Kerala
വിദ്യാര്‍ഥിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം | നെടുമങ്ങാട് വിദ്യാര്‍ഥിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ചപേരുമല സ്വദേശി സുല്‍ഫിക്കര്‍, അനിയന്‍ സുനീര്‍, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരാണ് അറസ്റ്റിലായത്. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച ബൊലേറോ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കന്‍ കടയില്‍ ജീവനക്കാരനായ അഴിക്കോട് സ്വദേശി അബ്ദുല്‍ മാലിക് (18)നെയാണ് ഇന്നലെ ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചത്.
ആളുമാറിയാണ് തന്നെ ബലമായി കാറില്‍ കയറ്റിക്കൊണ്ട് പോയി മര്‍ദിച്ചതെന്ന് അബ്ദുല്‍ മാലിക്ക് പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനുമുള്‍പ്പെടെ കേസെടുത്തിട്ടുണ്ട്.