Connect with us

Prathivaram

സൗമ്യതയുടെ സൗന്ദര്യം

ഇറാഖ് യാത്രക്കിടെ മറ്റൊരു പ്രാവശ്യം കൂടി ഹള്റതുൽ ഖാദിരിയ്യ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. മദാഇനിൽ നിന്ന് മടങ്ങവെ, വെള്ളിയാഴ്ച രാവിലായിരുന്നു അത്. ഒരു മണിക്കൂറോളം സമയം അവിടെ ചെലവഴിക്കാൻ സാധിച്ചു. അതിനിടെ യാദൃച്ഛികമായാണ് ശൈഖ് ജീലാനി തങ്ങളുടെ പൗത്രനും ആഗോള പ്രശസ്ത പണ്ഡിതനുമായ സയ്യിദ് അഫീഫുദ്ദീൻ ജീലാനിയെ കണ്ടുമുട്ടിയത്.

Published

|

Last Updated

പുഞ്ചിരി, അതൊരു സന്തോഷമാണ്. എല്ലാ ആധികളെയും മായ്ച്ചു കളയുന്ന സന്തോഷം. ചിലരെ കണ്ടാൽ പുഞ്ചിരി അവർക്ക് ജന്മനാ ലഭിച്ച സിദ്ധിയാണെന്ന് തോന്നും. എപ്പോഴും മന്ദസ്മിതം തൂകി നടക്കുന്നവർ. ഗൗരവത്തോടെ പറഞ്ഞാലേ കാര്യങ്ങൾ നടക്കൂ എന്നാണ് നമ്മുടെ വെപ്പ്. എന്നാലവ വളരെ ലളിതമായി പറഞ്ഞു ഫലിപ്പിക്കുന്നവരുണ്ട്. ദേഷ്യം എന്താണെന്ന് അവർക്ക് അറിയുകയേയില്ല.

ശൈഖ് ജീലാനി തങ്ങളുടെ ചാരത്ത് നിൽക്കുമ്പോൾ ഇത്രയും ചിന്തിക്കാൻ കാരണമുണ്ട്. രാവിലെയാണ് ഇവിടെ എത്തിയതെന്ന് പറഞ്ഞിരുന്നല്ലോ. അകത്തേക്ക് കയറുമ്പോൾ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. അൽപ്പം കഴിഞ്ഞപ്പോൾ സന്ദർശകരുടെ എണ്ണം വർധിച്ചു. എല്ലാവർക്കും ഒരുപോലെ സൗകര്യം ഒരുക്കേണ്ടത് മഖ്ബറ സംരംക്ഷകന്റെ ചുമതലയാണ്. അതിന് അദ്ദേഹം അനുവർത്തിച്ച രീതിയാണ് ഏറെ ആകർഷിച്ചത്.

അഖീ, അത്ത്വരീഖ് (സഹോദരാ, വഴിയിൽ നിൽക്കരുതേ) എന്ന് പറഞ്ഞ് തോളിൽ തട്ടുന്നു. സൗമ്യതയാർന്ന വാക്കുകൾ. പുഞ്ചിരിക്കുന്ന പൂമുഖം. വയസ്സ് അറുപത് കഴിഞ്ഞു കാണും. തിരക്കെത്ര കൂടുമ്പോഴും ആ മുഖത്ത് ഭാവപ്പകർച്ചകളില്ല. ഒരു തവണ സൂചിപ്പിച്ചവരോട് രണ്ടാമത് ആവശ്യപ്പെടുമ്പോഴും ഒരേ ശൈലി. എത്ര സുന്ദരമായാണ് അദ്ദേഹം മഖ്ബറക്കരികിലെ തിരക്ക് നിയന്ത്രിക്കുന്നത്?!.

