Connect with us

editorial

തെരുവുനായ ആക്രമണം രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കും

വിദേശികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് മൂന്ന് കാര്യങ്ങളാണ്, ഹിന്ദുത്വ ഫാസിസ്റ്റുകളെയും ഞരമ്പ് രോഗികളെയും തെരുവുനായകളെയും. തെരുവുനായ ശല്യം മൂലം ഭീതിയോടെയാണ് ബീച്ചുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിദേശ സഞ്ചാരികള്‍ എത്തുന്നത്.

Published

|

Last Updated

ഇന്ത്യയിലെ തെരുവുനായ പ്രശ്‌നം പരിഹൃതമാകാതെ തുടരുകയാണ്. ദിനംപ്രതി നൂറുകണക്കിനു പേരാണ് തെരുവുനായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടി ആശുപത്രികളിലെത്തുന്നത്. പ്രതിവര്‍ഷം ഏകദേശം 2.5 കോടി പേര്‍ക്ക് കടിയേല്‍ക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തെ പേവിഷബാധ മരണങ്ങളില്‍ 95 ശതമാനവും നായയുടെ കടി മൂലമാണ് സംഭവിക്കുന്നത്. ഇന്ത്യയിലാണ് ലോകത്താകെയുള്ള പേവിഷബാധ മരണങ്ങളില്‍ പകുതിയും. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിക്രംനാഥ് അഭിപ്രായപ്പെട്ടതു പോലെ തുടര്‍ച്ചയായ തെരുവുനായ ആക്രമണം അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. ഈ വിഷയകമായി സുപ്രീം കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് വിക്രംനാഥിന്റെ പരാമര്‍ശം.

വിദേശികള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് മൂന്ന് കാര്യങ്ങളാണ്, ഹിന്ദുത്വ ഫാസിസ്റ്റുകളെയും ഞരമ്പ് രോഗികളെയും തെരുവുനായകളെയും. തെരുവുനായ ശല്യം മൂലം ഭീതിയോടെയാണ് ബീച്ചുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിദേശ സഞ്ചാരികള്‍ എത്തുന്നത്. രാത്രിയില്‍ തെരുവുകളിലൂടെ നടക്കുമ്പോള്‍ നായകള്‍ പിന്തുടരുന്നത് അവരില്‍ ഭീതിയുയര്‍ത്തുന്നു. കണ്ണൂര്‍ തോട്ടട ബീച്ചില്‍ ഒരു അമേരിക്കന്‍ വനിതക്ക് തെരുവുനായയുടെ കടിയേറ്റു. നിരവധി വിദേശ സഞ്ചാരികളാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഇന്ത്യക്കെതിരെ മോശം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്. യൂറോപ്യന്‍ യാത്രാ ബ്ലോഗുകളിലും ട്രിപ്പ് അഡൈ്വസര്‍ റിവ്യൂകളിലും തെരുവുനായ ശല്യത്തെ ചൂണ്ടി ഇന്ത്യയിലെ വിദേശ സഞ്ചാര സൗഹൃദത്തെ ചോദ്യം ചെയ്യുന്നു വിദേശികള്‍. ഇന്ത്യന്‍ ടൂറിസത്തിന്റെ പ്രതിച്ഛായയെയും വരുമാനത്തെയും ബാധിക്കുന്ന സാമൂഹിക, ആരോഗ്യ പ്രശ്‌നമായി മാറിയിരിക്കുകയാണ് തെരുവുനായ പ്രശ്‌നം. ഇതായിരിക്കണം ജസ്റ്റിസ് വിക്രംനാഥിന്റെ പരാമര്‍ശ പശ്ചാത്തലം.

