Connect with us

Editorial

എങ്കിൽ പിന്നെ ആരാണ് ഉദയകുമാറിനെ കൊന്നത്?

പ്രതികളെ വെറുതെവിട്ട് കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ ഉദയകുമാറിന്റെ മാതാവിൽ നിന്നുണ്ടായ പ്രതികരണം നീതിന്യായ വ്യവസ്ഥയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. "ഇത്രയും കുറ്റം ചെയ്തിട്ടും കുറ്റമില്ലെന്ന് പറയുന്നു കോടതി. ഹൃദയമില്ലേ കോടതിക്ക്?'

Published

|

Last Updated

കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സി ബി ഐ കോടതിക്ക് ബോധ്യപ്പെട്ട തെളിവുകള്‍ ഹൈക്കോടതിയിലെത്തിയപ്പോള്‍ എവിടെപ്പോയി? ദുരൂഹതയുയര്‍ത്തുന്നതാണ് ഉദയകുമാര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച കേസിന്റെ നടപടികള്‍. കേസില്‍ കുറ്റക്കാരെന്ന് കണ്ട് കീഴ്ക്കോടതി ശിക്ഷ വിധിച്ച അഞ്ച് പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു ബുധനാഴ്ച. മതിയായ തെളിവുകളില്ലാത്ത കേസില്‍ സി ബി ഐ അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതി ഒന്നാം പ്രതിക്ക് സി ബി ഐ കോടതി വിധിച്ചിരുന്ന വധശിക്ഷ റദ്ദാക്കിയതും പ്രതികളെ ഒന്നടങ്കം കുറ്റവിമുക്തരാ
ക്കിയതും.

അതേസമയം തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാര്‍ ഉദയകുമാറിനെ ഒന്നര മണിക്കൂര്‍ ഇഞ്ചിഞ്ചായി പീഡിപ്പിച്ചു കൊന്നതാണെന്ന് ബോധ്യപ്പെട്ടതായി കേസിലെ ഒന്നും രണ്ടും പ്രതികളായ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കെ ജിതിന്‍ കുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷ നല്‍കിയ 2018 ജൂലൈ 25ലെ സി ബി ഐ കോടതി വിധിപ്രസ്താവത്തില്‍ പറയുന്നു. ‘ഒരാളെ പൊടുന്നനെ വെട്ടിക്കൊലപ്പെടുത്തുന്നതു പോലെയല്ല, അതിനേക്കാള്‍ ക്രൂരമാണ് ഉരുട്ടിക്കൊല. സമൂഹത്തിന്റെയാകെ മനഃസാക്ഷിയെ ഞെട്ടിച്ച കൃത്യമായിരുന്നു അത്. ഉദയകുമാറിന്റെ കൈകള്‍ കൂട്ടിക്കെട്ടി ബഞ്ചില്‍ കിടത്തിയ ശേഷമായിരുന്നു രണ്ട് പോലീസുകാര്‍ ചേര്‍ന്ന് പീഡനം തുടങ്ങിയത്. ആദ്യം ഇരുകാലിലും ചൂരല്‍വടി കൊണ്ട് അടിച്ചു. പിന്നീട് ഉദയകുമാറിന്റെ തല ബലമായി പിടിച്ചുവെച്ച ശേഷം തുടകളില്‍ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് ഉരുട്ടി. ആ പ്രയോഗത്തില്‍ തുടയിലെ പേശികള്‍ തകര്‍ന്നു. മരണത്തിന് അതുതന്നെ ധാരാളം. എന്നിട്ടും നിര്‍ത്താതെ ഉദയകുമാറിന്റെ ശരീരത്തിന്റെ ഒരുഭാഗവും ശേഷിപ്പിക്കാതെ മര്‍ദിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട പീഡനമാണ് പ്രതികള്‍ നടത്തിയത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉദ്യോഗസ്ഥരാണ് ഈ ക്രൂരകൃത്യം നടത്തിയതെ’ന്നും128 പേജ് വരുന്ന സി ബി ഐ കോടതി വിധിന്യായത്തില്‍
പറയുന്നു.

പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഉദയകുമാറിന്റെ തുടയില്‍ 22 പരുക്കുകളുള്ളതായി കണ്ടെത്തിയിരുന്നു. ക്രൂരമര്‍ദനമാണ് മരണകാരണമെന്ന് മുന്‍ ഫോറന്‍സിക് ഡയറക്ടര്‍ ഡോ. ശ്രീകുമാരി തിരുവനന്തപുരം സി ബി ഐ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തു. ഇക്കാര്യം തുടക്കത്തില്‍ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ പ്രതികള്‍ക്കെതിരെ തെളിവില്ലെന്നാണ് ഹൈക്കോടതി പറയുന്നത്. എങ്കില്‍ പിന്നെ ആരാണ് ഉദയകുമാറിനെ കൊന്നത്? പ്രതികളെ വെറുതെവിട്ട് കൊണ്ടുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെ ഉദയകുമാറിന്റെ മാതാവില്‍ നിന്നുണ്ടായ പ്രതികരണം നീതിന്യായ വ്യവസ്ഥയുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. ‘ഇത്രയും കുറ്റം ചെയ്തിട്ടും കുറ്റമില്ലെന്ന് പറയുന്നു കോടതി. ഹൃദയമില്ലേ കോടതിക്ക്?’

