Kerala
കെട്ടിടത്തിന് മുകളിൽ നിന്ന് ചാടാൻ ശ്രമം; തൃശൂരില്‍ യുവാവിനെ വല വീശിപ്പിടിച്ചു
മൂന്ന് മണിക്കൂറിലേറെ നീണ്ട സാഹസിക നീക്കം

തൃശൂര്‍ | ഇരുനില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടാന്‍ ശ്രമിച്ച യുവാവിനെ വലയിട്ട് പിടികൂടി പോലീസും അഗ്നിശമനസേനാംഗങ്ങളും. മൂന്ന് മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് സാഹസികമായി പിടികൂടിയത്. തൃശൂര്‍ പട്ടാമ്പി സ്വദേശി റിന്‍ശാദാണ് കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടാൻ ശ്രമിച്ചത്. യുവാവിനെ വലയിട്ട് പിടികൂടി കെട്ടിയിട്ട് ബലപ്രയോഗത്തിലൂടെ താഴെയിറക്കുകയായിരുന്നു. വെളിയന്നൂര്‍ സ്വദേശി ഫൈസലിന്റെ ഉടമസ്ഥതയിലുള്ള തൃശൂർ കെ എസ് ആർ ടി സി സ്റ്റാൻഡിനടുത്ത ആൾത്താമസമുള്ള കെട്ടിടത്തില്‍ കയറിയായിരുന്നു അഭ്യാസ പ്രകടനം.
ഉച്ചക്ക് 11.30 ഓടെ കെട്ടിടത്തിന് മുകളില്‍ കയറി അസഭ്യം പറഞ്ഞ് ബഹളം വെച്ച യുവാവ് ചാടുമെന്ന് ഭീഷണി മുഴക്കി. പെയിൻ്റ് തലയിലൂടെ ഒഴിച്ച ശേഷമായിരുന്നു യുവാവിൻ്റെ പ്രകടനങ്ങൾ. പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ഇഷ്ടിക കഷ്ണങ്ങളും ഓടും താഴേക്കെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇഷ്ടികയേറില്‍ സമീപത്തെ കാറിന് കേടുപാടുപറ്റി. രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഉദ്യോഗസ്ഥർക്കും നിസ്സാര പരുക്കുകളേറ്റു.
അതിരുവിട്ട് നഗ്നതാ പ്രദര്‍ശനത്തിനും മുതിര്‍ന്നതോടെയാണ് വലയിടാന്‍ തീരുമാനിച്ചത്. ഉച്ചക്ക് 2.25ഓടെയാണ് വലയിട്ട് പിടികൂടിയത്. താഴെ വല വിരിച്ച് വീഴ്ത്താനുള്ള ആദ്യ ശ്രമം നടക്കാതായതോടെ മുകളില്‍ കയറി യുവാവിനെ വലയെറിഞ്ഞ് പിടികൂടുകയായിരുന്നു.
നാല് ദിവസം മുമ്പാണ് യുവാവ് വീട്ടില്‍ നിന്നിറങ്ങിയതെന്നാണ് വിവരം. മാനസികാസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.