രാജ്യത്ത് തെരുവുനായകളുടെ എണ്ണം സമീപകാലത്തായി അതിവേഗം വര്‍ധിച്ചു വരികയും തെരുവുനായ ആക്രമണം ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നമായി മാറുകയും ചെയ്തിട്ടുണ്ട്. 2019ലെ ലൈവ്‌സ്റ്റോക്ക് സെന്‍സസ് പ്രകാരം രാജ്യത്തെ തെരുവുനായകളുടെ എണ്ണം 1.5 കോടിയാണെങ്കിലും ഇപ്പോഴത് 6.2 കോടിയിലെത്തിയിട്ടുണ്ട്. മറ്റൊരു കണക്ക് പ്രകാരം 5.25 കോടിയാണ്. നായകളുടെ ഭീഷണമായ പെരുപ്പത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. കോടിക്കണക്കിനു പേര്‍ക്കാണ് ഓരോ വര്‍ഷവും നായകളുടെ കടിയേല്‍ക്കുന്നത്.

അതിദാരുണമായി മരണപ്പെടുന്നത് നിരവധി പേരാണ്. പൊതുയിടങ്ങള്‍ മാത്രമല്ല, വീടുകള്‍ പോലും സുരക്ഷിതമല്ലാതായിരിക്കുന്നു. വീടുകളില്‍ കടന്നു കയറി നായകള്‍ കടിച്ച് പരുക്കേല്‍പ്പിച്ച സംഭവങ്ങള്‍ സമീപ കാലത്ത് ധാരാളം റിപോര്‍ട്ട് ചെയ്യപ്പെട്ടു.

പ്രശ്‌ന പരിഹാരത്തിന് എ ബി സി പദ്ധതി (നായകളെ വന്ധ്യംകരിക്കുക), നായകളെ പിടികൂടി ആനിമല്‍ ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കുക, ആക്രമണ സ്വഭാവമുള്ള നായകളെ കൊല്ലുക തുടങ്ങിയ മാര്‍ഗങ്ങളാണ് മുമ്പിലുള്ളത്. ആദ്യകാലങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുമ്പോള്‍ ആക്രമണ സ്വഭാവമുള്ള നായകളെ കൊല്ലുകയായിരുന്നു പതിവ്. തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്ത് നടത്തുന്ന ഈ പദ്ധതി മൂലം പ്രശ്‌നം ഏറെക്കുറെ പരിഹൃതമാകുകയും ചെയ്തിരുന്നു. മൃഗസ്‌നേഹികളുടെ എതിര്‍പ്പ് മൂലം, പ്രത്യേകിച്ച് മോദി സര്‍ക്കാറില്‍ മേനകാഗാന്ധി മൃഗക്ഷേമ മന്ത്രിയായ ശേഷമാണ് ഈ പദ്ധതി നിലച്ചു പോയത്.

