Kerala
പതിനാറുകാരിക്ക് ലൈംഗിക പീഡനം: ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവങ്ങളില്‍ മുന്നു കേസുകളിലായി മൂന്നുപേര്‍ അറസ്റ്റില്‍. വിവാഹവാഗ്ദാനം നല്‍കി ചെന്നൈയിലെത്തിച്ച് ബലാത്സംഗം ചെയ്ത കേസില്‍ ഇന്‍സ്റ്റഗ്രാം സുഹൃത്ത് കോട്ടയം ചങ്ങനാശ്ശേരി തൃക്കൊടിത്താനം കോട്ടമുറി സോഡാ കോളനി മുക്കാട്ടുപറമ്പില്‍ അനന്ദു മനോജ് (20) ആണ് അറസ്റ്റിലായത്.
മേയ് ആറിന് ഫോണില്‍ കുട്ടിയെ വിളിച്ച് ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചു. അവിടെനിന്നും കടത്തിക്കൊണ്ടുപോയി ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമെത്തിച്ച് ലൈംഗികവേഴ്ചയ്ക്ക് ഇരയാക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതിയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ചെന്നെയില്‍ നിന്നും പെണ്‍കുട്ടിയെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പിന്നീട് കുട്ടി നടത്തിയ വെളിപ്പെടുത്തലില്‍ മറ്റൊരു ഇന്‍സ്റ്റഗ്രാം സുഹൃത്ത് ചിറ്റാര്‍ നീലിപിലാവ് കട്ടച്ചിറ കണ്ടത്തില്‍ വീട്ടില്‍ വാവ എന്ന് വിളിക്കുന്ന വിമല്‍ വിജയന്‍ (22) അറസ്റ്റിലായി. 2022ല്‍ വിവാഹ വാഗ്ദാനം നല്‍കി വാട്സ്ആപ്പില്‍ വിളിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി. പിന്നീട് 2023 മേയില്‍ ഒരു രാത്രി കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ബലം പ്രയോഗിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കി.
മൂന്നാമത്തെ കേസില്‍ 2022 ജനുവരി മുതല്‍ 2025 ഏപ്രില്‍ 14 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടി യാത്ര ചെയ്ത ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ചിറ്റാര്‍-86 അമീന്‍ മന്‍സിലില്‍ ജലാല്‍ എന്ന കെ എ റാഫി (44) യെ അറസ്റ്റ് ചെയ്തു. ഇയാള്‍ യാത്രക്കിടയില്‍ ദേഹത്ത് കയറിപ്പിടിച്ച് ലൈംഗികാതിക്രമം കാട്ടിയെന്ന് കുട്ടി മൊഴിയില്‍ വെളിപ്പെടുത്തിയിരുന്നു. ചിറ്റാര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ വനിതാ സെല്‍ എസ് ഐ. ആഷ, എ എസ് ഐ. സുഷമ കൊച്ചുമ്മന്‍, എസ് സി പി ഒ. സുമേഷ്, സി പി ഒമാരായ, അബിന്‍, ഗിരീഷ്, സജിന്‍, സജീവ് എന്നിവരാണ് ഉണ്ടായിരുന്നത്. മൂന്നു പ്രതികളെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.