From the print
ഖുർആൻ പാരായണ രീതി പകർന്നു നൽകുന്നതിൽ മുഅല്ലിംകൾ ജാഗ്രത പാലിക്കണം: കാന്തപുരം
എസ് ജെ എം സമ്മേളനം സമാപിച്ചു

കോഴിക്കോട് | പാരമ്പര്യ ഖുർആൻ പാരായണ രീതി ഭാവി തലമുറക്ക് പകർന്നു നൽകുന്നതിൽ മുഅല്ലിംകൾ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ. സമസ്ത സെന്റിനറിയുടെ ഭാഗമായി സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംസ്ഥാനത്തെ 40 കേന്ദ്രങ്ങളിൽ നടത്തുന്ന ജില്ലാ മുഅല്ലിം സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മർകസ് നോളജ് സിറ്റിയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസ സംരക്ഷണം വളരെ പ്രധാനമാണെന്നും ശരീഅത്ത് വിട്ടുള്ള ത്വരീഖതുകൾ പിഴച്ചതാണെന്നും വ്യാജന്മാരുടെ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്നും കാന്തപുരം ഓർമപ്പെടുത്തി. ആധുനിക സൗകര്യങ്ങളോടെ ഖുർആൻ പാരായണ പരിശീലനത്തിനാവശ്യമായ സംവിധാനങ്ങൾ സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ മുഖേന നടന്നുവരുന്നുണ്ടെന്നും ഉസ്താദ്
പറഞ്ഞു.
എസ് ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. സുന്നി വിദ്യാഭ്യാസ ബോർഡിന്റെ ആവിർഭാവം മുതൽ സേവന നേതൃനിരയിലുള്ള കെ കെ അഹ്്മദ് കുട്ടി മുസ്്ലിയാർ, അബൂഹനീഫൽ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ് എന്നിവരെയും സ്ഥാപിത കാലം മുതൽ തുടർച്ചയായി അധ്യാപന സേവനത്തിലുള്ള 100 മുഅല്ലിംകളെയും സമ്മേളനം
ആദരിച്ചു.
സമസ്ത സെന്റിനറിയുടെ ഭാഗമായി എസ് ജെ എം മുഅല്ലിംകൾക്ക് നിർമിച്ചു നൽകുന്ന 100 വീടുകളിൽ ഒന്നാം ഘട്ടത്തിൽ പൂർത്തിയായ പത്ത് ഭവനങ്ങളുടെ താക്കോൽദാനവും രണ്ടാംഘട്ടത്തിന്റെ ഫോം വിതരോണാദ്ഘാടനവും നിത്യരോഗികളായ മുഅല്ലിംകൾക്കുള്ള ആശ്വാസം പദ്ധതിയുടെ ഉദ്ഘാടനവും സുൽത്വാനുൽ ഉലമയും സയ്യിദ് അലി ബാഫഖി തങ്ങളും ചേർന്ന് നിർവഹിച്ചു.
സമസ്തയുടെ ആദർശം സി മുഹമ്മദ് ഫൈസിയും സമസ്ത സാധ്യമാക്കിയ വിദ്യാഭ്യാസ വിപ്ലവം റഹ്്മത്തുല്ല സഖാഫി എളമരവും അവതരിപ്പിച്ചു.
അധ്യാപനം സേവനമാണ് എന്ന ശീർഷകത്തിൽ സുലൈമാൻ സഖാഫി കുഞ്ഞുകുളം പ്രബന്ധാവതരണം
നടത്തി.
സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, ഡോ. അബ്ദുൽ അസീസ് ഫൈസി, ഡോ. സയ്യിദ് അബ്ദുസ്സ്വബൂർ ബാഹസൻ അവേലം, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഇ യഅ്ഖൂബ് ഫൈസി, ഹസൈനാർ നദ്്വി, മുഹമ്മദലി സഖാഫി വള്ളിയാട്, കെ ഉമർ മദനി പ്രസംഗിച്ചു. തെന്നല അബൂഹനീഫൽ ഫൈസി സ്വാഗതവും മുനീർ സഅദി പൂലോട് നന്ദിയും പറഞ്ഞു.