Connect with us

Kerala

വയനാട്ടില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവ് ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് കത്തില്‍ ജോസ് ആരോപിക്കുന്നു

Published

|

Last Updated

മാനന്തവാടി | വയനാട്ടില്‍ ജീവനൊടുക്കിയ കോണ്‍ഗ്രസ് നേതാവായ വാര്‍ഡ് മെമ്പര്‍ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ചതിച്ചെന്ന് കത്തില്‍ ജോസ് ആരോപിക്കുന്നു.

മൂന്ന് നേതാക്കളുടെ പേരുകള്‍ കത്തിലുണ്ടെന്നാണ് സൂചന. ഈ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. സാമ്പത്തിക ബാധ്യതയും കുറിപ്പില്‍ പറയുന്നു. മൂന്നു പേജുള്ള ആത്മഹത്യാ കുറിപ്പാണു കണ്ടെത്തിയത്. പുല്‍പ്പള്ളിയില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചന്‍ അന്യായമായി ജയിലില്‍ കഴിയാനിടയായ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസ് ചോദ്യം ചെയ്തുവിട്ടയച്ചതിനു ശേഷമാണ് ജോസ് നെല്ലേടത്ത് ജീവനൊടുക്കിയത്. കൈഞരമ്പ് മുറിച്ചശേഷം പെരിക്കല്ലൂരിലെ കുളത്തില്‍ ചാടി മരിക്കാന്‍ ശ്രമിക്കുന്ന നിലയിലായിരുന്നു അദ്ദേഹത്തെ കണ്ടെത്തിയത്. തന്നെ കള്ളക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് തങ്കച്ചന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണം ഉന്നയിച്ചവരില്‍ ജോസിന്റെ പേരും ഉണ്ടായിരുന്നു. ഇതില്‍ പോലീസ് ചോദ്യം ചെയ്തുവിട്ടയച്ചതിന് പിന്നാലെ ജോസ് മാനസിക പിരിമുറുക്കത്തിലായിരുന്നു.

കഴിഞ്ഞമാസം 22 ന് രാത്രിയാണ് തങ്കച്ചന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ നിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് തങ്കച്ചനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഭര്‍ത്താവ് നിരപരാധിയാണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തങ്കച്ചന്റെ ഭാര്യ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ തങ്കച്ചന്‍ നിരപരാധിയാണെന്ന് തെളിഞ്ഞിരുന്നു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഡി സി സി സെക്രട്ടറി വീട്ടില്‍ കിടത്തിയുറക്കില്ലെന്ന് ഭീഷണിമുഴക്കിയിരുന്നുവെന്ന് തങ്കച്ചന്‍ ആരോപിച്ചിരുന്നു.
ആസന്ന മരണനായി കൈഞരമ്പു മുറിച്ചു കുളത്തില്‍ കണ്ടെത്തിയ ജോസ് നെല്ലേടത്ത് തന്നെ രക്ഷിക്കാനെത്തിയ ആളോട് രക്ഷിക്കരുതെന്നും മരിക്കാന്‍വേണ്ടിത്തന്നെയാണ് ഇതു ചെയ്തതെന്നും പറഞ്ഞിരുന്നു.

അയല്‍വാസിയായ കുഞ്ചറക്കാട്ട് ബെന്നിയാണ് മരണാസന്നനായ ജോസിനെ കണ്ടെത്. കൈ ഞരമ്പ് മുറിച്ചും വിഷം കഴിച്ചും മരണാസന്നനായി കിടന്ന ജോസിനെ രക്ഷിക്കാന്‍ ഓടിയെത്തിയത് ബെന്നി ആയിരുന്നു. ചുമക്കുന്ന ശബ്ദം കേട്ടാണ് തന്റെ കൃഷിയിടത്തില്‍ ജോലിയെടുത്തു കൊണ്ടിരുന്ന ബെന്നി ജോസ് കിടന്ന കുളത്തിനരികിലേക്ക് എത്തിയത്. ആദ്യം ചുമയ്ക്കുന്ന ശബ്ദം കേട്ടിരുന്നെങ്കിലും സംശയിച്ച് പിന്‍വാങ്ങുന്ന സമയത്ത് വീണ്ടും ചുമ കേട്ടു. കുളത്തിനിന്ന് ജോസ് സമീപത്തെ ശീമക്കൊന്നയില്‍ പിടിച്ചിട്ടുണ്ടായിരുന്നു. അരികിലേക്ക് എത്തിയ ബെന്നി ഇയാളെ കുളത്തില്‍ നിന്ന് വലിച്ചു കയറ്റി. ഇതിനിടെ എന്തിനാണ് ജോസേ ഇത് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ ആരോടും പറയണ്ട ആശുപത്രിയില്‍ കൊണ്ടുപോകരുത് എന്നായിരുന്നു മറുപടി എന്ന് ബെന്നി പറഞ്ഞു.

കുളത്തില്‍ നിന്ന് കയറ്റുന്നതിനിടയില്‍ ജോസ് വീണ്ടും വെള്ളത്തിലേക്ക് തന്നെ പോയിക്കൊണ്ടിരുന്നു. ഒരു വിധത്തില്‍ കരക്ക് കയറ്റി സമീപത്തെ വീടുകളില്‍ വാഹനത്തിനായി ചെന്നെങ്കിലും അവിടെ ആരും ഉണ്ടായിരുന്നില്ല. പിന്നീട് ഒരു ഓട്ടോ വരുത്തി അതില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും പ്രദേശവാസിയായ മറ്റൊരാള്‍ കാറുമായി എത്തി. പുല്‍പ്പള്ളിയിലെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ കുളത്തില്‍ വിഷം കഴിച്ചും ഞരമ്പ് കൈ മുറിച്ചും ഗുരുതരാവസ്ഥയില്‍ ജോസിനെ കണ്ടെത്തിയത്.

മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പറായ ജോസ് പുല്‍പ്പള്ളിയിലെ ജീവകാരുണ്യ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. ഇദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കോണ്‍ഗ്രസ്സിനെ വിവാദത്തിലാക്കി. ജോസിന്റെ മരണവുമായി ബന്ധപ്പെട്ട് പുല്‍പ്പള്ളി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

 

Latest