Kerala
വി സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടി; യു ഡി എഫില്‍ അഭിപ്രായ ഭിന്നത
ഗവര്‍ണറുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. എന്നാല്‍, നടപടി അതിരുകടന്നു പോയെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം.

തിരുവനന്തപുരം | സര്‍വകലാശാലാ വി സിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നടപടിയില്‍ യു ഡി എഫില്‍ അഭിപ്രായ ഭിന്നത. ഗവര്‍ണറുടെ നിലപാടിനെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്വാഗതം ചെയ്തു. എന്നാല്‍, നടപടി അതിരുകടന്നു പോയെന്നാണ് മുസ്ലിം ലീഗിന്റെ പ്രതികരണം.
സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങള്‍ക്ക് കൂട്ടുനിന്നുവെന്ന തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. എന്നാല്‍, എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലാ വി സിയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിന്റെ പേരില്‍ മറ്റ് ഒമ്പത് വി സിമാരോടും രാജി ആവശ്യപ്പെട്ടത് അതിരുകടന്നതാണെന്ന് മുസ്ലിം ലീഗ് നേതൃത്വം പ്രതികരിച്ചു. ഗവര്‍ണറുടെ നിലപാടില്‍
വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നും ലീഗ് അഭിപ്രായപ്പെട്ടു.
ലീഗിന്റെ നിലപാട് അറിയില്ലെന്നും ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം തേടിയതായും സതീശന്‍ പറഞ്ഞു.