Kerala
സാമൂഹിക ഉന്നമനത്തിന് കൃത്യമായ കാഴ്ചപ്പാട് വേണം: കാന്തപുരം
കേരള മുസ്‌ലിം ജമാഅത്ത് വിഷൻ- 2021ന്റെ ഭാഗമായി നടന്ന നേതൃസംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് | സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ കൃത്യമായ ദിശാ ബോധമില്ലാതെ ഉന്നമനം സാധ്യമല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് വിഷൻ- 2021ന്റെ ഭാഗമായി നടന്ന നേതൃസംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു സമൂഹത്തിന്റെ ക്രിയാത്മക വളർച്ച താരതമ്യേന മറ്റ് സമുദായങ്ങൾക്കും അതുവഴി രാജ്യത്തിന് തന്നെയും അളവറ്റ നേട്ടങ്ങളുണ്ടാക്കും. കൃത്യമായ കാഴ്ചപ്പാടുള്ള ഒരു ജനതക്കേ അവരുടെ ഭാവികാലം ചിട്ടപ്പെടുത്താനാകുകയുള്ളൂ. മുസ്‌ലിംകൾ അവരുടെ അസ്തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്ടിക്കില്ല. മത മൈത്രി കാത്തു രക്ഷിക്കാൻ മുസ്‌ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വിശാലമായ താത്പര്യങ്ങൾ നിശ്ചയമായും സംരക്ഷിക്കപ്പെടണമെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു.
ട്രാൻ. സ്റ്റാൻഡുകളിൽ മദ്യക്കട: നീക്കം ഉപേക്ഷിക്കണം
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡുകളിൽ മദ്യക്കടകൾ തുറക്കാനുള്ള സർക്കാർ നീക്കത്തിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ള പൊതുജനങ്ങൾ വന്നു പോകുന്ന ബസ് സ്റ്റാൻഡുകളിൽ മദ്യം വിതരണം ചെയ്യാനുള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ല. നിലവിൽ മദ്യവിൽപ്പന കേന്ദ്രങ്ങൾക്ക് മുന്നിലൂടെ ജനങ്ങൾക്ക് നടന്നു പോകാൻ പറ്റാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട് എന്നിരിക്കെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തരുത്. ഈ നീക്കത്തിൽ നിന്ന് അധികൃതർ അടിയന്തരമായി പിൻമാറണമെന്ന് മുസ്‌ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങൾ, എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന ഭാരവാഹികളും എസ് എം എ, എസ് ജെ എം പ്രതിനിധികളുമാണ് നേതൃസംഗമത്തിൽ പങ്കെടുത്തത്. എ പി മുഹമ്മദ് മുസ്‌ലിയാർ കാന്തപുരം, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാർ, വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, സയ്യിദ് ത്വാഹാ തങ്ങൾ, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, എൻ അലി അബ്ദുല്ല, സി പി സൈതലവി, മജീദ് കക്കാട്, എ സൈഫുദ്ദീൻ ഹാജി, പ്രൊഫ. യു സി അബ്ദുൽമജീദ്, സി എൻ ജഅ്ഫർ ചർച്ചകൾക്ക് നേതൃത്വം നൽകി.





