Connect with us

Aksharam

ആകാശപ്പറവകള്‍

1867ല്‍ ഇന്ത്യാനയിലെ മില്‍വില്ലിലാണ് വില്‍ബര്‍ റൈറ്റ് ജനിച്ചത്. നാല് വര്‍ഷത്തിന് ശേഷം ഒഹായോയിലെ ഡേയ്റ്റണില്‍ ഓര്‍വില്‍ റൈറ്റും ജനിച്ചു.

Published

|

Last Updated

ക്രി. മു. 400 ആണ്ടില്‍ ഗ്രീക്ക് പണ്ഡിതനായിരുന്ന ആര്‍ക്കിറ്റീസ്, പറക്കാന്‍ കഴിയുന്ന ഒരു പ്രാവിനെ തടികൊണ്ട് നിര്‍മിച്ചതായി പറയപ്പെടുന്നു. എങ്ങനെയാണ് ഇത് സാധിച്ചത് എന്നതിന് രേഖകളൊന്നുമില്ല. 400 ബി സിക്കും 300 ബി സിക്കും ഇടയില്‍ ചൈനക്കാര്‍ പട്ടം കണ്ടുപിടിച്ചു. അതൊരു ഗ്ലൈഡറിന്റെ ചെറിയ രൂപമായിരുന്നു. പിന്നീട് 200 ബി സി കാലഘട്ടത്തില്‍ ഗ്രീക്ക് ഗണിതശാസ്ത്രജ്ഞനായ ആര്‍ക്കമിഡീസ്, വസ്തുക്കള്‍ ദ്രാവകങ്ങളില്‍ പൊന്തിക്കിടക്കുന്നത് എങ്ങനെയെന്ന് കണ്ടെത്തി.

1290ല്‍ ഇംഗ്ലീഷ് പുരോഹിതനായിരുന്ന റോജര്‍ ബേക്കണ്‍, ഈ തത്ത്വം വായുവിനും ബാധകമായേക്കാമെന്ന നിഗമനത്തിലെത്തി.

മനുഷ്യന്റെ ആകാശസഞ്ചാരം

1783 ല്‍ രണ്ട് ഫ്രഞ്ചുകാര്‍ വായു നിറച്ച ബലൂണില്‍ പാരീസ് നഗരത്തിന് മുകളില്‍ എട്ട് കിലോമീറ്ററോളം വായുവില്‍ ഒഴുകിനടന്നു. ഇത് പലരെയും ബലൂണ്‍ യാത്രകള്‍ക്കു പ്രേരിപ്പിക്കുകയും തുടര്‍ന്ന് ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍ പ്രചാരത്തിലെത്തുകയും ചെയ്തു. പക്ഷേ, ഇവയുടെ ഗതി നിയന്ത്രിക്കാന്‍ ആകുമായിരുന്നില്ല. 1800കളില്‍ ബലൂണിന്റെ ആകൃതിയിലുള്ള ആകാശ പേടകങ്ങള്‍ പ്രചാരത്തിലെത്തി. 1804ന് ഇംഗ്ലീഷുകാരനായ സര്‍ ജോര്‍ജ് കെയ്ലി ഗ്ലൈഡര്‍ വികസിപ്പിച്ചെടുത്തു. 1881നും 1896നും ഇടക്ക് ഓട്ടോ ലിലിയന്താള്‍ എന്ന ജര്‍മന്‍കാരനാണ് ആദ്യമായി ഒരു ഗ്ലൈഡര്‍ പറപ്പിച്ചത്.

ആദ്യ വിമാനങ്ങള്‍

1843ല്‍ ബ്രിട്ടീഷുകാരനായ വില്യം എസ് ഹെന്‍സണ്‍ വിമാനം ഉണ്ടാക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1890 ല്‍ ക്ലമന്റ് ആഡര്‍ എന്ന ഫ്രഞ്ചുകാരനായ എന്‍ജിനീയറും തുടര്‍ന്ന് മറ്റൊരു അമേരിക്കക്കാരനും ആവിയന്ത്രം ഘടിപ്പിച്ച വിമാനങ്ങളുണ്ടാക്കി പറക്കാന്‍ ശ്രമിച്ചു. അതും വിജയിച്ചില്ല.

