Kerala
പൂനെ ഫലവും പോസിറ്റീവ്; മലപ്പുറത്തെ പതിനാലുകാരന് നിപ്പ സ്ഥിരീകരിച്ചു
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കണ്‍ട്രോള്‍ സെല്‍ തുറക്കും.

തിരുവനന്തപുരം | കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം ജില്ലക്കാരനായ പതിനാലുകാരന് നിപ്പ സ്ഥിരീകരിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാമ്പിള്‍ പരിശോധനാ ഫലം പോസിറ്റിവാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. നേരത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കുട്ടിക്ക് നിപ്പ സ്ഥിരീകരിച്ചിരുന്നു. പൂനെ വൈറോളജി ലാബിലെ ഫലത്തിനായി കാത്തിരിക്കുകയായിരുന്നു. നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ ചികിത്സക്കായി കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു ഉടന്‍ മാറ്റും.
മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ് ചികിത്സയില്‍ കഴിയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന കുട്ടിയുടെ നില ഗുരുതരമാണ്. പാണ്ടിക്കാടാണ് രോഗത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്തിന്റെ മൂന്നുകിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടിക ശാസ്ത്രീയമായി തയ്യാറാക്കുമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. കണ്‍ട്രോള്‍ സെല്‍ തുറക്കും. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 30 ഐസോലേഷന്‍ മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. കുട്ടിയുമായി ഇടപഴകിയ എല്ലാവരെയും നിരീക്ഷണത്തിലാക്കും. സമ്പര്‍ക്കത്തില്‍ വന്ന ഒരാള്‍ പനി ബാധിച്ച് ചികിത്സ തേടിയിട്ടുണ്ട്. ഇയാള്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.