Connect with us

National

രാഹുല്‍ ഗാന്ധിയെ ശിക്ഷിച്ച സൂറത്ത് മജിസ്‌ട്രേറ്റ് ഇനി അഡീഷണല്‍ സെഷന്‍സ് ജഡ്ജ്

ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയ 68 ജുഡീഷ്യല്‍ ഉദ്യോഗസ്ഥരില്‍ 40 പേരുടെ സ്ഥാനക്കയറ്റം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിക്കേസില്‍ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ച സൂറത്ത് മജിസ്‌ട്രേറ്റിന് സ്ഥാനക്കയറ്റം. സൂറത്ത് മജിസ്‌ട്രേറ്റ് എച്ച്.എച്ച് വര്‍മക്ക് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ആയാണ് സ്ഥാനക്കയറ്റം. ഒപ്പം ഗുജറാത്ത് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയ 68 ജുഡീഷ്യല്‍ ഉദ്യോഗസ്ഥരില്‍ 40 പേരുടെ സ്ഥാനക്കയറ്റം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി. 21 പേരുടെ സ്ഥാനക്കയറ്റം നിലനിര്‍ത്തുകയും അവരുടെ പോസ്റ്റിങ്ങില്‍ മാറ്റം വരുത്തുകയും ചെയ്തു. ബാക്കിയുള്ളവരുടെ സ്ഥാനക്കയറ്റം പഴയതു പോലെ തന്നെ നിലനിര്‍ത്തി.

ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സുപ്രീംകോടതി സ്റ്റേ ചെയ്തതിനെ തുടര്‍ന്നാണ് 40 പേരുടെ സ്ഥാനക്കയറ്റം റദ്ദാക്കിയത്. തിങ്കളാഴ്ച പുറപ്പെടുവിച്ച രണ്ടു നോട്ടീസുകളിലൂടെയാണ് 40 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം റദ്ദാക്കുകയും 21 പേരുടെ പോസ്റ്റിങ് മാറ്റുകയും ചെയ്തത്.

മെയ് 12നാണ് ജസ്റ്റിസ് എം.ആര്‍ ഷാ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ച് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്തത്. യോഗ്യതയും സീനിയോറിറ്റിയും ഒരുപോലെ പരിഗണിച്ചാകണം സ്ഥാനക്കയറ്റം എന്ന ഗുജറാത്ത് ജുഡീഷ്യല്‍ സര്‍വീസ് റൂള്‍ 2005 ന്റെ ലംഘനമാണ് കൂട്ട സ്ഥാനക്കയറ്റം എന്ന് കണ്ടാണ് സുപ്രീംകോടതിയുടെ നടപടി.

സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം സ്ഥാനക്കയറ്റ പട്ടിക പരിശോധിച്ച് യോഗ്യരായവര്‍ക്ക് സ്ഥാനക്കയറ്റം അനുവദിക്കുകയാണ് ഹൈകോടതി ചെയ്തത്. സ്ഥാനക്കയറ്റം സ്റ്റേ ചെയ്ത സുപ്രീംകോടതി വിധിക്കെതിരെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. അപ്പീല്‍ ജൂലൈയില്‍ കോടതി പരിഗണിക്കും.

 

 

 

---- facebook comment plugin here -----

Latest