നിലവില്‍ കേന്ദ്ര നിയമമനുസരിച്ച് പേപ്പട്ടിയുള്‍പ്പെടെയുള്ള തെരുവുനായകളെ ഒരു സാഹചര്യത്തിലും കൊല്ലാന്‍ പാടില്ല. ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ റൂള്‍സ് (എ ബി സി) പ്രകാരം നായകളെ വന്ധ്യംകരിക്കാന്‍ മാത്രമേ അനുവാദമുള്ളൂ. സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ചൂണ്ടിക്കാട്ടിയതു പോലെ കേന്ദ്രത്തിന്റെ ഈ കര്‍ക്കശ നിലപാടാണ് പ്രശ്‌നപരിഹാരത്തിന് വിലങ്ങുതടി. വന്ധ്യംകരിക്കണമെങ്കില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഓപറേഷന്‍ തിയേറ്ററും സി സി ടി വി ക്യാമറയും റഫ്രിജറേറ്ററും ഉള്‍പ്പെടെ അത്യാധുനിക സജ്ജീകരണങ്ങളുള്ള എ ബി സി കേന്ദ്രം സ്ഥാപിക്കണം. ചുരുങ്ങിയത് 2,000 സര്‍ജറിയെങ്കിലും ചെയ്ത ഡോക്ടര്‍ മാത്രമേ വന്ധീകരിക്കാവൂ. തുടര്‍ന്ന് ആറ് ദിവസം ശുശ്രൂഷിച്ച് മുറിവുണങ്ങി എന്നുറപ്പാക്കിയ ശേഷം പിടിച്ചു കൊണ്ടുവന്ന അതേ പ്രദേശത്ത് തന്നെ നായയെ തിരിച്ചു കൊണ്ടിടണം. ഇത്രയും പ്രയാസപ്പെട്ട് എ ബി സി നടപ്പാക്കിയാല്‍ തന്നെ തെരുവുനായ ശല്യം പരിഹരിക്കപ്പെടുമോ? വന്ധ്യംകരിച്ച നായകള്‍ മനുഷ്യരെ കടിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യില്ലെന്ന് എന്താണുറപ്പ്? കേരള സര്‍ക്കാര്‍ നിര്‍ദേശിച്ചതു പോലെ പേപ്പട്ടികളെയും അക്രമകാരികളായ നായകളെയും കൊല്ലുകയാണ് പ്രശ്‌നത്തിന് പ്രായോഗിക പരിഹാരം. നായകളേക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന തിരിച്ചറിവ് കേന്ദ്ര സര്‍ക്കാറിനും മൃഗസ്‌നേഹികള്‍ക്കുമുണ്ടാകണം.

ദിനംപ്രതി മാധ്യമങ്ങളില്‍ വരുന്ന തെരുവുനായ ആക്രമണ വാര്‍ത്തകള്‍ ഭീതിജനകമാണ്. നായക്കൂട്ടങ്ങള്‍ ആളുകളെ അക്രമിച്ചുവീഴ്ത്തി കടിച്ചുകീറുന്ന ദൃശ്യങ്ങള്‍ മനസ്സാക്ഷിയെ നടുക്കുന്നു. എന്നിട്ടും ഭരണകൂടം മനുഷ്യ സുരക്ഷയേക്കാള്‍ മൃഗാവകാശ സംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്നത് എന്തുമാത്രം വിരോധാഭാസമാണ്! ഉത്തമ മനുഷ്യ ഗുണങ്ങളില്‍ പെട്ടതാണ് മൃഗങ്ങളോടുള്ള കരുണ. മൃഗസംരക്ഷണത്തിന് നിയമം വേണമെന്നതില്‍ രണ്ട് പക്ഷവുമില്ല.

അതുപക്ഷേ മനുഷ്യ ജീവിതത്തെ അപകടത്തിലാക്കുന്ന വിധത്തിലാകരുത്. ഒരു കുട്ടിയെ നായക്കൂട്ടങ്ങള്‍ കടിച്ചു കീറുമ്പോള്‍ രക്ഷിക്കാനായി നായകള്‍ക്ക് നേരെ ആയുധമെടുക്കുന്നത് തെറ്റായി കാണുന്നത് അര്‍ഥശൂന്യവും വിവരക്കേടുമാണ്. നായകളുടെ ക്രൂരമായ ആക്രമണങ്ങള്‍ക്ക് നേരെ കണ്ണടച്ച് മൃഗസ്‌നേഹത്തെക്കുറിച്ച് വാചാലമാകുന്നത് ശുദ്ധകാപട്യമാണ്. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വം സംസ്‌കാരത്തിന്റെ അടയാളമാണെങ്കിലും അത് മനുഷ്യ സുരക്ഷിതത്വത്തില്‍ അധിഷ്ഠിതമായിരിക്കണം. നായകള്‍ക്ക് ജീവിക്കാനുള്ള അവകാശത്തേക്കാള്‍ ഒട്ടും പ്രാധാന്യം കുറഞ്ഞതല്ല മനുഷ്യര്‍ക്ക് തെരുവുകളിലൂടെ സുരക്ഷിതമായി സഞ്ചരിക്കാനുള്ള അവകാശം.

Latest