സമയം അതിക്രമിച്ചിട്ടുണ്ട്. എത്തിയിട്ട് രണ്ട് മണിക്കൂറിലധികമായി. അടുത്ത സന്ദർശന കേന്ദ്രത്തിലെത്തണം. നേരെ ഞങ്ങൾ ഹള്റതുൽ ഖാദിരിയ്യയുടെ മധ്യഭാഗത്തേക്ക് നടന്നു. അവിടെയാണ് ശൈഖ് ജീലാനി തങ്ങളുടെ മക്കളായ ശൈഖ് അബ്ദുൽ ജബ്ബാർ, ശൈഖ് സ്വാലിഹ് എന്നിവരുടെ ഖബറുകളുള്ളത്. അദ്ദേഹത്തിന്റെ എല്ലാ മക്കളും സൂഫീ വഴിയിൽ സഞ്ചരിച്ചവരായിരുന്നു. അവരിൽ ശൈഖ് മൂസാ, ശൈഖ് ഈസാ എന്നിവർ ഈജിപ്തിലും ഡമസ്കസിലുമാണുള്ളത്. ശൈഖ് ഈസാ ജവാഹിറുൽ അസ്റാർ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്.

ഇറാഖ് യാത്രക്കിടെ മറ്റൊരു പ്രാവശ്യം കൂടി ഹള്റതുൽ ഖാദിരിയ്യ സന്ദർശിക്കാൻ ഭാഗ്യമുണ്ടായി. മദാഇനിൽ നിന്ന് മടങ്ങവെ, വെള്ളിയാഴ്ച രാവിലായിരുന്നു അത്. ഒരു മണിക്കൂറോളം സമയം അവിടെ ചെലവഴിക്കാൻ സാധിച്ചു. അതിനിടെ യാദൃച്ഛികമായാണ് ശൈഖ് ജീലാനി തങ്ങളുടെ പൗത്രനും ആഗോള പ്രശസ്ത പണ്ഡിതനുമായ സയ്യിദ് അഫീഫുദ്ദീൻ ജീലാനിയെ കണ്ടുമുട്ടിയത്. ഇശാ നിസ്കാരം നിർവഹിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. യാത്രക്കാരിൽ ചിലർ അദ്ദേഹത്തെ തിരിച്ചറിയുകയും മലബാറിൽ നിന്നാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. സുൽത്വാനുൽ ഉലമ ശൈഖ് അബൂബക്കർ അഹ്മദിനെ കുറിച്ചും ഇക്കാക്ക സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരിയെ കുറിച്ചും അവർ സംസാരത്തിനിടെ ആവേശത്തോടെ പങ്കുവെച്ചിരുന്നു. ലോകത്തിന്റെ ഏത് കോണിൽ ചെന്നാലും നമുക്ക് അഭിമാനത്തോടെ പറയാനുള്ള രണ്ട് പേരുകളാണല്ലോ ഇരുവരുടെതും. മർകസ് നോളജ് സിറ്റി സന്ദർശിച്ച് അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. ജാമിഉൽ ഫുതൂഹിൽ ഖുതുബ നിർവഹിക്കാനുള്ള എ പി ഉസ്താദിന്റെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു അത്.

സഹയാത്രികരിൽ നിന്ന് വിവരങ്ങളറിഞ്ഞ അദ്ദേഹം നേരെ മഖ്ബറക്കരികിലേക്ക് വന്നു. യാത്രക്കിടെ അഫീഫുദ്ദീൻ ജീലാനിയെ കാണണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതാണ്. അതിനുള്ള മാർഗങ്ങൾ പലരോടും സംസാരിച്ചിരുന്നതുമാണ്. എന്നാൽ ഇങ്ങനെയൊരു സമാഗമം അപ്രതീക്ഷിതമായിരുന്നു.

വെള്ളിയാഴ്ച രാവായതിനാൽ മഖ്ബറാ പരിസരം ജനനിബിഢമാണ്. ആമുഖ സംസാരങ്ങൾക്ക് ശേഷം അദ്ദേഹം ഞങ്ങൾക്ക് വേണ്ടി പ്രാർഥിച്ചു. ശൈഖ് ജീലാനി തങ്ങളുടെ ദർബാറിൽ വെച്ച് അവിടുത്തെ പേരക്കുട്ടിയുടെ നേതൃത്വത്തിലുള്ള പ്രാർഥനാ സംഗമം എന്തുകൊണ്ടും സവിശേഷമാണല്ലോ. ശേഷം മലബാർ യാത്രയുടെയും എ പി ഉസ്താദിനെ കണ്ടതിന്റെയും സന്തോഷങ്ങൾ പങ്കുവെച്ചു. ഇക്കാക്കയുടെ സുഖ വിവരങ്ങൾ അന്വേഷിച്ചു. വിവിധ ഇജാസത്തുകൾ നൽകി.

