക്ഷി ബന്ധത്തിലെ സമീപകാല പുരോഗതിയെക്കുറിച്ച് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ധരിപ്പിച്ചുവെന്നും ജയശങ്കർ വ്യക്തമാക്കി.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തി. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും സമാധാനവും ശാന്തതയും നിലനിർത്തുകയും ചെയ്തതിലൂടെ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ബന്ധങ്ങൾ സാധാരണ നിലയിലാക്കുന്നതിൽ ഇന്ത്യയും ചൈനയും നല്ല പുരോഗതി നേടിയിട്ടുണ്ടെന്ന് ജയശങ്കർ പറഞ്ഞു. അതിർത്തിയിൽ നിന്നുള്ള സേസനാ പിൻമാറ്റം ഉൾപ്പെടെയുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യേണ്ടത് നമ്മുടെ കടമയാണെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിരതയുള്ളതും ക്രിയാത്മകവുമായ ബന്ധങ്ങൾ നമുക്ക് മാത്രമല്ല, ലോകത്തിനും ഗുണകരമാണ്. പരസ്പര ബഹുമാനം, പരസ്പര താൽപ്പര്യം, പരസ്പര സംവേദനക്ഷമത എന്നിവയുടെ അടിസ്ഥാനത്തിൽ ബന്ധങ്ങൾ കൈകാര്യം ചെയ്യുന്നതിലൂടെ ഇത് മികച്ച രീതിയിൽ ചെയ്യാനാകുമെന്ന് ജയശങ്കർ ഊന്നിപ്പറഞ്ഞു.
സെപ്റ്റംബറിൽ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.