International
ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; ഇസ്‌റാഈല്‍ സൈന്യം ഭാഗികമായി പിന്‍മാറി
അതേസമയം ബന്ദികള്‍ക്ക് പകരമായി ഇസ്‌റാഈല്‍ മോചിപ്പിക്കാനിരിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്ന് ഹമാസ്

ടെല്‍ അവീവ് | യുഎസ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഭാഗമായി ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതായി ഇസ്‌റാഈല്‍. കരാറിന്റെ ഭാഗമായി ഇസ്‌റാഈല്‍ സേന ഭാഗികമായി പിന്‍മാറിയതായും അധികൃതര്‍ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച 20 പോയിന്റ് സമാധാന പദ്ധതിയുടെ ഭാഗമാണ് പ്രാരംഭ സംഘര്‍ഷം ലഘൂകരിക്കല്‍. സമാധാന പ്രക്രിയയുടെ ആദ്യ ഘട്ടത്തിലെ നിബന്ധനകള്‍ ഇരു കക്ഷികളും അംഗീകരിച്ചു. ഹമാസ് തങ്ങളുടെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കേണ്ട 72 മണിക്കൂര്‍ കൗണ്ട്ഡൗണിന് തുടക്കമാകുകയും ചെയ്തു.
കരാറിലെ വ്യവസ്ഥകള്‍ പ്രകാരം, ഇസ്‌റാഈല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കും. ഇരു കൂട്ടരും ബന്ദികളായി പിടികൂടിയവരെ വിട്ടയക്കും. വെടിനിര്‍ത്തലിന്റെയും ബന്ദികളുടെ തിരിച്ചുവരവിന്റെയും വാര്‍ത്തകള്‍ മേഖലയിലുടനീളം പ്രതീക്ഷകളുയര്‍ത്തുന്നുണ്ട്.
അതേസമയം ബന്ദികള്‍ക്ക് പകരമായി ഇസ്‌റാഈല്‍ മോചിപ്പിക്കാനിരിക്കുന്ന ഫലസ്തീന്‍ തടവുകാരുടെ കാര്യത്തില്‍ അന്തിമ ധാരണയായിട്ടില്ലെന്ന് ഹമാസ് വ്യക്തമാക്കി.