Connect with us

Kerala

മലപ്പുറം പോലീസില്‍ അഴിച്ചുപണി: എസ് പി ശശിധരന് സ്ഥലംമാറ്റം; ഡി വൈ എസ് പിമാരെയും മാറ്റി

പി വി അന്‍വര്‍ എം എല്‍ എ ഉള്‍പ്പെടെ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി.

Published

|

Last Updated

തിരുവനന്തപുരം |  പി വി അന്‍വര്‍ എം എല്‍ എ ഉയര്‍ത്തിയ വിവാദങ്ങള്‍ക്ക് പിന്നാലെ മലപ്പുറം പോലീസില്‍ വന്‍ അഴിച്ച് പണി നടത്തി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം പോലീസിനെ കുറിച്ച് വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി. മലപ്പുറം എസ് പി. എസ് ശശിധരനും ഡിവൈ. എസ് പിമാരും ഉള്‍പ്പെടെയുള്ള ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ മുഴുവന്‍ സബ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റമുണ്ട്. എസ് പി. എസ് ശശിധരനൊപ്പം ജില്ലയിലെ പ്രധാന തസ്തികകളിലുള്ള എട്ട് ഡി വൈ എസ് പിമാരെയും മാറ്റിയാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. എസ് എച്ച് ഒ തലത്തിലുള്ള ഉദ്യോഗസ്ഥരുടെ മാറ്റത്തിന്റെ ഉത്തരവ് സംസ്ഥാന പോലീസ് നേധാവി ഉടന്‍ പുറത്തിറക്കും. താനൂര്‍ കസ്റ്റഡി മരണത്തിലും വീട്ടമ്മയുടെ പീഡന പരാതിയിലും ഉള്‍പ്പെട്ട താനൂര്‍ ഡി വൈ എസ് പി. വി വി ബെന്നിയെ കോഴിക്കോട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.

മലപ്പുറം സ്പെഷ്യല്‍ ബ്രാഞ്ചിലെ പി അബ്ദുല്‍ ബഷീറിനെ തൃശൂര്‍ റൂറല്‍ ജില്ല സ്പെഷ്യല്‍ ബ്രാഞ്ചിലേക്ക് മാറ്റി. മലപ്പുറത്തെ എ പ്രേംജിത്തിനെ തൃശൂര്‍ എസ് എസ് ബിയിലേക്ക് മാറ്റി. പെരിന്തല്‍മണ്ണയിലെ സാജു കെ എബ്രഹാമിനെ കൊച്ചി സിറ്റി ട്രാഫിക്കിലേക്കാണ് മാറ്റിയത്. തിരൂരിലെ കെ എം ബിജുവിനെ ഗുരുവായൂരിലേക്കും കൊണ്ടോട്ടിയിലെ പി ഷിബുവിനെ തൃശൂര്‍ വിജിലന്‍സിലേക്കും മാറ്റി. നിലമ്പൂരിലെ പി കെ സന്തോഷ് ഇനി പാലക്കാട് ക്രൈംബ്രാഞ്ചിലാണ്. മലപ്പുറം എസ് എസ് ബിയിലെ മൂസ വള്ളിക്കാടനെ പാലക്കാട്ടേക്കും മാറ്റി. മലപ്പുറത്ത് നിയമനം ലഭിച്ച ഡി വൈ എസ് പിമാര്‍ കെ എം പ്രവീണ്‍കുമാര്‍-മലപ്പുറം ജില്ല സ്പെഷല്‍ ബ്രാഞ്ച്. ടി എസ് സിനോജ്-മലപ്പുറം. ടി കെ ഷൈജു-പെരിന്തല്‍മണ്ണ. ഇ ബാലകൃഷ്ണന്‍-തിരൂര്‍. കെ സി സേതു-കൊണ്ടോട്ടി. ജി ബാലചന്ദ്രന്‍-നിലമ്പൂര്‍. പയസ് ജോര്‍ജ്-താനൂര്‍. എം യു ബാലകൃഷ്ണന്‍-മലപ്പുറം എസ് എസ് ബി.
സംസ്ഥാന പോലീസിനെ പിടിച്ച് കുലുക്കിയ വിവാദങ്ങള്‍ക്ക് തുടക്കം മലപ്പുറം പോലീസില്‍ നിന്നായിരുന്നു. മലപ്പുറത്തെ പോലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന വേദിയില്‍ വെച്ച് നിലമ്പൂര്‍ എം എല്‍ എയായ പി വി അന്‍വര്‍ മലപ്പുറം എസ് പി ശശിധരനെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് വിവാദം മറ നീക്കി പുറത്തേക്ക് വരുന്നത്. പിന്നീട് ആക്ഷേപം മലപ്പുറം മുന്‍ എസ് പി സുജിത് ദാസിലേക്കും എ ഡി ജി പി അജിത് കുമാറിലേക്കും നീങ്ങി ഒടുവില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയിലേക്ക് വരെ എത്തി.
ഇതിന് പിന്നാലെയാണ് മലറപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ ലൈംഗിക ആരോപണവുമായി പരാതിക്കാരി രംഗത്ത് വരുന്നത്. തുടര്‍ച്ചയായ വിവാദങ്ങള്‍ക്കൊടുവിലാണ് മലപ്പുറം പോലീസില്‍ വന്‍ അഴിച്ച് പണി നടത്തിയത്. അതേസമയം എസ് പി എസ് ശശിധരനെ വിമര്‍ശിച്ചതിന് മാപ്പ് പറയില്ലെന്ന് പി വി അന്‍വര്‍ എം എല്‍ എ നേരത്തെ പറഞ്ഞിരുന്നു. എസ് പി എസ് ശശിധരന്‍ നമ്പര്‍വണ്‍ സാഡിസ്റ്റാണെന്നും ഇഗോയിസ്റ്റിക്കാണെന്നും കുറ്റപ്പെടുത്തിയ അന്‍വര്‍ മലപ്പുറം എസ് പി നല്ല ഓഫീസറല്ലെന്നും പൂജ്യം മാര്‍ക്കാണ് അദ്ദേഹത്തിന് ഇടാനുള്ളതെന്നും വിമര്‍ശിച്ചിരുന്നു.

 

 

Latest