Connect with us

india mandate

താരം...പൊടിപൂരം

ഓരോ വോട്ടും തങ്ങള്‍ക്കനുകൂലമാക്കാന്‍ അരയും തലയും മുറുക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍.

Published

|

Last Updated

കൊച്ചി | പൊതുയോഗങ്ങളും മുന്നണി സ്ഥാനാര്‍ഥികളുടെ പര്യടനവുമൊക്കെയായി നാടെങ്ങും പ്രചാരണം പൊടിപൊടിക്കുകയാണ്. പോളിംഗ് ബൂത്തിലേക്കുള്ള ദിനമടുക്കും തോറും വോട്ടര്‍മാരുമായുള്ള ബന്ധം കൂടുതല്‍ അടുപ്പിക്കുകയാണ് സ്ഥാനാര്‍ഥികള്‍. ഓരോ വോട്ടും തങ്ങള്‍ക്കനുകൂലമാക്കാന്‍ അരയും തലയും മുറുക്കിയുള്ള പ്രവര്‍ത്തനങ്ങളിലാണ് മുന്നണികള്‍.

പ്രചാരണത്തിനായി ഇക്കുറിയും ദേശീയ നേതാക്കളുടെ പട തന്നെ കേരളത്തിലുണ്ട്. കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ പ്രചാരണത്തിനായി സഹോദരിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വീണ്ടുമെത്തും. കടുത്ത മത്സരം നടക്കുന്ന തൃശൂര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ അവരിറങ്ങും. കോണ്‍ഗ്രസ്സ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിയും സംസ്ഥാനത്തെത്തിയേക്കും. താരപ്രചാരകര്‍ക്കായി യു ഡി എഫ് മണ്ഡലങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ രാഹുലും പ്രിയങ്കയും ഉള്‍പ്പെടെയുള്ള നേതാക്കളെ എത്തിക്കണമന്ന് നേരത്തേ ആവശ്യമുയര്‍ന്നിരുന്നു. മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗവുമായ എ കെ ആന്റണിയെയും മണ്ഡലത്തിലെത്തിക്കണമെന്ന് ആവശ്യമുണ്ട്.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കളും കേരളത്തില്‍ പ്രചാരണത്തിനെത്തിയിട്ടുണ്ട്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ അച്ചു ഉമ്മന്‍ എന്നിവരും യു ഡി എഫിനായി രംഗത്തുണ്ട്.

എല്‍ ഡി എഫിന്റെ പ്രധാന താരപ്രചാരകന്‍ ഇത്തവണയും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. സംസ്ഥാനത്തുടനീളം 60 യോഗങ്ങളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഏതാനും മണ്ഡലങ്ങളില്‍ മുഖ്യമന്ത്രിയുടെ പര്യടനം പൂര്‍ത്തിയായി. ഒരു മണ്ഡലത്തില്‍ മൂന്ന് വീതം റാലികളില്‍ അദ്ദേഹം പങ്കെടുക്കും. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട്, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ തുടങ്ങിയവരും പ്രചാരണത്തിനെത്തും.

കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തീവ്രപ്രവര്‍ത്തനത്തില്‍ മുന്‍നിര കേന്ദ്ര നേതാക്കളെയാണ് ബി ജെ പി ഇറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ വരും നാളുകളിലും കേരളത്തിലെത്തും. തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട് മണ്ഡലങ്ങളില്‍ മോദിയുടെ പരിപാടികളുണ്ടാകും. ഈ വര്‍ഷം അഞ്ച് തവണയാണ് മോദി കേരളത്തില്‍ വന്നത്. തൃശൂര്‍, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് എന്നിവിടങ്ങളിലായിരുന്നു പരിപാടികള്‍.

 

Latest