Cover Story
മലബാറിന്റെ മുഖം മിനുക്കിയ കൃത്രിമപ്പുഴ
അവർ ഒരു ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. വർഷങ്ങൾ കടന്നുപോയി. ആ കുഴിയെടുത്ത ജലപാതക്ക് ഒരു പേര് വന്നു "കനോലി കനാൽ'. മലബാറിന്റെ പുഴകളും പാടങ്ങളും തോടും താഴ്ന്ന പ്രദേശങ്ങളും ബന്ധിപ്പിച്ച ജലപഥം, ഇന്നും ജീവിതത്തിന്റെ ഒഴുക്കിൽ തുടിക്കുന്നു. മണ്ണിനെയും മനുഷ്യനെയും തമ്മിൽ ചേർത്ത ഒരു "മനുഷ്യ നിർമിത നദി'!
നട്ടുച്ചയിലെ കനത്ത ചൂടിലും പുഴയോരങ്ങളിൽ കലപില ശബ്ദം. കരകളിൽ നൂറുകണക്കിന് തൊഴിലാളികൾ ഉറുമ്പ് കൂട്ടംപോലെ സജീവമായി ചലിക്കുന്നു. കൈക്കോട്ടും കമ്പിയും മാത്രം ആയുധമാക്കി അവർ മണ്ണും ചളിയും കോരിയെടുക്കുകയാണ്. മണ്ണ് നിറച്ച കുട്ടകൾ മാടുകൾ വലിച്ചു പുറത്തെത്തിക്കുമ്പോൾ പൊങ്ങുന്ന പൊടിക്കാറ്റിൽ കുതിരകളുടെ കുളമ്പടി ശബ്ദം കേൾക്കാം. കാളവണ്ടികൾ തലങ്ങും വിലങ്ങും ഓടുകയാണ്. ചൂടിൽ കറുത്തു ചുളിഞ്ഞ നെറ്റിയിൽ നിന്നും വിയർപ്പു തുള്ളികൾ പൊടിഞ്ഞു വീഴുമ്പോഴും ആ തൊഴിലാളികൾ പിൻതിരിയുന്നില്ല. തങ്ങളുടെ മുതലാളി പറഞ്ഞ പണി കൃത്യമായി ചെയ്യണം എന്നതിലുപരി അവർക്കറിയില്ല അവർ ഒരു ചരിത്രത്തിന്റെ ഭാഗമാകുകയാണെന്ന്.
വർഷങ്ങൾ കടന്നുപോയി. ആ കുഴിയെടുത്ത ജലപാതക്ക് ഒരു പേര് വന്നു. “കനോലി കനാൽ’. മലബാറിന്റെ പുഴകളും പാടങ്ങളും തോടും താഴ്ന്ന പ്രദേശങ്ങളും ബന്ധിപ്പിച്ച ജലപഥം. ഇന്നും ജീവിതത്തിന്റെ ഒഴുക്കിൽ തുടിക്കുന്നു. മണ്ണിനെയും മനുഷ്യനെയും തമ്മിൽ ചേർത്ത ഒരു “മനുഷ്യ നിർമിത നദി’!
തേക്ക് മരങ്ങളുടെ പാത
പനാമയെയും (1881- 1914) സൂയസിനെയും (1859-1869)പോലെ ലോകത്ത് വലിയ കനാലുകളുടെ സ്വപ്നം പിറക്കുന്നതിനും എത്രയോ മുമ്പാണിത്. യന്ത്രങ്ങൾ കണ്ടെത്തുന്നതിനും ഏറെകാലം മുമ്പ്. കൃത്യമായി പറഞ്ഞാൽ 1845 നും 1850നും മധ്യേ. മലബാറിലെ മനുഷ്യർ കൈകൊണ്ട് പണിയെടുത്ത് ഒരു പുഴ സൃഷ്ടിക്കാൻ ഒരു കാരണമുണ്ട്. 1840ൽ നിലമ്പൂരിൽ മനുഷ്യനിർമിതമായ തേക്ക് തോട്ടം സൃഷ്ടിച്ചു. അന്നത്തെ മലബാർ കലക്ടർ വില്യം എച്ച് വി കനോലി (1806- 1855) തന്നെയായിരുന്നു അതിന്റെ സൂത്രധാരൻ. ശരിക്കും ഇതൊരു ദേശത്തിന്റെ മാത്രം ആവശ്യമായിരുന്നില്ല. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അന്താരാഷ്ട്ര കച്ചവട തന്ത്രങ്ങളുടെ ഭാഗമായിരുന്നു. കടലുകൾ കീറിപ്പായുന്ന കപ്പലുകൾ നിർമിക്കാനായി വികസിപ്പിച്ച ഗുജറാത്തിലെ തീരങ്ങളിൽ ഈടുറ്റ തേക്ക് തടി ആവശ്യമായിരുന്നു. മലബാറിലെ നിലമ്പൂർ കാടുകളിലെ മണ്ണിന്റെ ഗുണം തേക്ക് തടിക്ക് യോജിച്ചതാണെന്ന് കണ്ടെത്തിയ കനോലി അവിടെയൊരു കൃത്രിമ തേക്ക് തോട്ടം സ്ഥാപിച്ചു.
ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ തേക്ക് പ്ലാന്റ്. നിലമ്പൂരിൽ നിന്നും മരങ്ങൾ തെരപ്പം എന്ന ചങ്ങാടങ്ങൾ കെട്ടി ചാലിയാറിലൂടെ അറബിക്കടലിന്റെ അഴിമുഖത്തെത്തിക്കണം. ചാലിയാർ അറബിക്കടലിലേക്ക് പതിക്കുന്ന ബേപ്പൂർ അഴിമുഖത്ത് മരവ്യാപാരത്തിന്റെ അസൗകര്യങ്ങൾ മൂലമാകാം പുതിയൊരു വ്യാപാര കേന്ദ്രം വളർന്നു. കല്ലായി ലോക മരവ്യാപാരത്തിന്റെ കേന്ദ്രമായി. ചാലിയാറിൽ നിന്നും അവിടേക്ക് മരങ്ങൾ കൊണ്ടുപോകാൻ കടൽവഴിയല്ലാത്ത പുതിയൊരു ജലപാത ആവശ്യമായിരുന്നു. അങ്ങനെയാണ് കനോലി സായിപ്പിന്റെ തലയിൽ പുതിയൊരു ആശയം പിറന്നത്. ചാലിയാർ പുഴയെ കല്ലായി പുഴയുമായി (മാമ്പുഴ) ബന്ധിപ്പിക്കാവുന്ന ഒരു ചെറു സ്വപ്നം മാത്രമായിരുന്നു അത്. മെലിഞ്ഞു വളഞ്ഞു പുളഞ്ഞൊഴുകുന്ന ആ ചെറു കൃത്രിമപ്പുഴയെ നാട്ടുകാർ “കീറുപുഴ’ എന്ന് വിളിച്ചു പോന്നു (ബി – കെ കനാൽ 9.3 കി.മീ)

പക്ഷേ, പെട്ടെന്ന് ആ ആശയം വളർന്നു. ഒരു പുതിയ ദിശ ലഭിച്ചു. കല്ലായി പുഴയിൽ നിന്നും എലത്തൂർ പുഴ വരെ നിരവധി ജലാശയങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ആധുനിക കോഴിക്കോട് നഗരത്തിന്റെ ഹൃദയം കീറിമുറിച്ചു പുതിയൊരു ജലപാത. (ഇ-കെ കനാൽ 11.2 കി. മീ.). മനുഷ്യരുടെ കൈയും വിയർപ്പും ചേർന്ന ആർട്ടിഫിഷ്യൽ പുഴ. അത്ഭുതകരമായ നിർമിതി!
സവാരികൾ തകൃതിയായി. ചരക്കുകളും മരങ്ങളും പുതിയ പാതയിലൂടെ ഒഴുകി. വ്യാപാരം വളർന്നു. മലബാറിന്റെ മുഖം മാറി. പുഴകളിലെ പാട്ട് അന്ന് മുതൽ മനുഷ്യന്റെ മുന്നേറ്റത്തിന്റെ സംഗീതമായി മാറി.
ആധുനിക നഗരം രൂപംകൊള്ളുന്നു
എലത്തൂർ പുഴയിൽ നിന്നും ചാലിയാറിലേക്ക് ഒരു പുതിയ പുഴ രൂപപ്പെട്ടതോടെ കോഴിക്കോടിന്റെ മുഖം മിനുങ്ങി. വയനാടൻ മാമലകളിൽ നിന്നും മറ്റും രണ്ട് പുഴകളിലുടെ എത്തുന്ന മലഞ്ചരക്കുകൾ പുതിയൊരു നഗരം തേടിയെത്തി. അതോടെ കോഴിക്കോട് നഗരം ലോകത്തിലെ ശ്രദ്ധേയമായ നഗരങ്ങളിലൊന്നായി തിളങ്ങി. കല്ലായി ലക്ഷ്യമായി മരങ്ങൾ മാത്രമല്ല, മലഞ്ചരക്കുമായി നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വഞ്ചികൾ ഒഴുകിവന്നു. അവർ തിരിച്ചുപോകുമ്പോൾ അരി, പഞ്ചസാര തുടങ്ങിയ പലചരക്കുകൾ നിറച്ചു ഗ്രാമങ്ങളിലേക്ക് തുഴഞ്ഞു. കോഴിക്കോട് മലബാറിന്റെ വ്യാപാരത്തിന്റെ തലസ്ഥാനമായി വളർന്നു. അത്രയും കാലം പ്രതാപം നിറഞ്ഞ ചാലിയം, ബേപ്പൂർ, പന്തലായനി(കൊല്ലം) തുടങ്ങിയ തീരങ്ങളെക്കാൾ ആധുനിക കോഴിക്കോട് ലോകഭൂപടത്തിൽ സ്ഥാനം പിടിച്ചു.
