From the print
തരംതിരിവ് ശരിയല്ല; കേന്ദ്രത്തിന് വീണ്ടും സുപ്രീം കോടതി വിമര്‍ശം
കൊളീജിയം ശിപാര്‍ശകളില്‍ താത്പര്യമുള്ളവരെ മാത്രം വേര്‍തിരിച്ച് ഉത്തരവിടുന്നത് അവസാനിപ്പിക്കണം
ന്യൂഡല്‍ഹി | ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള ചില ജഡ്ജിമാരുടെ സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള കൊളീജിയം ശിപാര്‍ശകളില്‍ കാലതാമസം വരുത്തുന്നതിന് കേന്ദ്രത്തിന് വീണ്ടും സുപ്രീം കോടതി വിമര്‍ശം. ഇതേസമയത്ത് നല്‍കിയ മറ്റ് ഹൈക്കോടതികളിലെ ജഡ്ജിമാരെ സ്ഥലം മാറ്റുന്നതിനുള്ള ശിപാര്‍ശക്ക് അംഗീകാരം നല്‍കിയിട്ടും ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നുള്ള നാല് ജഡ്ജിമാരുടെ സ്ഥലംമാറ്റം സംബന്ധിച്ച് കേന്ദ്രം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. ഇത് ഉള്‍പ്പെടെയുള്ള കൊളീജിയം ശിപാര്‍ശകളിലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബഞ്ച് വിമര്‍ശനം ഉന്നയിച്ചത്. കൊളീജിയം നിര്‍ദേശങ്ങള്‍ തീര്‍പ്പാക്കുന്നതിനുള്ള 2021ലെ വിധിന്യായത്തില്‍ കോടതി നിശ്ചയിച്ച സമയക്രമം പാലിക്കാത്തതിന് കേന്ദ്ര നിയമ-നീതി മന്ത്രാലയത്തിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് ബെംഗളൂരുവിലെ അഡ്വക്കേറ്റ്‌സ് അസ്സോസിയേഷന്‍ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു ബഞ്ച് വിഷയം ഉന്നയിച്ചത്.
കൊളീജിയം നല്‍കുന്ന ശിപാര്‍ശകളില്‍ കേന്ദ്ര താത്പര്യമുള്ളത് മാത്രം വേര്‍തിരിച്ചെടുത്ത് അംഗീകാരം നല്‍കുന്ന സമ്പ്രദായത്തെ ശക്തമായി എതിര്‍ക്കുന്നതായി ബഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. സ്ഥലം മാറ്റം സംബന്ധിച്ച ശിപാര്‍ശകളില്‍ താത്പര്യമുള്ളത് മാത്രം പരിഗണിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറലിനോട് ബഞ്ച് വീണ്ടും ആവശ്യപ്പെട്ടു. ഇത് നല്ല മതിപ്പ് സൃഷ്ടിക്കുന്നില്ല. നിങ്ങള്‍ക്ക് ഇത്തരത്തില്‍ സ്ഥലം മാറ്റം തിരഞ്ഞെടുക്കാന്‍ കഴിയില്ല. നിങ്ങള്‍ നല്‍കുന്ന സന്ദേശം എന്താണെന്നും കോടതി ചോദിച്ചു. സ്ഥലമാറ്റത്തിന് ശിപാര്‍ശ ചെയ്ത 11 പേരില്‍ അഞ്ച് പേരെ സ്ഥലം മാറ്റി ഉത്തരവ് ഇറക്കി. ശേഷിക്കുന്ന ആറ് സ്ഥലം മാറ്റങ്ങള്‍ തീര്‍പ്പുകല്‍പ്പിക്കാതെ കിടക്കുന്നുവെന്നും കോടതി പറഞ്ഞു. എന്നാല്‍ വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ കാരണമാണ് കാലതാമസമുണ്ടായതെന്നും ആവര്‍ത്തിച്ച പേരുകളുടെ കാര്യത്തില്‍ പുരോഗതിയുണ്ടെന്നും എ ജി മറുപടി നല്‍കി. അമ്പത് ശതമാനം പേരുകള്‍ പോലും ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
ജഡ്ജി നിയമനത്തിനുള്ള കൊളീജിയം ശിപാര്‍ശകള്‍ തരംതിരിച്ച കേന്ദ്രസര്‍ക്കാര്‍ ഇഷ്ടമുള്ളവരെ നിയമിക്കുന്ന രീതിയിലും ബഞ്ച് വിമര്‍ശനം ആവര്‍ത്തിച്ചു. അടുത്തിടെ ശിപാര്‍ശ ചെയ്ത പേരുകളില്‍ എട്ട് പേരെ ഇതുവരെ നിയമിച്ചിട്ടില്ല. സര്‍ക്കാര്‍ നിയമനം നല്‍കിയവരെക്കാള്‍ മുതിര്‍ന്നവരാണ് എട്ട് പേരില്‍ ചിലര്‍. ഇക്കാര്യം തങ്ങള്‍ നേരത്തേ തന്നെ അഭിപ്രായപ്പെട്ടതാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും ബഞ്ച് പറഞ്ഞു.
