Connect with us

kerala police

പോലീസില്‍ ഇന്നും അടിമപ്പണി!

കാര്‍ഷിക വൃത്തി, വ്യവസായം തുടങ്ങിയ മേഖലകളില്‍ നിന്ന് അടിമപ്പണി ഏറെക്കുറെ നിര്‍മാര്‍ജനം ചെയ്ത സംസ്ഥാനമാണ് കേരളം. പുരോഗമന കേരളം, സാംസ്‌കാരിക കേരളം എന്നൊക്കെയുള്ള വിശേഷണങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചതും ഇതുകൊണ്ടെല്ലാമാണ്. എന്നിട്ടും പോലീസില്‍ ഇന്നും അടിമപ്പണി തുടരുന്നുവെന്നത് എത്രമാത്രം ലജ്ജാകരമാണ്.

Published

|

Last Updated

ര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോപണമാണ് പോലീസിലെ ദാസ്യപ്പണി. അഥവാ ഉന്നത പോലീസുദ്യോഗസ്ഥരുടെ വീടുകളില്‍ ഭക്ഷണം പാചകം ചെയ്യല്‍, തോട്ടം നനയ്ക്കല്‍, ടൈല്‍സ് പതിക്കല്‍, ചന്തയിലും മറ്റും പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരല്‍, കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോയി വിടല്‍, വാഹനങ്ങള്‍ കഴുകല്‍ തുടങ്ങി ഭാര്യയുടെയും കുട്ടികളുടെയും അടിവസ്ത്രം കഴുകല്‍, പട്ടിയെ കുളിപ്പിക്കല്‍ വരെയുള്ള ജോലികള്‍ക്ക് പോലീസ് ക്യാമ്പുകളിലെ ജീവനക്കാരെ (ക്യാമ്പ് ഫോളോവര്‍മാര്‍) നിയമിക്കുന്നുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് രണ്ട് വര്‍ഷം മുമ്പ് തൃശൂര്‍ സ്വദേശിയായ ഒരു പോലീസുദ്യോഗസ്ഥന്‍ ഹൈക്കോടതിക്കു പരാതി നല്‍കിയിരുന്നു. പരാതി അടിസ്ഥാനരഹിതമാണെന്നായിരുന്നു പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് അസി. ഇന്‍സ്‌പെക്ടര്‍ ജനറല്‍ അന്ന് കോടതിയെ അറിയിച്ചത്. ഇതടിസ്ഥാനത്തില്‍ ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എസ് മണികുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ഹരജി തള്ളുകയാണുണ്ടായത്.

എന്നാലിപ്പോള്‍ തിരുവനന്തപുരം ടെലികമ്മ്യൂണിക്കേഷന്‍ എസ് പിക്കെതിരെ ദാസ്യപ്പണി ആരോപണം ഉയര്‍ന്നിരിക്കുകയാണ്. ഈ മാസം 17ന് കീഴ് ജീവനക്കാരനായ പോലീസുകാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വളര്‍ത്തുനായയുടെ വിസര്‍ജ്യം കോരാനും കുളിപ്പിക്കാനും ആവശ്യപ്പെട്ടത്രേ. കീഴുദ്യോഗസ്ഥന്‍ അത് തന്റെ ജോലിയല്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി. ഏമാന് അത് പിടിച്ചില്ല. അദ്ദേഹം പ്രസ്തുത പോലീസുകാരനെതിരെ, വീട്ടില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ നശിപ്പിച്ചുവെന്ന് സ്‌പെഷ്യല്‍ റിപോര്‍ട്ട് തയ്യാറാക്കാന്‍ ടെലികമ്മ്യൂണിക്കേഷന്‍ ആസ്ഥാനത്തെ എസ് ഐയോട് നിര്‍ദേശിക്കുകയും തദടിസ്ഥാനത്തില്‍ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി. പോലീസ് അസ്സോസിയേഷന്‍ ഭാരവാഹികള്‍ സംഭവത്തിന്റെ നിജസ്ഥിതി ഡി ജി പിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ആരോപണം വ്യാജമാണെന്ന് ബോധ്യപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ഡി ജി പിയുടെ നിര്‍ദേശ പ്രകാരം എ ഐ ജി അനൂപ് കുരുവിള ജോണ്‍ നടപടിക്കു വിധേയനായ ക്യാമ്പ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി തിരിച്ചെടുത്തു.

ചില ഐ പി എസുകാര്‍ സ്വന്തം സാമ്രാജ്യം കണക്കെ വാഴുന്ന പോലീസില്‍ ദാസ്യപ്പണി ഇപ്പോഴും തുടരുകയാണ്. 2018ല്‍ മുന്‍ എ ഡി ജി പി സുധീഷ് കുമാറിന്റെ വീട്ടില്‍ നിന്ന് ഒരു പോലീസുകാരന് ക്രൂരത ഏല്‍ക്കേണ്ടി വന്നുവെന്ന വാര്‍ത്ത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദാസ്യപ്പണി നിര്‍ത്തലാക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. അന്നത്തെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയോട് വീട്ടുജോലിക്ക് പോലീസുകാരെ നിയമിക്കുന്നുണ്ടോ എന്നന്വേഷിക്കാനും അവരുടെ കണക്കെടുക്കാനും ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. അന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പ്രശ്‌നത്തില്‍ ഇടപെടുകയുണ്ടായി. എന്നാല്‍ തുടര്‍ നടപടികളെ കുറിച്ചൊന്നും പിന്നീട് കേട്ടില്ല. വഞ്ചി ഇന്നും തിരുനക്കര തന്നെ.