അത്ഭുതകരമായ സങ്കേതിക വിദ്യ
സവാരി, ചരക്കുനീക്കം, നയതന്ത്രം എന്നതിലുപരി എലത്തൂർ കല്ലായി ജലപാതക്ക് മറ്റൊരു ലക്ഷ്യം കൂടിയുണ്ടായിരുന്നു. മഴക്കാലത്ത് കോഴിക്കോട് നഗരത്തെ പ്രളയത്തിൽ നിന്നും സംരക്ഷിക്കുക. ഭൂമിശാസ്ത്രപരമായി അതിനു പാകപ്പെട്ട ഇടത്തിലൂടെയാണ് കനാൽ രൂപകൽപ്പന ചെയ്തത്. 170 ഓവുചാലുകൾ കോഴിക്കോട് നഗരത്തിൽ നിന്നും കനാലിലേക്ക് പതിക്കുന്നുണ്ട്. അതിനേക്കാൾ ആശ്ചര്യപ്പെടുന്നതാണ് വേലിയേറ്റ പ്രതിഭാസം.
എലത്തൂർ പുഴയിൽ വേലിയേറ്റമുണ്ടാകുമ്പോൾ കനോലി കനാലുകളിലൂടെ തെക്കോട്ട് ജലപ്രവാഹമുണ്ടാകും. വേലിയിറക്കത്തിൽ ആ ജലം തിരിച്ചൊഴുകുകയും ചെയ്യും. അതേ പോലെ തന്നെ കനാലിന്റെ തെക്കേ ഭാഗത്ത് കല്ലായി പുഴയിൽ വേലിയേറ്റമുണ്ടാകുമ്പോൾ വടക്കോട്ട് ജലപ്രവാഹമുണ്ടാകും. പിന്നീട് തിരിച്ചൊഴുകുകയും ചെയ്യും. ഇരു ദിശകളിൽ നിന്നും ഒഴുകുന്ന ജലം ഇന്നത്തെ കോഴിക്കോട് നഗരത്തിലെ സരോവരം ബയോപാർക്ക് വരെയെത്തും. അവിടെയാണ് ഈ കൃത്രിമ പ്രതിഭാസത്തിന്റെ സീറോ പോയിന്റ്. ഈ പ്രഭാവത്തിലൂടെ കനാൽ എന്നും ശുദ്ധമായിരിക്കും. ഇത് ഇന്നും തുടരുന്നതുകൊണ്ടാണ് കോഴിക്കോട് നഗരത്തിന്റെ ജീവശ്വാസം നിലനിൽക്കുന്നത്.

1844ൽ ആസൂത്രണം ആരംഭിച്ച പദ്ധതിയുടെ കരടുരേഖ 1845ൽ തന്നെ കനോലി മദിരാശി സർക്കാറിനു സമർപ്പിച്ചിരുന്നു. 1846ൽ അംഗീകാരം കിട്ടിയതോടെ തകൃതിയായി പണിയാരംഭിച്ചു. ആറ് മീറ്റർ മുതൽ 20 മീറ്റർ വരെ (20 – 65 അടി) വ്യാസപ്പെടുന്ന വിധത്തിലാണ് ഈ കനാൽ. മഴക്കാലത്ത് 0.5 മീറ്റർ മുതൽ രണ്ട് മീറ്റർ വരെ ജലത്തിന്റെ ആഴം കണക്കാക്കുന്നു. 1848ൽ തന്നെ ഒന്നാം ഘട്ടം പൂർത്തിയാകും മുമ്പേ രണ്ടാം ഘട്ടത്തിന്റെ പണി തുടങ്ങിയിരുന്നു.
രണ്ടാംഘട്ടം നേരിട്ട വെല്ലുവിളികൾ
എലത്തൂർ പുഴ മുതൽ ചാലിയാർ വരെയുള്ള ഒന്നാംഘട്ടം പൂർത്തിയാകും മുമ്പേ, മലബാറിന്റെ തെക്കേ അറ്റമായ കൊടുങ്ങല്ലൂർ വരെ നീട്ടാനുള്ള ആലോചനകൾ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് അധികാരത്തിനു കീഴിലായിരുന്നു ഫോർട്ട് കൊച്ചിയിലേക്കുള്ള ഒരു ജലപാതയെന്നത് കേവലം വ്യാപാരതന്ത്രം മാത്രമായിരുന്നില്ല. അതൊരു നയതന്ത്രപരമായ നീക്കം കൂടിയായിരുന്നു.
