Connect with us

Kerala

എസ് ഐ ആര്‍: ഫോം 7ന്റെ ദുരുപയോഗത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി

വോട്ടര്‍ പട്ടികയില്‍ നിന്നും യോഗ്യരായ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ജാഗ്രതയും നിരീക്ഷണവും ഉണ്ടാകണം.

Published

|

Last Updated

ന്യൂഡല്‍ഹി | എസ് ഐ ആര്‍ പ്രക്രിയയിലെ ഫോം 7ന്റെ ദുരുപയോഗം തടയാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്ത് നല്‍കി. വോട്ടര്‍ പട്ടികയില്‍ നിന്നും യോഗ്യരായ വോട്ടര്‍മാരുടെ പേരുകള്‍ വ്യാപകമായി നീക്കം ചെയ്യുകയാണ്. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന ജാഗ്രതയും നിരീക്ഷണവും ഉണ്ടാകണം. ഫോം 7 പരിശോധനക്കായി വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപവത്കരിച്ച് നടപ്പിലാക്കണം. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇതുസംബന്ധിച്ച റിപോര്‍ട്ടുകള്‍ ആശങ്കാജനകമാണ്. ഈ സംസ്ഥാനങ്ങളിലെ ഫോം 7 അപേക്ഷകളുടെ പൂര്‍ണ വിവരം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.

മരണം, പേരിന്റെ ഇരട്ടിപ്പ് പോലുള്ള തെളിവുകളോടു കൂടിയ വ്യക്തമായ എതിര്‍പ്പുകള്‍ ഉന്നയിക്കാനാണ് ഫോം 7 ഉപയോഗിക്കേണ്ടതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ക്കെതിരെ 1950ലെ പ്രതിനിധിത്വ നിയമപ്രകാരം ശിക്ഷാനടപടികള്‍ നിലവിലുണ്ട്. എന്നാല്‍, ഇതിനെ അട്ടിമറിക്കുന്ന നിയമലംഘനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.

മുന്‍കൂട്ടി അച്ചടിച്ച ഫോം 7 അപേക്ഷകള്‍ വ്യാപകമായി സൃഷ്ടിക്കല്‍, പ്രത്യേക വോട്ടര്‍ വിഭാഗങ്ങളെ ലക്ഷ്യമാക്കി കൂട്ടമായ എതിര്‍പ്പുകള്‍ സമര്‍പ്പിക്കല്‍, വിവിധ നിയോജകമണ്ഡലങ്ങളിലായി അപേക്ഷകള്‍ സമര്‍പ്പിക്കല്‍ തുടങ്ങിയ പ്രവണതകളാണ് സംഘടിതമായി നടക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ബി ജെ പിയെ സഹായിക്കാനുള്ളതാണ്. പല അപേക്ഷകളിലും എതിര്‍പ്പ് ഉന്നയിക്കുന്നവരുടെ കൃത്യമായ വിവരങ്ങളില്ല. തെറ്റായ മൊബൈല്‍ നമ്പറുകളാണ് അപേക്ഷകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

ബി ജെ പിയുമായി ബന്ധമുള്ള ബൂത്ത് ലെവല്‍ ഏജന്റുമാരുടെയും പേരുകള്‍ ആക്ഷേപം സമര്‍പ്പിക്കുന്നവരുടേതായി രേഖപ്പെടുത്തിയിട്ടുണ്ട്. അസമില്‍ ഭരണകക്ഷി അംഗങ്ങള്‍ അനധികൃതമായി തിരഞ്ഞെടുപ്പ് ഡാറ്റാബേസുകള്‍ ഉപയോഗിച്ച് വോട്ടര്‍മാരുടെ പേരുകള്‍ നീക്കാന്‍ ശ്രമിച്ചുവെന്ന റിപോര്‍ട്ടുകളും ഉണ്ടായിട്ടുണ്ടെന്നും കത്തില്‍ കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

 

Latest