Connect with us

First Gear

കൗണ്ട് ഡൗൺ തുടങ്ങി; രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ നാളെ വിപണിയിലേക്ക്

ക്രൂയിസ് കൺട്രോൾ, വൺ പെഡൽ ഡ്രൈവ് ടെക്നോളജി തുടങ്ങിയ ഫീച്ചറുകൾ ടിയാഗോ ഇ വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Published

|

Last Updated

മുംബൈ | രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാറായ ടാറ്റ ടിയാഗോ ഇവിയുടെ കൗണ്ട്ഡൗൺ ആരംഭിച്ചു. ഈ ഇലക്ട്രിക് ഹാച്ച്ബാക്ക് സെപ്റ്റംബർ 28ന് കമ്പനി വിപണിയിൽ അവതരിപ്പിക്കും. നാളെ രാവിലെ 11.30നാണ് ലോഞ്ചിംഗ്. 10 ലക്ഷം രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്.

ലോഞ്ചിന് മുമ്പ് തന്നെ ടിയോഗ ഇവിയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ക്രൂയിസ് കൺട്രോൾ, വൺ പെഡൽ ഡ്രൈവ് ടെക്നോളജി തുടങ്ങിയ ഫീച്ചറുകൾ ടിയാഗോ ഇ വിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയും ഇത് പിന്തുണയ്ക്കും. ടിയാഗോ ഇവിക്ക് ടിഗോർ ഇവിയുടെത് പോലെ 26 കിലോവാട്ട് ലിഥിയം അയൺ ബാറ്ററി പാക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ, ഒരു മണിക്കൂറിൽ 80% വരെ ചാർജ് ചെയ്യാൻ സാധിക്കുകന്ന ബാറ്ററിയാണിത്.

കണക്റ്റഡ് കാർ സാങ്കേതികവിദ്യയോടെയാണ് ടിയാഗോ ഇവി എത്തുകയെന്ന് ടാറ്റ മോട്ടോഴ്‌സും വ്യക്തമാക്കി. ടാറ്റയുടെ മറ്റ് ഇലക്‌ട്രിക് വാഹനങ്ങളിലും കാണുന്ന കമ്പനിയുടെ ഇസഡ് കണക്ട് (ZConnect) സാങ്കേതികവിദ്യയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഇത് സ്മാർട്ട് വാച്ച് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു.

പ്രീമിയം ലെതർ സീറ്റുകളുമായാണ് ടിയാഗോ ഇവി എത്തുകയെന്ന് ടാറ്റ പറഞ്ഞു. വൺ പെഡൽ ഡ്രൈവ് ടെക്‌നോളജി ഫീച്ചറും വാഹനത്തിൽ ലഭ്യമാകും. ഒരു കാൽ കൊണ്ട് കാർ ഓടിക്കാനും ഈ ഫീച്ചർ നിങ്ങളെ അനുവദിക്കും. റേസിംഗ് പെഡലിൽ നിന്ന് കാൽ എടുത്തയുടനെ, കാർ യാന്ത്രികമായി ബ്രേക്ക് ചെയ്യുന്നതാണ് വൺ പെഡൽ ടെക്നോളജി. ഇത് തിരക്കേറിയ ട്രാഫിക് കുരുക്കുകളിൽ അനായാസ ഡ്രൈവിം സാധ്യമാക്കും. 310 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ടിയാഗോ EV യിൽ 26kWh ബാറ്ററിയും 74bhp കരുത്തും 170Nm ടോർക്കും ഉൽപ്പാദിപ്പിക്കാൻ കഴിവുള്ള ഒരു ഇലക്ട്രിക് മോട്ടോർ ഉണ്ടാകും.

2018 ഓട്ടോ എക്‌സ്‌പോയിലാണ് ആദ്യമായി ടാറ്റ ടിയാഗോ ഇവി പ്രദർശിപ്പിച്ചത്. 2020-ഓടെ ഇത് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കമ്പനി അതിന്റെ ലോഞ്ച് മാറ്റിവെക്കുകയായിരുന്നു. ടിയാഗോ ഇലക്ട്രികിന് ശേഷം ആൾട്ടറോസിന്റെ EV മോഡലും ടാറ്റ വിപണിയിലെത്തിക്കും.