റൈറ്റ് സഹോദരന്മാരുടെ വിമാനം

1890കളിലാണ് റൈറ്റ് സഹോദരന്മാര്‍ എന്നറിയപ്പെടുന്ന ഓര്‍വില്‍ റൈറ്റിനും വില്‍ബര്‍ റൈറ്റിനും പറക്കലില്‍ കമ്പം കയറിയത്. ഒരു സൈക്കിള്‍ നിര്‍മാണ കമ്പനി നടത്തുകയായിരുന്നു അവര്‍. നിരവധി പരീക്ഷണങ്ങള്‍ക്ക് ശേഷം ഒരു വിമാനം രൂപകല്‍പ്പന ചെയ്തു. 1903ല്‍ നിര്‍മിച്ച ആ വിമാനത്തിന് ഫ്‌ലെയര്‍ എന്ന് പേരിട്ടു. 12 കുതിരശക്തിയുള്ള പെട്രോള്‍ എന്‍ജിന്‍ ഘടിപ്പിച്ച ആ വിമാനത്തിന് രണ്ട് ചിറകുകളുണ്ടായിരുന്നു. ഒരു പൈലറ്റിന് നിയന്ത്രിക്കാന്‍ പറ്റുമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത.

1903 ഡിസംബര്‍ 17ന് ഓര്‍വില്‍ റൈറ്റ് ഇത് ആദ്യമായി പറത്തി. നോര്‍ത്ത് കാരലൈനക്കടുത്തുള്ള കിറ്റിഹോക്ക് എന്ന സ്ഥലത്തായിരുന്നു ചരിത്ര സംഭവം അരങ്ങേറിയത്. ആദ്യ പറക്കല്‍ 37 മീറ്റര്‍ ദൂരമായിരുന്നു. വേഗം മണിക്കൂറില്‍ 48 കിലോമീറ്റര്‍.

യുദ്ധവിമാനങ്ങളുടെ വരവ്

ഒന്നാം ലോകയുദ്ധം കൂടുതല്‍ ശക്തിയേറിയ വിമാനങ്ങളുടെ നിര്‍മാണത്തിന് വഴിതെളിച്ചു. യുദ്ധം അവസാനിച്ചപ്പോഴേക്കും മണിക്കൂറില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടു.

വിമാനങ്ങളെ നവീകരിക്കുന്നു

റൈറ്റ് സഹോദരന്മാരെ തുടര്‍ന്ന് മറ്റ് പലരും രംഗത്തെത്തി. ആല്‍ബര്‍ട്ടോ സാന്റോസ് ഡുമണ്ട് എന്ന ബ്രസീലുകാരന്‍ വിമാനങ്ങള്‍ നിര്‍മിച്ചു. 1908 ജൂലൈ നാലിന് ഗ്ലെന്‍ എച്ച് കര്‍ട്ടിസ്റ്റ് എന്ന അമേരിക്കക്കാരന്‍ തന്റെ ജൂണ്‍ ബഗ് എന്ന രണ്ട് ചിറകുള്ള വിമാനത്തില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ 1.55 കിലോമീറ്റര്‍ ദൂരം പിന്നിട്ടു. എന്നാല്‍, ഹെന്റി ഫര്‍മാന്‍ എന്ന ഇംഗ്ലീഷുകാരന്‍ ഇവരെയൊക്കെ കടത്തിവെട്ടി 27 കിലോമീറ്റര്‍ പറന്നു.

1909ല്‍ റൈറ്റ് സഹോദരന്മാര്‍ക്ക് അമേരിക്കന്‍ സൈന്യത്തില്‍ നിന്ന് യുദ്ധാവശ്യങ്ങള്‍ക്കുള്ള വിമാനങ്ങള്‍ ഉണ്ടാക്കാനുള്ള നിര്‍ദേശം ലഭിച്ചു. ഇതിനിടെ ലൂയി ബ്ലറിയറ്റ് എന്ന ഫ്രഞ്ചുകാരന്‍ ഇംഗ്ലീഷ് ചാനലിന് കുറുകെ 37.8 കിലോമീറ്റര്‍ ദൂരം വിമാനം പറപ്പിച്ച് ഏവരെയും അത്ഭുതപ്പെടുത്തി. 1911ല്‍ കാള്‍ ബ്രൈറ്റ് പി റോഡ്ജോസ് അമേരിക്ക മുഴുവന്‍ വിമാനത്തില്‍ ചുറ്റി.

