Kerala
കേന്ദ്രത്തിന്റെ എതിര്‍പ്പ് തള്ളി; ശ്രീജ വിജയലക്ഷ്മിയെ ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീം കോടതി ശിപാര്‍ശ
കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തുന്നത് എതിര്‍ത്തിരുന്നു.
ന്യൂഡല്‍ഹി | കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിര്‍പ്പ് തള്ളി അഭിഭാഷക ശ്രീജ വിജയലക്ഷ്മിയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തു. കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തുന്നത് എതിര്‍ത്തിരുന്നു. ഇത് തള്ളിയാണ് സുപ്രീംകോടതി കൊളീജിയത്തിന്റെ തീരുമാനം. അതേ സമയം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നിയമമന്ത്രാലയമാണ്.
കേരള ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറാണ് ശ്രീജ വിജയലക്ഷ്മി. 2023 ഡിസംബര്‍ അഞ്ചിനാണ് ശ്രീജ വിജയലക്ഷ്മി ഉള്‍പ്പടെ ഏഴ് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താനുള്ള ശിപാര്‍ശ കേരള ഹൈക്കോടതി കേന്ദ്രത്തിന് കൈമാറിയത്. 2024 മാര്‍ച്ച് 12-ന് ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം ഇതില്‍ ശ്രീജ ഒഴികെ മറ്റ് ആറുപേരെയും ഹൈക്കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ശിപാര്‍ശ ചെയ്തിരുന്നു. ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തുന്നതിനെ കേന്ദ്ര ജസ്റ്റിസ് മന്ത്രാലയം എതിര്‍ത്തിരുന്നു.കേന്ദ്ര ജസ്റ്റിസ് മന്ത്രാലയത്തിന്റെ എതിര്‍പ്പ് പരിഗണിച്ച ഹൈക്കോടതി കൊളീജിയം ശ്രീജയെ ജഡ്ജിയായി ഉയര്‍ത്തണം എന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചു. ഇത് കണക്കിലെടുത്താണ് സുപ്രീം കോടതി കൊളീജിയം ശ്രീജയെ കേരള ഹൈക്കോടതി ജഡ്ജിയായി ഉയര്‍ത്തണമെന്ന ശുപാര്‍ശ കേന്ദ്രത്തിന് കൈമാറിയത്.