ജീലാനി തങ്ങളുടെ സവിധത്തിൽ ദീർഘനേരം നിൽക്കാൻ പറ്റില്ലെന്ന് ഡ്രൈവർ നേരത്തേ പറഞ്ഞിരുന്നതാണ്. ഗൾഫ് കപ്പ് ഫുട്ബോൾ ഫൈനൽ നടക്കുന്ന സമയമാണ്. ഇറാഖും ഒമാനും തമ്മിലാണ് മത്സരം. മത്സരത്തിൽ ഇറാഖ് ജയിച്ചാലും തോറ്റാലും നഗരത്തിൽ ട്രാഫിക് ജാമുണ്ടാകും.മുന്നറിയിപ്പുമായി ഡ്രൈവറും ഗൈഡും കാത്തുനിൽക്കുന്നു. ഞങ്ങൾ വേഗം പുറത്തിറങ്ങി, ബസിൽ കയറി.

നഗരം വിജനമാണ്. നിരത്തിൽ വാഹനങ്ങൾ നന്നേ കുറവ്. ചെറിയ ചെറിയ ഇടവേളകളിൽ വലിയ ആൾക്കൂട്ടങ്ങൾ. മുന്നിൽ ബിഗ് സ്ക്രീനുകൾ. ഇറാഖി ജനതയുടെ ഫുട്ബോൾ ഭ്രമത്തിന്റെ നേർക്കാഴ്ചകൾ. കഴിഞ്ഞ ദിവസത്തെ യാത്ര ഓർത്തു. പത്ത് കിലോമീറ്റർ കടക്കാൻ ഒരു മണിക്കൂറിലേറെ സമയമെടുത്തതാണ്. ഇതിപ്പോൾ പത്ത് മിനുട്ട് കൊണ്ടാണ് പത്ത് കിലോമീറ്റർ താണ്ടി ഹോട്ടലിൽ തിരികെയെത്തിയത്.

ഹോട്ടലിലും സമാന സാഹചര്യം. മിക്കയാളുകളും കളി കാണുന്നു. ഞങ്ങൾ റെസ്റ്റോറന്റിലേക്ക് നടന്നു. വിശപ്പടക്കണം. ചെന്നപ്പോൾ അവിടെയതാ രണ്ട് പയ്യന്മാർ കളി കാണുന്നു. മറ്റാരെയും ശ്രദ്ധിക്കുന്നില്ല. ശ്രദ്ധ പൂർണമായും ഫോണിലാണ്. മത്സരത്തിന്റെ അവസാന നിമിഷങ്ങളാണത്രെ. പെട്ടെന്നാണ് ഇരുവരും വിജയാരവം മുഴക്കിയത്. ഇറാഖ് ഒമാനെ തോൽപ്പിച്ചിരിക്കുന്നു. അതിന്റെ ആഘോഷമാണ്. പിന്നെ ഒട്ടും താമസിച്ചില്ല. അവരിൽ ഒരാൾ മുട്ടുകുത്തി സുജൂദ് ചെയ്തു. അതും റെസ്റ്റോറന്റിന്റെ പൊടിനിറഞ്ഞ വെറും തറയിൽ!.

സന്തോഷത്തിന്റെ നാൾ മാത്രമായിരുന്നില്ല ഇറാഖീ ജനതക്കത്. ദുഃഖത്തിന്റെതുമായിരുന്നു. ബസ്വറയിലായിരുന്നു അന്നത്തെ മത്സരം. സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതിലും അധികം ആളുകളാണ് അന്നവിടെ എത്തിയത്. അവരിൽ കുറെ പേർ ടിക്കറ്റ് എടുക്കാത്തവരാണ്. ഒടുവിൽ സീറ്റിനെ ചൊല്ലി ഉന്തും തള്ളുമായി. നാല് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു വീണു. അറുപതിലധികം പേർക്ക് പരിക്ക് പറ്റുകയും ചെയ്തു. കളി കാര്യമായ ഈ സംഭവം സമകാലിക ഇറാഖിന്റെ നേർചിത്രം കൂടിയാണ്.

Latest