റൈറ്റ് സഹോദരന്മാര്‍
1867ല്‍ ഇന്ത്യാനയിലെ മില്‍വില്ലിലാണ് വില്‍ബര്‍ റൈറ്റ് ജനിച്ചത്. നാല് വര്‍ഷത്തിന് ശേഷം ഒഹായോയിലെ ഡേയ്റ്റണില്‍ ഓര്‍വില്‍ റൈറ്റും ജനിച്ചു. യന്ത്രവിദ്യയില്‍ തത്പരനായിരുന്ന ഈ സഹോദരന്മാര്‍ വായു യാത്രയുടെ ഭാവി തിരിച്ചറിഞ്ഞ് 1990ല്‍ സ്വന്തം ഗ്ലൈഡര്‍ കിറ്റിഹോക്കില്‍ എത്തിച്ച് നിരന്തര പരിശ്രമത്തിലൂടെ 15 കുതിരശക്തിയുള്ള മോട്ടോര്‍ രൂപകല്‍പ്പന ചെയ്തു. രണ്ട് പ്രൊപ്പല്ലറുകള്‍ പ്രവര്‍ത്തിപ്പിച്ച് 1908ല്‍ വീല്‍ബേര്‍ ഫ്രാന്‍സില്‍ വ്യോമ യാത്രയില്‍ പുതിയ ദൂരവും ഉയരവും കുറിച്ചു.

1910ല്‍ ഓര്‍വില്‍ റൈറ്റ് എക്സിബിഷന്‍ ടീമിലെ വൈമാനികരുടെ പരിശീലകനായി. അമേരിക്കന്‍ റൈറ്റ് കമ്പനിയുടെ പ്രസിഡന്റായിരുന്ന വില്‍ബര്‍ റൈറ്റ് 1912 മെയ് 30ന് മരിച്ചു. അതിന് ശേഷം ഓര്‍വില്‍ റൈറ്റ് കമ്പനിയുടെ നേതൃത്വം വഹിച്ചു. 1948 ജനുവരി 30ന് അദ്ദേഹവും മരിച്ചു.

യാത്രാ വിമാനങ്ങള്‍
1920 -30 കാലമാണ് വിമാന നിര്‍മാണ ചരിത്രത്തിലെ സുവര്‍ണ കാലഘട്ടം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. ഈ സമയത്ത് ചെറിയ യാത്രാവിമാനങ്ങള്‍ യൂറോപ്പില്‍ ഉപയോഗിച്ചു തുടങ്ങി. 1918ല്‍ അമേരിക്കന്‍ പോസ്റ്റല്‍ സര്‍വീസ്, വിമാനങ്ങള്‍ ഉപയോഗിച്ചു തുടങ്ങി. രാജ്യാന്തര വിമാനയാത്ര ആദ്യമായി തുടങ്ങിയത് 1919 ലാണ്. ഫ്രാന്‍സില്‍ നിന്ന് ബെല്‍ജിയത്തിലെക്കായിരുന്നു അത്. പിന്നീട് പല കമ്പനികളും ലോകത്തിന്റെ നാനാ ഭാഗത്തും വിമാന നിര്‍മാണവുമായി മുന്നോട്ടുവന്നു. ബോയിംഗ് 247 എന്ന മാതൃക നിര്‍മിക്കപ്പെട്ടു.

മണിക്കൂറില്‍ 300 കിലോമീറ്റര്‍ വരെ വേഗത ആര്‍ജിക്കാന്‍ കഴിഞ്ഞിരുന്ന ഈ വിമാനത്തിന് 1,200 കിലോമീറ്റര്‍ വരെ പറക്കാന്‍ ശേഷിയുണ്ടായിരുന്നു. മാത്രമല്ല, പത്ത് യാത്രക്കാരെയും അതില്‍ കയറ്റാമായിരുന്നു.

