Kerala
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ലിമെന്ററി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയെന്ന് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി
രാഹുല്‍ സഭയില്‍ വന്നാല്‍ ഇനി പ്രത്യേക ബ്ലോക്കില്‍ ഇരിക്കണം

തിരുവനന്തപുരം | ലൈംഗിക പീഡന ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ പാര്‍ലിമെന്ററി പാര്‍ട്ടയില്‍ നിന്ന് നീക്കിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.
രാഹുലിനെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സ്പീക്കറെ അറിയിച്ചതോടെ രാഹുല്‍ സഭയില്‍ വന്നാല്‍ ഇനി പ്രത്യേക ബ്ലോക്കില്‍ ഇരിക്കണം. ലൈംഗികാരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു.
കൂടുതല്‍ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവരികയും രാഹുല്‍ പ്രതിക്കൂട്ടിലാവുകയും ചെയ്തതോടെയാണ് അദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. അതിനിടെ രാഹുലിനെ സഭയില്‍ എത്തിക്കാന്‍ രാഹുല്‍ അനുകൂലികള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശക്തമായ നീക്കം നടത്തിയിരുന്നു. ഗ്രൂപ്പ് പോര് പുറത്തെടുക്കുമെന്ന മുന്നറിയിപ്പും ഈ വിഭാഗം നല്‍കി. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും ശക്തമായ സോഷ്യല്‍ മീഡിയ ആക്രമണം നടന്നു.
രാഹുലിനെതിരായ നടപടി കേന്ദ്ര നേതൃത്വത്തിന്റെ അനുമതിയോടെ കേരളത്തിലെ നേതാക്കള്‍ കൂട്ടായി എടുത്ത തീരുമാനമാണെന്നും രാഹുലിനെതിരായ നടപടിയില്‍ മാറ്റമില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കിയിരുന്നു. രാഹുലിനെതിര അന്വഷണം ശക്തമായി മുന്നോട്ടു പോവുകയാണ്. രാഹുല്‍ നിയമസഭയില്‍ എത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫിന്റെ പ്രതികരണം. എന്നാല്‍ സ്വന്തം നിലയില്‍ രാഹുല്‍ സഭയില്‍ എത്തിയാല്‍ ഭരണ പക്ഷം പ്രതിഷേധമുയര്‍ത്തും. രാഹുലിന് കോണ്‍ഗ്രസ് പ്രതിരോധം ഒരുക്കുമോ എന്ന ചോദ്യത്തിന് സ്പീക്കറാണ് സുരക്ഷ ഒരുക്കേണ്ടതെന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്.