National
മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഭവം; യുവതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍
ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു.

മംഗളുരു| കര്‍ണാടക ഉഡുപ്പി കുന്താപുരയില്‍ മലയാളി യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശിയായ സുനിലി (37)നെയാണ് ഹണിട്രാപ്പില്‍ കുടുക്കിയത്. കുന്താപുരയിലെ കോടിയില്‍ താമസിക്കുന്ന അസ്മ (43), ബൈന്ദൂര്‍ സ്വദേശി സവാദ് (28), ഗുല്‍വാഡി സ്വദേശി സെയ്ഫുള്ള (38), ഹാങ്കലൂര്‍ സ്വദേശി മുഹമ്മദ് നാസിര്‍ ഷരീഫ് (36), അബ്ദുള്‍ സത്താര്‍ (23), ശിവമോഗ സ്വദേശി അബ്ദുള്‍ അസീസ് (26) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.
37കാരന്‍ ഫോണിലൂടെയാണ് അസ്മയെ പരിചയപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച നേരിട്ടു കാണാമെന്ന് യുവതി യുവാവിനോട് പറഞ്ഞു. കുന്ദാപുരയിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് കാണാമെന്നായിരുന്നു യുവതി പറഞ്ഞിരുന്നത്. ഇതനുസരിച്ച് യുവാവ് സ്ഥലത്തെത്തി. പിന്നാലെ സ്ഥലത്തെത്തിയ യുവതി പരാതിക്കാരനെ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയി. പിന്നാലെ മറ്റുപ്രതികളും ഇവരുടെ വീട്ടിലെത്തി. ഇതോടെയാണ് യുവാവിന് ചതിയില്‍ പെട്ടതായി മനസിലാകുന്നത്.
താമസ സ്ഥലത്തെത്തിയ യുവാവിനെ വീട്ടില്‍ പൂട്ടിയിട്ട അസ്മ ഇവിടേക്ക് സഹായികളെ വിളിച്ചുവരുത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് പണം നല്‍കാന്‍ വിസമ്മതിച്ചതോടെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം കൈവശമുണ്ടായിരുന്ന 70,000 രൂപ തട്ടിയെടുത്തു. ശേഷം യുപിഐ വഴി 30,000 അസ്മയുടെ നമ്പറിലേക്ക് നിര്‍ബന്ധിച്ച് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. എടിഎം കാര്‍ഡും തട്ടിയെടുത്തു. പിന്‍ നമ്പര്‍ ലഭിച്ച ശേഷം വീണ്ടും പണം പിന്‍വലിച്ച ശേഷം രാത്രി വൈകിയാണ് യുവാവിനെ വിട്ടയച്ചത്. പിന്നാലെ യുവാവ് പോലീസില്‍ പരാതി നല്‍കി. തട്ടിക്കൊണ്ടുപോകല്‍, കവര്‍ച്ച, മര്‍ദനമേല്‍പ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തത്.