അറ്റ്ലാന്റിക്കിന് കുറുകെ

1926 ല്‍ ഉത്തരധ്രുവത്തിന് കുറുകെയും 1929ല്‍ ദക്ഷിണ ധ്രുവത്തിന് മുകളിലൂടെയും വിമാനങ്ങള്‍ സഞ്ചാരം നടത്തുകയുണ്ടായി. 1927 ലാണ് ചാള്‍സ് എ ലിന്‍ഡ്ബര്‍ഗ് ഒറ്റക്ക് ഒരു വിമാനത്തില്‍ അറ്റ്ലാന്റിക് സമുദ്രം കടന്നത്. 610 കിലോ മീറ്റര്‍ നീണ്ട യാത്ര 33.5 മണിക്കൂര്‍ കൊണ്ടാണ് അവസാനിച്ചത്. സ്പിരിറ്റ് ഓഫ് സെന്റ് ലൂയിസ് എന്ന് പേരിട്ടിരുന്ന ഈ വിമാനത്തില്‍ റൈറ്റ് സഹോദരന്മാര്‍ നിര്‍മിച്ച എന്‍ജിനാണ് ഘടിപ്പിച്ചിരുന്നത്.

1931ല്‍ രണ്ട് അമേരിക്കന്‍ പൈലറ്റുമാര്‍ (ഹഗ് ഹേന്‍ഡന്‍, ക്ലൈവ് ചാംഗ് ബോണ്‍) പസഫിക്കിന് മുകളിലൂടെ നിര്‍ത്താതെ വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചു. 1932ല്‍ അമേലിയ ഇയര്‍ ഹാര്‍ട്ട് എന്ന അമേരിക്കക്കാരി അറ്റ്ലാന്റിക്കിന് കുറുകെ ഒറ്റക്ക് വിമാനം പറത്തുന്ന ആദ്യത്തെ വനിതയായിത്തീര്‍ന്നു. 1936 ല്‍ യാത്ര തുടങ്ങിയ യു എസ് ഡഗ്ലസ് ഡി സി- 3 വിമാനം 21 യാത്രക്കാരെ കയറ്റാന്‍ ശേഷിയുള്ളതായിരുന്നു. ഇത് താമസിയാതെ ലോകത്തെ പ്രധാന യാത്രാ വിമാനമായി മാറി. രണ്ടാം ലോകയുദ്ധ കാലത്ത് യുദ്ധവിമാനങ്ങള്‍ക്ക് പരിഷ്‌കാരങ്ങള്‍ ഏറെ വന്നു.

മണിക്കൂറില്‍ 640 കിലോമീറ്റര്‍ വരെ വേഗത്തിലും 21,000 മീറ്റര്‍ വരെ ഉയരത്തിലും പറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ നിര്‍മിക്കപ്പെട്ടു. യുദ്ധം അവസാനിക്കാറായപ്പോഴേക്കും മണിക്കൂറില്‍ 970 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന വിമാനങ്ങള്‍ രംഗം കൈയടക്കി തുടങ്ങി.

ജെറ്റ് യുദ്ധവിമാനങ്ങള്‍

1940കളുടെ അവസാനത്തോടെ ജെറ്റ് എന്‍ജിനുകളുടെ വരവായി. അമേരിക്കയുടെ എ – 86 സാബര്‍, സോവിയറ്റ് യൂനിയന്റെ മിഗ്-15 തുടങ്ങിയവ ജെറ്റ് എന്‍ജിന്‍ ഘടിപ്പിച്ച യുദ്ധവിമാനങ്ങളായിരുന്നു. 1982ല്‍ ബ്രിട്ടന്‍ ലോകത്തെ ആദ്യത്തെ ജെറ്റ് യാത്രാവിമാനം പുറത്തിറക്കി. ഡി അവിലന്‍ഡ് കോമാറ്റ് എന്നായിരുന്നു ഇതിന്റെ പേര്. പക്ഷേ, ഇവ രണ്ട് തവണ പൊട്ടിത്തെറിച്ച് യാത്രക്കാര്‍ മുഴുവന്‍ കൊല്ലപ്പെട്ടു. ക്യാബിന് ഉള്ളിലെ മര്‍ദം കൂടിയതായിരുന്നു കാരണം.

1958ല്‍ അമേരിക്കന്‍ കമ്പനിയുടെ ബോയിംഗ് -707 നാല് എന്‍ജിനുകള്‍ ഘടിപ്പിച്ച യാത്രാവിമാനം അമേരിക്കക്കും യൂറോപ്പിനുമിടയില്‍ യാത്ര ആരംഭിച്ചു. ജംബോ ജെറ്റ് എന്നറിയപ്പെടുന്ന വലിയ ജെറ്റ് വിമാനം ബോയിംഗ്- 747 പുറത്തിറങ്ങിയത് 1970ലാണ്. ഇതിന് 500 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും.

 

 

Latest