2005 സെപ്തംബര്‍ 27ന് ഉച്ചക്കാണ് തിരുവനന്തപുരം ശ്രികണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് മോഷണക്കുറ്റം ആരോപിച്ച് ആക്രിക്കടയിലെ ജീവനക്കാരനായിരുന്ന ഉദയകുമാറിനെയും സുഹൃത്ത് സുരേഷ് കുമാറിനെയും അന്നത്തെ ഫോര്‍ട്ട് സി ഐ ആയിരുന്ന ഇ കെ സാബുവിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പോലീസ് കോണ്‍സ്റ്റബിള്‍മാരായിരുന്ന ജിതിന്‍ കുമാറും ശ്രീകുമാറും ചേര്‍ന്നാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. അന്ന് രാത്രിയോടെ ഉദയകുമാര്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ചു. പോലീസ് മര്‍ദനത്തിലാണ് മരണമെന്ന ആരോപണമുയര്‍ന്നതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ക്രൈം ബ്രാഞ്ചാണ് തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. കാര്യമായ പുരോഗതിയുണ്ടായില്ല. സഹപ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന ആരോപണമുയരുകയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഉദയകുമാറിന്റെ മാതാവ് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

സി ബി ഐ അന്വേഷണത്തില്‍ കേസ് അട്ടിമറിക്കാന്‍ പോലീസ് നടത്തിയ കള്ളക്കളികള്‍ കണ്ടെത്തി. ഉച്ചക്കായിരുന്നു ഉദയകുമാറിനെയും സുഹൃത്തിനെയും കസ്റ്റഡയിലെടുത്തതെങ്കില്‍ പോലീസിന്റെ കേസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയത് രാത്രി എട്ടിനെന്നാണ്. എന്തിന് സമയം തെറ്റിച്ച് രേഖപ്പെടുത്തിയെന്ന അന്വേഷണത്തില്‍, കുറ്റവാളികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നുവെന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. പോലീസ് കസ്റ്റഡിയില്‍ ഉച്ചക്ക് രണ്ട് മുതല്‍ മൂന്നര വരെയാണ് ഉദയകുമാര്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നത്. അറസ്റ്റ് രണ്ട് മണിക്കെന്ന് കാണിച്ചാല്‍ അന്നേരം സ്റ്റേഷനിലുണ്ടായിരുന്ന മര്‍ദനവീരന്മാരായ പോലീസുകാര്‍ കേസില്‍ പ്രതിചേര്‍ക്കപ്പെടും. ഇതൊഴിവാക്കാനായിരുന്നുവത്രെ ഈ ഉദ്യോഗസ്ഥര്‍ ഡ്യൂട്ടി കഴിഞ്ഞു പോയ സമയം രേഖപ്പെടുത്തിയത്.

ാേതുടക്കം മുതലേ കുറ്റാരോപിതരായ പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടാണ് സേനയില്‍ നിന്നുണ്ടായത്. ഉദയകുമാറിനെ മര്‍ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ സാക്ഷി പറഞ്ഞിരുന്ന ഉദ്യോഗസ്ഥര്‍ ഒന്നൊന്നായി കൂറുമാറി. സി ബി ഐ കോടതി അഞ്ച് പോലീസുദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ചതോടെ പോലീസ് അസ്സോസിയേഷനും പോലീസ് ഓഫീസേഴ്സ് അസ്സോസിയേഷനും പ്രതികള്‍ക്ക് വേണ്ടി പിരിവ് നടത്താന്‍ രംഗത്തിറങ്ങി. പ്രതികളുടെ കുടുംബത്തെ സഹായിക്കുന്നതോടൊപ്പം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി അവരെ രക്ഷിക്കുന്നതിന് കൂടിയായിരുന്നു പിരിവ്. അന്നത്തെ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പണപ്പിരിവ് തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയെങ്കിലും അതവഗണിച്ച് രഹസ്യമായ പണപ്പിരിവ് പിന്നെയും തുടര്‍ന്നു. പ്രതികളായ പോലീസുകാരെ ശിക്ഷിച്ചു കൊണ്ടുള്ള കോടതി വിധിപ്രസ്താവം വന്നപ്പോള്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ജയിലില്‍ പോയി സമാശ്വസിപ്പിക്കുകയും ചെയ്തു. പോലീസിലെ ഈ ക്രിമിനലുകള്‍ തന്നെയായിരിക്കണം ഉദയകുമാറിനെയെന്ന പോലെ കേസും ഉരുട്ടിക്കൊന്നത്.

 

---- facebook comment plugin here -----

Latest