Uae
അബൂദബിയിലെ സ്‌കൂളുകളിൽ പത്ത് ശിക്ഷകൾ നിരോധിച്ചു
11 അച്ചടക്ക നടപടികൾക്ക് അനുമതി

അബൂദബി|വിദ്യാർഥികളുടെ മോശം പെരുമാറ്റം കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ ചട്ടക്കൂട് അവതരിപ്പിച്ചുകൊണ്ട് അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) വിദ്യാർഥി പെരുമാറ്റ നയം പരിഷ്‌കരിച്ചു. സ്‌കൂളുകളിൽ നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഊന്നൽ നൽകിക്കൊണ്ടാണ് പുതിയ നയം. പരിഷ്‌കരിച്ച നയം വിദ്യാർഥികളുടെ പെരുമാറ്റദൂഷ്യം നാല് തലങ്ങളായി തിരിക്കും. 11 അച്ചടക്ക നടപടികൾക്ക് അനുമതി നൽകുകയും, 10 തരം ശിക്ഷകൾ നിരോധിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളുകളിലുടനീളം നീതിയും, സുരക്ഷിതത്വവും, ബഹുമാനവും ഉള്ള പഠനാന്തരീക്ഷം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അച്ചടക്ക നടപടി എടുക്കുന്നതിന് മുൻപ് മാർഗനിർദേശത്തിലൂടെയും പിന്തുണയിലൂടെയും നല്ല പെരുമാറ്റം പ്രോത്സാഹിപ്പിക്കാനാണ് പുതിയ നയം രൂപകൽപ്പന ചെയ്തിരിക്കുന്നത് എന്ന് അഡെക് വ്യക്തമാക്കി. മോശം പെരുമാറ്റത്തിന് പിന്നിലെ മൂലകാരണങ്ങൾ മനസിലാക്കാനും വിദ്യാർഥികൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സഹായിക്കാനും സ്‌കൂളുകളോട് ആവശ്യപ്പെടുകയും ചെയ്തു. പരിഷ്‌കരിച്ച നയം 40 തരം നിയമലംഘനങ്ങളെ നാല് തലങ്ങളായി തിരിക്കുന്നുണ്ട്. വൈകിയെത്തൽ, യൂനിഫോം പാലിക്കാത്തത്, ഗൃഹപാഠം പൂർത്തിയാക്കാത്തത്, ഡിജിറ്റൽ ഉപകരണങ്ങളുടെ ദുരുപയോഗം എന്നിവ ലെവൽ 1 (ചെറിയ കുറ്റകൃത്യങ്ങൾ)ൽ പെടും.
ലെവൽ 2ൽ മിതമായ കുറ്റകൃത്യങ്ങളാണുള്ളത്. സ്‌കൂൾ പ്രവർത്തനങ്ങൾ ഒഴിവാക്കൽ, വാക്കാലുള്ള ആക്രമണം, വസ്തുവകകൾക്ക് ചെറിയ കേടുപാടുകൾ വരുത്തൽ ഇതിൽ പെടും.
പ്രധാന കുറ്റകൃത്യങ്ങൾ ലെവൽ 3 ലാണ് ഉൾപ്പെടുത്തിയത്. ഭീഷണിപ്പെടുത്തൽ, അക്കാദമിക വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, ശാരീരിക ആക്രമണം ഇതിൽ പെടും.
ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അവസാന വിഭാഗത്തിൽ. ആയുധങ്ങൾ കൈവശം വെക്കൽ, സൈബർ കുറ്റകൃത്യങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം, തീവെപ്പ് പോലുള്ള ഗുരുതരമായ മോശം പെരുമാറ്റങ്ങൾ ലെവൽ 4ൽ പെടും.