Kerala
കേരളയാത്ര ആളിലും അർഥത്തിലും വിജയിച്ചു; 125 കേന്ദ്രങ്ങളിൽ വിജയാരവം
കേരള യാത്രയും പ്രമേയവും സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങൾ ചർച്ച ചെയ്തും തുടർ പ്രവർത്തനങ്ങളും നിലപാടുകളും വിളംബരം ചെയ്തും ഫെബ്രുവരി 6,7,8 തിയ്യതികളിൽ 125 സോൺ കേന്ദ്രങ്ങളിൽ കേരളയാത്രാ വിജയാരവം സംഘടിപ്പിക്കും
കോഴിക്കോട് | സമസ്ത:സെൻ്റിനറി കർമ്മ പദ്ധതികളുടെ ഭാഗമായി ‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയത്തിൽ നടത്തിയ കേരള യാത്ര ആളിലും അർഥത്തിലും വൻ വിജയമായതായി കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രവർത്തക സമിതി യോഗം വിലയിരുത്തി.യാത്ര മുന്നോട്ട് വെച്ച ആശയങ്ങളുടെയും വികസന ചർച്ചകളുടെയും തുടർ പ്രവർത്തനങ്ങൾക്ക് യോഗം രൂപം നൽകി. ഇതിൻ്റെ ഭാഗമായി കേരള യാത്ര ഭരണ കൂടങ്ങൾക്ക് സമർപ്പിച്ച വികസന രേഖയും അനുബന്ധ റിപ്പോർട്ടുകളും പഠന വിധേയമാക്കി ഫെബ്രുവരിയിൽ കോഴിക്കോട്ട് വികസന സെമിനാർ സംഘടിപ്പിക്കും.
കേരള യാത്രയും പ്രമേയവും സമൂഹത്തിലുണ്ടാക്കിയ പ്രതിഫലനങ്ങൾ ചർച്ച ചെയ്തും തുടർ പ്രവർത്തനങ്ങളും നിലപാടുകളും വിളംബരം ചെയ്തും ഫെബ്രുവരി 6,7,8 തിയ്യതികളിൽ 125 സോൺ കേന്ദ്രങ്ങളിൽ കേരളയാത്രാ വിജയാരവം സംഘടിപ്പിക്കും. സോൺ എക്സിക്യുട്ടീവ് അംഗങ്ങൾ, സർക്കിൾ, യൂണിറ്റ് ഭാരവാഹികൾ പങ്കെടുക്കും. സംസ്ഥാന, ജില്ലാ സാരഥികൾ നേതൃത്വം നൽകും.
‘മനുഷ്യർക്കൊപ്പം’ എന്ന പ്രമേയം എല്ലാ വിഭാഗം ജനങ്ങളും മാധ്യമങ്ങളും ഏറ്റു പിടിച്ചതായും യാത്ര മുന്നോട്ടു വെച്ച പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ആശയങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചതായും യോഗം വിലയിരുത്തി. മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരും കേരള യാത്രയുടെ ഭാഗമായി.
പ്രായാധിക്യവും ആരോഗ്യവും വക വെക്കാതെ കാലം ആവശ്യപ്പെടുന്ന ഏറ്റവും ഉദാത്തമായ ഒരു മാനവിക സന്ദേശം ഉയർത്തി ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി നടു റോട്ടിലിറങ്ങി സംസ്ഥാനമൊട്ടുക്കും സഞ്ചരിച്ചത് കേരളീയർക്ക് വലിയ ആത്മ വിശ്വാസമാണ് പകർന്നത്. കുറ്റമറ്റ സംഘാടനം ആരാലും പ്രശംസിക്കപ്പെട്ടു. ഒരു ഇവൻ്റ് മാനേജ്മെൻ്റിനെയും ആശ്രയിക്കാതെ പ്രാസ്ഥാനിക നേതൃത്വവും പ്രവർത്തകരും മനുഷ്യ വിഭവങ്ങൾ പൂർണമായും വിനിയോഗിച്ച് കർമ ഗോദയിലിറങ്ങിയത് യാത്രയെ കൂടുതൽ ശ്രദ്ധേയമാക്കി. ഒന്നിനൊന്ന് മെച്ചപ്പെട്ട സ്വീകരണ സമ്മേളനങ്ങളാണ് ജില്ലകൾ തോറും നടന്നത്.
കേരള യാത്രയുടെ വിജയത്തിലൂടെ വലിയ ഉത്തരവാദിത്തമാണ് അർപ്പിതമായിരിക്കുന്നതെന്നും അത് നിറവേറ്റി സാമൂഹ്യ സേവന രംഗത്ത് കൂടുതൽ കരുത്തോടെയും ജാഗ്രതയോടും മുന്നേറണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ അഭ്യർഥിച്ചു. ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. വണ്ടൂർ അബ്ദു റഹ്‌മാൻ ഫൈസി, സി പി സൈദലവി മാസ്റ്റർ, മജീദ് കക്കാട്, മാളിയേക്കൽ സുലൈമാൻ സഖാഫി, മുസ്ത്വഫ മാസ്റ്റർ കോഡൂർ, മുഹമ്മദ് പറവൂർ വിവിധ റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
സയ്യിദ് അലി ബാഫഖി തങ്ങൾ, അബൂ ഹനീഫൽ ഫൈസി, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി ചർച്ച നിയന്ത്രിച്ചു.
പ്രൊഫ.എ കെ അബ്ദുൽ ഹമീദ്, സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി, വി എച്ച് അലി ദാരിമി, പ്രൊഫ. യു സി അബ്ദുൽ മജീദ്, സയ്യിദ് സി ടി ഹാശിം തങ്ങൾ, ജി അബൂബക്കർ, ഊരകം അബ്ദു റഹ്‌മാൻ സഖാഫി,പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, ടി കെ അബ്ദു റഹ്‌മാൻ ബാഖവി, എം വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, എസ് ശറഫുദ്ദീൻ, ഹനീഫ് പാനൂർ, അഷ്റഫ് ഹാജി അലങ്കാർ, അബ്ദു റശീദ് മുസ്‌ലിയാർ കോട്ടയം, ശൗകത്ത് ഹാജി കോങ്ങാട്, അഫ്സൽ കോളാരി, സയ്യിദ് മുനീറുൽ അഹ്ദൽ, കെ ഒ അഹ്‌മദ് കുട്ടി ബാഖവി, പി കെ ബഷീർ ഹാജി, സുലൈമാൻ കരിവെള്ളൂർ സംബന്ധിച്ചു.



