Connect with us

army helicopter crashes

ധീര സൈനികന്‍ പ്രദീപിന്റെ മൃതദേഹം ജന്‍മനാട്ടിലെത്തിച്ചു

വൈകീട്ട് അഞ്ചരയോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

Published

|

Last Updated

തൃശൂര്‍ | ഊട്ടിയിലെ കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപിന്റെ മൃതദേഹം ജന്‍മനാട്ടിലെത്തിച്ചു. അദ്ദേഹം പഠിച്ച തൃശൂര്‍ പൊന്നൂക്കരയിലെ പുത്തൂര്‍ സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് മൃതദേഹം ആദ്യം കൊണ്ടുവന്നത്. സ്‌കൂളില്‍ ഒരു മണിക്കൂറോളം മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് വൈകീട്ട് അഞ്ചരയോടെ പൊന്നൂക്കരയിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെ സംസ്‌കാരം നടക്കും.

കേന്ദ്രമന്ത്രി വി മുരളീധരന്‍, മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി, കെ രാജന്‍ തുടങ്ങിയവര്‍ സ്‌കൂളിലെത്തി പുഷ്പചക്രം അര്‍പ്പിച്ചു. പൊതുജനങ്ങള്‍ക്കും സഹപാഠികള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ധീരസൈനികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് സ്‌കൂളിലേക്ക് എത്തുന്നത്. സംസ്‌കാരത്തിന് രണ്ട് മണിക്കൂര്‍ മുന്‍പ് 70 അംഗ സൈനികര്‍ പ്രദീപിന്റെ വീട്ടിലെത്തും.

വാളയാർ അതിര്‍ത്തിയില്‍ സംസ്ഥാന മന്ത്രിമാര്‍ അടങ്ങുന്ന സംഘമാണ് മൃതദേഹം ഏറ്റുവാങ്ങിയത്. വ്യോമതാവളമായ സുലൂരില്‍ നിന്ന് വിലാപയാത്രയായി ആംബുലന്‍സിലാണ് മൃതദേഹം വാളയാര്‍ അതിര്‍ത്തിയിലെത്തിച്ചത്. 12.30 ഓടെ വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ രാജന്‍, കൃഷ്ണന്‍കുട്ടി എന്നിവര്‍ ഏറ്റുവാങ്ങി. വന്‍ജനാവലി തന്നെ ഇവിടെ തടിച്ച്കൂടിയിരുന്നു.

തുടര്‍ന്ന് വിലാപയാത്രയായി ജന്‍മനാട്ടിലേക്ക് തിരിക്കുകയായിരുന്നു. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ട ഹെലികോപ്ടര്‍ ദുരന്തത്തിലാണ് പ്രദീപിനും വീരമൃത്യു സംഭവിച്ചത്. ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണര്‍ ആയിരുന്നു പ്രദീപ്.

 

Latest