National
ഏഷ്യ കപ്പില്‍ ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ; നഖ്‌വിയില്‍ നിന്നും വാങ്ങേണ്ടെന്ന് തീരുമാനം
മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും സൂര്യകുമാര്‍ യാദവ്

ദുബൈ | ഏഷ്യാ കപ്പില്‍ ജേതാക്കള്‍ക്കുള്ള ട്രോഫി ഏറ്റുവാങ്ങാതെ ടീം ഇന്ത്യ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യന്‍ ടീം വ്യക്തമാക്കി. നഖ്‌വി പാക് ആഭ്യന്തര മന്ത്രിയാണ്. അദ്ദേഹം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് കൂടിയാണ്. മുന്‍ ന്യൂസിലന്‍ഡ് കളിക്കാരനും ട്രോഫി സമ്മാനിക്കുന്ന ചടങ്ങിലെ അവതാരകനുമായ സൈമണ്‍ ഡൗള്‍ ടീം ഇന്ത്യയുടെ തീരുമാനം ലോകത്തെ അറിയിക്കുകയായിരുന്നു.
മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം നിരസിച്ചതോടെയാണ് ടീം വിട്ടു നിന്നത് എന്നാണ് റിപ്പോര്‍ട്ട്. ചടങ്ങില്‍ നിന്നും വിട്ടുനിന്ന നടപടി വിശദീകരിച്ച ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് യഥാര്‍ത്ഥ ട്രോഫി സഹതാരങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫും ആണെന്നമായിരുന്നു പ്രതികരിച്ചത്. മാച്ച് ഫീ ഇന്ത്യന്‍ സേനയ്ക്ക് നല്‍കുമെന്നും സൂര്യകുമാര്‍ യാദവ് വ്യക്തമാക്കി.
നേരത്തെ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനൊടുവില്‍ പാക് താരങ്ങളുമായി ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ താരങ്ങള്‍ വിസമ്മതിച്ചിരുന്നു.ഇതിനെതിരെ നഖ്‌വി ഐസിസിയില്‍ പരാതി നല്‍കിയിരുന്നു. കിരീടം നേടിയാല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യന്‍ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.