Connect with us

Kerala

മാറ്റം വേണമെങ്കില്‍ എന്‍സിപി കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ; ജില്ലാ നേതൃത്വത്തിന്റെ വിരമിക്കല്‍ ആവശ്യം തള്ളി എ കെ ശശീന്ദ്രന്‍

മത്സരിക്കണമോ വിരമിക്കണമോ എന്ന് പാര്‍ട്ടി നേതൃത്വം പറയട്ടെയെന്നും ശശീന്ദ്രന്‍

Published

|

Last Updated

കോഴിക്കോട്|നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഇപ്രാവശ്യം മാറിനില്‍ക്കണമെന്ന എന്‍സിപി കോഴിക്കോട് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം തള്ളി മന്ത്രി എ കെ ശശീന്ദ്രന്‍. എലത്തൂരില്‍ സംസ്ഥാന നേതാക്കളാണ് മത്സരിക്കാറുള്ളത്. മാറ്റം വേണമെങ്കില്‍ കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെയെന്നും എ കെ ശശീന്ദ്രന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യതയാണ് പ്രധാനം. മത്സരിക്കണമോ വിരമിക്കണമോ എന്ന് പാര്‍ട്ടി നേതൃത്വം പറയട്ടെയെന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രി എ കെ ശശീന്ദ്രന്‍ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന ആവശ്യവുമായി എന്‍സിപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍ മുക്കം മുഹമ്മദ് രംഗത്തെത്തിയിരുന്നു. നിരവധി തവണ എംഎല്‍എയും രണ്ട് പ്രാവശ്യം തുടര്‍ച്ചയായി മന്ത്രിയുമായ എ കെ ശശീന്ദ്രന് മാന്യമായ വിരമിക്കലിനുള്ള സമയമാണിതെന്ന് മുക്കം മുഹമ്മദ് പറഞ്ഞു. എ കെ ശശീന്ദ്രന്റെ രാജി ആവശ്യം ഉയര്‍ന്നപ്പോള്‍ പിന്തുണച്ചത് ഇത്തവണ മാറിനില്‍ക്കുമെന്ന ഉറപ്പിലാണ്. എലത്തൂരില്‍ പുതിയ സ്ഥാനാര്‍ത്ഥി വേണമെന്നും മുക്കം മുഹമ്മദ് വ്യക്തമാക്കി.

എ കെ ശശീന്ദ്രന്‍ പത്ത് വര്‍ഷക്കാലം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മന്ത്രിയായി. ഇനി അവിടെ മത്സരിക്കുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരും കരുതുന്നില്ല. പാര്‍ലമെന്ററി ജീവിതത്തില്‍ നിന്ന് ഇനി ആവശ്യമുള്ളത് മാന്യമായ ഒരു യാത്രയയപ്പാണെന്ന് മന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയാണ്. അദ്ദേഹത്തിന്റെ സഹകരണത്തോടെയും പിന്തുണയോടെയും കൂടി മറ്റൊരാളെ ജില്ലയില്‍ നിന്ന് മത്സരിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും മുക്കം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങും മുന്‍പേയാണ് എ കെ ശശീന്ദ്രന്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാട് വ്യക്തമാക്കി ജില്ലാ അധ്യക്ഷന്‍ രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ശശീന്ദ്രന്‍ ഇതിനോടകം ഏഴ് തവണ മത്സരിച്ചിട്ടുണ്ട്. ആറ് തവണ എംഎല്‍എയും രണ്ട് തവണ തുടര്‍ച്ചയായി മന്ത്രിയാകുകയും ചെയ്തു. അങ്ങനെയുള്ള ആള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കണമെന്ന ആവശ്യമാണ് എന്‍സിപി ജില്ലാ അധ്യക്ഷന്‍ വ്യക്തമാക്കിയിരിക്കുന്നത്.

 

---- facebook comment plugin here -----

Latest