അഞ്ച് പേരുടെ കാര്യത്തില്‍ ശിപാര്‍ശകള്‍ ഒന്നോ അതിലധികമോ ആവര്‍ത്തിച്ചിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. ജൂലൈയില്‍ ശിപാര്‍ശ ചെയ്ത മൂന്ന് പേരുകളില്‍ ഇതുവരെ സുപ്രീം കോടതിയുടെ കൊളീജിയത്തിലേക്ക് മറുപടി അയച്ചിട്ടില്ലെന്നും ജസ്റ്റിസ് എസ് കെ കൗള്‍ വെളിപ്പെടുത്തി.
കൊളീജിയം ശിപാര്‍ശയിലെ ആദ്യ പേര് അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് സത്യപ്രതിജ്ഞാ ചടങ്ങ് മാറ്റിവെച്ച ഗുവാഹത്തി ഹൈക്കോടതി തീരുമാനത്തെ ബഞ്ച് അഭിനന്ദിച്ചു.
സിഖ് അഭിഭാഷകര്‍ക്ക് നിയമനം നല്‍കിയില്ല; ചോദ്യം ചെയ്ത് സുപ്രീം കോടതി
ന്യൂഡല്‍ഹി പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിലേക്ക് ജഡ്ജിമാരായി രണ്ട് സിഖ് അഭിഭാഷകരെ നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ അംഗീകരിക്കാത്തതില്‍ കേന്ദ്രത്തിന് സുപ്രീം കോടതി വിമര്‍ശം. അഭിഭാഷകരായ ഹര്‍മീത് സിംഗ് ഗ്രവാള്‍, ദീപീന്ദര്‍ സിംഗ് നല്‍വ എന്നിവരുടെ പേരുകള്‍ക്ക് അംഗീകാരം നല്‍കാത്തതാണ് ബഞ്ച് ചോദ്യം ചെയ്തത്.
എന്തുകൊണ്ടാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ ഉണ്ടാകുന്നതെന്നും മുന്‍കാല പ്രശ്നങ്ങള്‍ നിലവിലുള്ളവയുമായി ബന്ധിപ്പിക്കരുതെന്നും ബഞ്ച് പറഞ്ഞു. ഇരുവരേയും നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ഒക്ടോബര്‍ 17 ന് മറ്റ് മൂന്ന് അഭിഭാഷകര്‍ക്കൊപ്പം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, അഞ്ച് പേരുടെ പട്ടികയില്‍ മൂന്ന് അഭിഭാഷകരെ മാത്രം നിയമിച്ച് കേന്ദ്രം ഈ മാസം രണ്ടിന് വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. ഇത്തരം നടപടിയില്‍ ശക്തമായ അമര്‍ഷമാണ് കോടതിക്കുള്ളത്. ഹരജികള്‍ അടുത്ത മാസം അഞ്ചിന് വീണ്ടും പരിഗണിക്കും.