Connect with us

wind mill electricity

സൗരോർജ വൈദ്യുതി പദ്ധതി കേരളത്തിന് തിരിച്ചടിയാകും

കാറ്റാടി വൈദ്യുതി ഉത്പാദനത്തിൽ വൻ സാധ്യത

Published

|

Last Updated

പാലക്കാട് | കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തെ സോളാർ വൈദ്യുതി ഉത്പാദനത്തിന് തിരിച്ചടിയാകുന്നു. ജല വൈദ്യുതി നിലയങ്ങൾ സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായ എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ അതിനെ മറികടക്കാൻ സൗരോർജത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്നതിനിടെയാണ് സംസ്ഥാനത്ത് സൂര്യന്റെ താപനില കുറയുമെന്ന പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജി (ഐ ഐ ടി എ)യുടെ റിപോർട്ട്. വിവിധ സംസ്ഥാനങ്ങളിൽ ആറ് പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഇവിടങ്ങളിൽ 55 വർഷത്തെ കാലവസ്ഥ സംബന്ധിച്ച് വിശദമായി നടത്തിയ പഠനത്തിന് ശേഷമാണ് റിപോർട്ട് തയ്യാറാക്കിയത്.

കേരളം ഉൾപ്പെടെ ദക്ഷിണേന്ത്യയിൽ കാറ്റിന്റെ വേഗം കൂടുമെങ്കിലും സൂര്യന്റെ താപനില അമ്പത് വർഷത്തിനകം കുറയുമെന്നാണ് കണ്ടെത്തിയത്. വായു മലിനീകരണത്തെ തുടർന്ന് മേഘാവൃതത്തിന് സാന്ദ്രത കൂടുന്നതിനാൽ സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന താപനില കുറയുന്നത് മൂലമാണ് ഇത്തരം സ്ഥിതി ഉടലെടുക്കുന്നത്. അതേസമയം, ഒഡീഷയുടെ തെക്കൻതീരവും ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന കാറ്റിന് വേഗത കൂടുന്നതിനാൽ കാറ്റാടി വൈദ്യുതി ഉത്പാദനത്തിൽ വൻ സാധ്യതകളാണ് കാണിക്കുന്നത്.

സൂര്യരശ്മി കൂടുതൽ ലഭിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാറ്റിന്റെ വേഗം കുറയുമ്പോൾ കുറഞ്ഞ സൂര്യരശ്മി ലഭിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കാറ്റിന്റെ വേഗം വർധിക്കും. തമിഴ്‌നാടും ആന്ധ്രയും കാറ്റാടിയിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ കേരളത്തിൽ സോളാർ വൈദ്യുതി ഉത്പാദനത്തിനാണ് മുൻതൂക്കം നൽകുന്നത്. ഇത് മുന്നിൽ കണ്ട്  ദീർഘകാലാടിസ്ഥാനത്തിൽ വൻപദ്ധതികൾക്കും വൈദ്യുതി മന്ത്രാലയം രൂപം നൽകിയിട്ടുണ്ട്. വീടുകൾ, സ്ഥാപനങ്ങൾ, ജലസേചന പ്രദേശങ്ങളുൾപ്പെടെ സൗരോർജ പദ്ധതികൾക്കാണ് കെ എസ് ഇ ബി രൂപം നൽകി വരുന്നത്.

അടുത്ത 50 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് പത്ത് മുതൽ 15 ശതമാനം വരെ സൗര വികിരണത്തിന്റെ തോത് കുറയുന്ന സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ സൗരോർജ പദ്ധതികളേക്കാൾ കാറ്റാടി വൈദ്യുതി ഉത്പാദനത്തിന് മൂൻതൂക്കം നൽകിയുള്ള പദ്ധതികൾക്ക് രൂപം നൽകണമെന്നാണ് പഠനം മുന്നോട്ടുവെക്കുന്നത്.

Latest