Kerala
കോഴിക്കോട് മെഡി. കോളജില്‍ വീണ്ടും പുക
പുക പടരാതിരിക്കാന്‍ ഊര്‍ജിത ശ്രമം

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പുതിയ ബ്ലോക്കിലെ ആറാം നിലയില്‍ വീണ്ടും പുക. കഴിഞ്ഞ ദിവസം പൊട്ടിത്തെറിയെ തുടര്‍ന്ന് പുകയുയര്‍ന്ന അതേ ബ്ലോക്കിലാണ് വീണ്ടും പുകയുണ്ടായത്. അത്യാഹിത വിഭാഗമായ പുതിയ ബ്ലോക്കില്‍ നിലവില്‍ രോഗികളൊന്നുമില്ല. നേരത്തേയുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് പുതിയ ബ്ലോക്കിലെ മുഴുവന്‍ രോഗികളെയും മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം ഒന്ന്, രണ്ട് നിലകളില്‍ നിന്നാണ് വലിയ രീതിയിൽ പുക ഉയര്‍ന്നത്.
ഓപറേഷന്‍ തിയേറ്ററായ ആറാം നിലയാകെ പുക നിറഞ്ഞ അവസ്ഥയാണെന്ന് ജീവനക്കാര്‍ പറഞ്ഞു. നേരത്തേ നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട പരിശോധന നടന്നുകൊണ്ടിരിക്കെയാണ് വീണ്ടും പുകയയുര്‍ന്നത്. മറ്റിടങ്ങളിലേക്ക് പുക പടരാതിരിക്കാനും രോഗികളെ ബാധിക്കാതിരിക്കാനും ഊര്‍ജിത ശ്രമം തുടങ്ങിയിട്ടുണ്ട്. പുക ഒഴിവാക്കുന്നതിന് അഗ്നിശമനസോംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് പുകക്ക് കാരണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
നാളെ മുതൽ കെട്ടിടത്തിൽ വീണ്ടും ഓപറേഷൻ തിയേറ്റര്‍ അടക്കം പ്രവര്‍ത്തനം ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ന് പരിശോധന നടന്നത്. ഇതിന്‍റെ ഭാഗമായി ഓപറേഷൻ തിയറ്റര്‍ അടക്കം പുനക്രമീകരിക്കുന്നതിനിടെയാണ് വീണ്ടും പുക ഉയര്‍ന്നത്.