2002ല്‍ അന്നത്തെ ഡി ജി പി. കെ ജി ജോസഫ് സേനയിലെ ദാസ്യവൃത്തി അവസാനിപ്പിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. പോലീസുകാരെ മേലുദ്യോഗസ്ഥര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി നിയോഗിക്കരുതെന്ന് അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ സുരക്ഷക്ക് എന്ന പേരില്‍ കൂടെ നിര്‍ത്തിയിരുന്ന ക്യാമ്പ് ഫോളോവേഴ്‌സിനെയെല്ലാം അദ്ദേഹം തിരിച്ചുവിളിക്കുകയും ഉന്നതോദ്യോഗസ്ഥര്‍ അന്യായമായി കൈവശം വെച്ച് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഔദ്യോഗിക വാഹനങ്ങള്‍ തിരിച്ചു വാങ്ങുകയും ചെയ്യുകയുണ്ടായി. 600ന് മുകളില്‍ വരും അന്ന് മടങ്ങിയെത്തിയ, ഉന്നതോദ്യോഗസ്ഥന്മാരുടെ വീടുപണിക്കാരായി നിന്നിരുന്ന പോലീസുകാരുടെ എണ്ണം. ഒരു ഐ പി എസുകാരന്റെ വീട്ടില്‍ നിന്ന് മാത്രം 13 പേരും മൂന്നിടത്തായി മൂന്ന് വീടുകളുള്ള മറ്റൊരു ഐ പി എസുകാരന്റെ വീടുകളില്‍ നിന്ന് 19 പേരുമാണ് മടങ്ങിയെത്തിയത്. കെ ജി ജോസഫിനെ പിന്തുടര്‍ന്ന് ടി പി സെന്‍കുമാറും ദാസ്യപ്പണിക്കെതിരെ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഐ പി എസ് ലോബിയുടെ സമ്മര്‍ദത്തിനു മുമ്പില്‍ അദ്ദേഹത്തിന് മുട്ടുമടക്കേണ്ടി വന്നു. ക്യാമ്പ് ഫോളോവര്‍മാരെ വ്യക്തിഗത ആവശ്യങ്ങള്‍ക്ക് നിയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍, അവരെ ജോലിക്കു വെച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും അക്കാലയളവില്‍ കീഴുദ്യോഗസ്ഥന്റെ ശമ്പളം വകയില്‍ സര്‍ക്കാറിനു ചെലവായ തുക മേലുദ്യോഗസ്ഥനില്‍ നിന്ന് ഈടാക്കുമെന്നും സെന്‍കുമാര്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും താമസിയാതെ അത് പിന്‍വലിക്കേണ്ടി വന്നു. അത്രയും ശക്തമാണ് ഐ എ എസ്- ഐ പി എസ് ലോബി പോലീസ് വകുപ്പില്‍. അവരുടെ സ്വാധീനത്തിലാണ് പോലീസില്‍ ആര്‍ എസ് എസ് സ്വാധീനം വര്‍ധിപ്പിക്കുന്നതും പോലീസ് നടപടികളില്‍ പലപ്പോഴും ഹിന്ദുത്വ അജന്‍ഡകള്‍ കടന്നു കൂടുന്നതും.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയാണ് പോലീസുദ്യോഗസ്ഥരില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം. ബറ്റാലിയനുകളിലും ക്യാമ്പുകളിലും പാചകം, ശുചീകരണം, അലക്ക് തുടങ്ങിയ ജോലികള്‍ക്കും പോലീസുകാരെ നിയമിക്കാറുണ്ട്. ഇവരാണ് ക്യാമ്പ് ഫോളോവര്‍മാര്‍. ഇതുപോലുള്ള സേനയുടെ ആവശ്യത്തിനല്ലാതെ മേലുദ്യോഗസ്ഥനു വീട്ടുപണി ചെയ്യാനുള്ളതല്ല പോലീസുദ്യോഗസ്ഥര്‍. സേനാംഗങ്ങളുടെ അന്തസ്സിനു നിരക്കാത്ത രീതിയില്‍ മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തിനായി ദാസ്യപ്പണിക്ക് പോലീസുദ്യോഗസ്ഥനോട് ആവശ്യപ്പെടാനോ നിര്‍ബന്ധിക്കാനോ പാടില്ലെന്നാണ് നിയമം. കുറ്റം തെളിഞ്ഞാല്‍ പോലീസ് ആക്ട് പ്രകാരം ആറ് മാസം വരെ തടവോ 2,000 രൂപ പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണിത്. കാര്‍ഷിക വൃത്തി, വ്യവസായം തുടങ്ങിയ മേഖലകളില്‍ നിന്ന് അടിമപ്പണി ഏറെക്കുറെ നിര്‍മാര്‍ജനം ചെയ്ത സംസ്ഥാനമാണ് കേരളം. പുരോഗമന കേരളം, സാംസ്‌കാരിക കേരളം എന്നൊക്കെയുള്ള വിശേഷണങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചതും ഇതുകൊണ്ടെല്ലാമാണ്. എന്നിട്ടും പോലീസില്‍ ഇന്നും അടിമപ്പണി തുടരുന്നുവെന്നത് എത്രമാത്രം ലജ്ജാകരമാണ്. സാംസ്‌കാരിക കേരളത്തിന് കടുത്ത നാണക്കേടാണിത്.

Latest