From the print
വോട്ടിംഗ് യന്ത്രത്തില്‍ കോണിക്ക് വലിപ്പക്കുറവ്; തിര. കമ്മീഷന് പരാതി
കോഴിക്കോട് കോർപറേഷനിലെ മുഖദാര്‍, പയ്യാനക്കല്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനിലാണ് കോണി ചിഹ്നവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നത്.
കോഴിക്കോട് | വോട്ടിംഗ് യന്ത്രത്തില്‍ മുസ്്ലിം ലീഗ് തിരഞ്ഞെടുപ്പ് ചിഹ്നമായ കോണിക്ക് വലിപ്പക്കുറവെന്ന് പരാതി. കോഴിക്കോട് കോർപറേഷനിലെ മുഖദാര്‍, പയ്യാനക്കല്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് മെഷീനിലാണ് കോണി ചിഹ്നവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നത്.
ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷീന്‍ സീല്‍ ചെയ്യുന്ന നടക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവൃത്തി അല്‍പ്പസമയം നിര്‍ത്തിവെച്ചു. മുഖദാറിലെ യു ഡി എഫ് ചീഫ് ഏജന്റായ ഫൈസല്‍ പള്ളിക്കണ്ടിയാണ് പരാതി ഉന്നയിച്ചത്.
തുടര്‍ന്ന് വരണാധികാരിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജില്ലാ കലക്ടറെത്തി പരിശോധിക്കുകയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാൻ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് ലീഗ് ജില്ലാ കമ്മിറ്റി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
കോണി ചിഹ്നത്തിന് മറ്റ് ചിഹ്നങ്ങളേക്കാള്‍ വലിപ്പം കുറവാണെന്നും കാഴ്ചപരിമിതർക്ക് വര പോലെ തോന്നിപ്പിക്കുമെന്നതിനാല്‍ മാറ്റിസ്ഥാപിക്കണമെന്നുമാണ് ലീഗ് ആവശ്യം. മുഖദാറിലെ വോട്ടിംഗ് മെഷീനില്‍ രണ്ടാമതായും പയ്യാനക്കലില്‍ ഏഴാമതായുമാണ് കോണി ചിഹ്നം. തൊട്ടുമുകളിൽ ചിഹ്നമായി ക്രിക്കറ്റ് ബാറ്റുമുണ്ട്. ഇതിനെതിരെ 55ാം വാര്‍ഡ് യു ഡി എഫ് ചീഫ് ഏജന്റ്്മുഹമ്മദ് മദനിയും വരണാധികാരിക്ക് പരാതി നല്‍കി. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയും യു ഡി എഫ് ജില്ലാ കമ്മിറ്റിയും ചീഫ് ഇലക്്ഷന്‍ കമ്മീഷണർ ഷാജഹാന് പരാതി നല്‍കിയിട്ടുണ്ട്.


