Connect with us

National

അജിത് പവാർ തുടങ്ങിവെച്ച ലയന ചർച്ച തുടർന്ന് എൻസിപിയിലെ ഇരുവിഭാഗങ്ങളും; ലയനം തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം

കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ അജിത് പവാർ തന്റെ അമ്മാവൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചകളാണ് ലയനത്തിന് വഴിയൊരുക്കിയത്.

Published

|

Last Updated

മുംബൈ | അജിത് പവാറിന്റെ മരണത്തിന് പിന്നാലെ എൻ സി പിയിലെ ഇരുവിഭാഗങ്ങളും തമ്മിൽ ലയനത്തിന് കളമൊരുങ്ങുന്നു. ബാരാമതിയിലെ വിമാനാപകടത്തിൽ മരിച്ച അജിത് പവാർ ലയന ശ്രമങ്ങൾ നടത്തിവരികയായിരുന്നു എന്നാണ് വിവരം. പവാറിന്റെ മരണത്തോടെ ഇത് വേഗത്തിലാക്കാൻ ഇരുപക്ഷവും നീക്കം തുടങ്ങിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ആഴ്ച ഇരുവിഭാഗം നേതാക്കളും കൂടിക്കാഴ്ച നടത്തി ലയന നടപടികൾക്ക് അന്തിമരൂപം നൽകും. ഫെബ്രുവരി രണ്ടാം വാരം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷം ലയനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഡിസംബർ, ജനുവരി മാസങ്ങളിൽ അജിത് പവാർ തന്റെ അമ്മാവൻ ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ചകളാണ് ലയനത്തിന് വഴിയൊരുക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഇരുവരും സംയുക്ത വാർത്താസമ്മേളനം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് അജിത് പവാറിന്റെ വിടവാങ്ങൽ. ജനുവരി 16, 17 തീയതികളിലും ലയനം സംബന്ധിച്ച നിർണ്ണായക ചർച്ചകൾ നടന്നിരുന്നതായി ജയന്ത് പാട്ടീൽ സ്ഥിരീകരിച്ചു.

ലയനത്തിന് ശേഷം പാർട്ടിയെ ആര് നയിക്കുമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. അജിത് പവാറിന്റെ പത്നി സുനേത്ര പവാർ, സുപ്രിയ സുലെ, പ്രഫുൽ പട്ടേൽ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. രാജ്യസഭാ എം പി കൂടിയായ സുനേത്ര പവാർ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നാണ് എൻ സി പിയിലെ ഭൂരിഭാഗം നേതാക്കളുടെയും ആഗ്രഹം. രാഷ്ട്രീയമോ സാങ്കേതികമോ ആയ തടസ്സങ്ങളുണ്ടായാൽ പ്രഫുൽ പട്ടേലിനെ പരിഗണിച്ചേക്കും.

അജിത് പവാർ പക്ഷത്തെ ചില നേതാക്കൾക്ക് പെട്ടെന്നുള്ള ലയനത്തിൽ വിയോജിപ്പുണ്ടെങ്കിലും ശരദ് പവാർ പക്ഷം ലയനം ഉടൻ വേണമെന്ന നിലപാടിലാണ്. 2023 ജൂലൈയിലായിരുന്നു അജിത് പവാർ പാർട്ടി പിളർത്തി ഭരണകക്ഷിയായ മഹായുതിക്കൊപ്പം ചേർന്നത്. ബുധനാഴ്ച ബാരാമതി വിമാനത്താവളത്തിലുണ്ടായ അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചതോടെയാണ് രാഷ്ട്രീയ സാഹചര്യം മാറിയത്.

Latest