പൊന്നാനി, ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി കൊടുങ്ങല്ലൂർ വരെ നീളുന്ന രണ്ടാം ഘട്ട നിർമാണം കനോലിക്ക് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മലബാറിലുടനീളം ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളും ചെറു കലാപങ്ങളും പൊട്ടിപ്പുറപ്പെട്ട കാലമായിരുന്നു അത്. 1849ൽ വിദേശ പഠനം പൂർത്തിയാക്കി നാട്ടിൽ തിരിച്ചെത്തിയ മമ്പുറം സയ്യിദ് ഫസൽ പോരാളികളുടെ ആത്മീയ നേതാവായി മാറി. ബ്രിട്ടീഷ് സൈന്യവും മലബാറിലെ സാധാരണക്കാരും തമ്മിലുള്ള സംഘർഷങ്ങൾ പതിവായി. കലക്ടർ എച്ച് വി കനോലിയാകട്ടെ പോരാളികളോട് കടുത്ത നിലപാടാണ് സ്വീകരിച്ചുപോന്നത്. സ്വാഭാവികമായും ഈ സംഘർഷങ്ങൾ രണ്ടാംഘട്ടം കനാൽ നിർമാണത്തെ സാരമായി ബാധിച്ചു.
1852 ൽ സയ്യിദ് ഫസൽ നാടുകടത്തപ്പെട്ടതോടെ പ്രക്ഷോഭാഗ്നി ആളിക്കത്തി. ആ പ്രക്ഷോഭം 1855 ൽ കലക്ടർ എച്ച് വി കനോലിയുടെ കൊലപാതകത്തിൽ കലാശിച്ചു. അതോടെ കനാൽ നിർമാണ പ്രവൃത്തി താളംതെറ്റി. പൊന്നാനിയിൽ പണി നിർത്തിവെക്കാൻ എൻഡിനീയർ നിർദേശം നൽകി. എങ്കിലും കോഴിക്കോട് നിന്നും കൊടുങ്ങല്ലൂരിലേക്ക് ജലസഞ്ചാരം സാധ്യമാകും വിധം കനാൽ പൂർത്തിയായിരുന്നു. അസി. കലക്ടർ റോബിൻസണായിരുന്നു അതിന്റെ നേതൃത്വം. എന്നാൽ പരപ്പനങ്ങാടി, പൊന്നാനി വഴി കൊടുങ്ങല്ലൂരിലേക്കുള്ള ആ പാത മറ്റിടങ്ങളിലെ പോലെ മനോഹരമായിരുന്നില്ല.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന പകുതിയിലും ഇരുപതാം നൂറ്റാണ്ടിലും ഈ പാത കോഴിക്കോട് മുതൽ കൊച്ചിവരെയുള്ള ചരക്കുനീക്കത്തിന് സജീവമായി ഉപയോഗിച്ചു പോന്നിരുന്നു. അത് മലബാർ ജല വ്യാപരത്തിന്റെ സുവർണ കാലമായിരുന്നു. കോഴിക്കോട് മാത്രമല്ല ചാവക്കാട്, പൊന്നാനി തുടങ്ങിയ തീരനഗരങ്ങൾ തിളങ്ങി നിന്നത് അക്കാലത്താണ്.
പുതിയ സ്വപ്നങ്ങൾ
കനോലി കനാലിനെ ചുറ്റിപ്പറ്റിയുള്ള ടൂറിസം വികസന സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്നത് കനോലി സിറ്റി എന്ന സ്വപ്നപദ്ധതിയായി രൂപം പ്രാപിച്ചുവരുന്നു. പദ്ധതി പൂർത്തിയാവുന്നതോടെ മധ്യ കേരളവും കോഴിക്കോടും തമ്മിലുള്ള ഒരു ടൂറിസ്റ്റ് ജലപാത യാഥാർഥ്യമാകും. കനാലിന്റെ വീതി 14 മീറ്റർ വർധിപ്പിക്കുന്നതിനായി 10 ഏക്കർ ഭൂമി ഏറ്റെടുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതാണ് തിരിച്ചു വരുന്ന സുവർണ സ്വപ്നങ്ങൾ.
പുതിയ സ്വപ്നങ്ങൾ ചിറകു വിരിക്കുമ്പോഴും കനാലിന്റെ തീരങ്ങളിലൂടെ വാഹനങ്ങൾ കുതിച്ചു പായുമ്പോഴും, ഓർക്കണം. ആ കനാലിൽ ഒഴുകുന്നത് അന്നത്തെ മനുഷ്യരുടെ വിയർപ്പിന്റെ പ്രതിഫലനങ്ങളാണ്. മണ്ണിനെയും മനുഷ്യനെയും ചേർത്തിയ ഒരു കാലത്തിന്റെ ഓർമ!
.



