Kerala
ശബരിമല തീര്‍ഥാടനത്തിന് ഇന്ന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി
കാലാവസ്ഥ അനുകൂലമായതോടെയാണ് നിയന്ത്രണം നീക്കിയത്
പത്തനംതിട്ട | ശബരിമലയില്‍ ഇന്ന് ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കി. ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും പമ്പാ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലുമാണ് തീര്‍ഥാടനത്തിന് നിരോധമേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെയാണ് നിയന്ത്രണം നീക്കിയത്. നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജലനിരപ്പ് കുറയുന്നതിനെ അടിസ്ഥാനമാക്കി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത എല്ലാ ഭക്തര്‍ക്കും പിന്നീട് ദര്‍ശനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ കലക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചിരുന്നു.
ശബരിമലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. നിലവില്‍ ഡാമിലെ ജലനിരപ്പ് 983. 95 മീറ്റര്‍ ആണ്. 986.33 മീറ്ററാണ് ഡാമിലെ പരമാവധി സംഭരണ ശേഷി.


