Kerala
പ്രവാസികളെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ലോക കേരള സഭ വിജയം കണ്ടു: സ്പീക്കര്‍
വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവാസി നിക്ഷേപവും പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ ലോക കേരള സഭ നിമിത്തമാകും
തിരുവനന്തപുരം | പ്രവാസികളെ ജനാധിപത്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ലോക കേരള സഭ വലിയ വിജയമാണെന്നും കേരളത്തിന്റെ ഈ മാതൃക പിന്തുടരാന്‍ കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിക്കുന്നത് അഭിമാനകരമാണെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍പറഞ്ഞു. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
‘കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുന്നു’ എന്ന വാചകം ശരിവെക്കുന്നതാണ് സഭയുടെ പ്രവര്‍ത്തനങ്ങള്‍. പുനരധിവാസത്തില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന പ്രവാസികളുമായി ബന്ധപ്പെട്ട ഭരണനിര്‍വഹണത്തെ വിദേശത്ത് താമസിക്കുന്ന മലയാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലയിലേക്ക് വിപുലീകരിക്കാന്‍ കേരളത്തിന് സാധിച്ചു. 351 അംഗങ്ങളുള്ള ഈ സഭയില്‍ ഗാര്‍ഹിക തൊഴിലാളികള്‍, മതിയായ രേഖകളില്ലാത്തവര്‍, തിരിച്ചുവരവില്‍ പ്രയാസം നേരിടുന്നവര്‍ തുടങ്ങി അരികുവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദം ഉള്‍പ്പെടെ കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.
വ്യവസായം, സ്റ്റാര്‍ട്ടപ്പുകള്‍, ടൂറിസം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവാസി നിക്ഷേപവും പങ്കാളിത്തവും വര്‍ധിപ്പിക്കാന്‍ ലോക കേരള സഭ നിമിത്തമാകും. ഭാഷയും സാഹിത്യവും ഉള്‍പ്പെടെയുള്ള മേഖലകളിലും പ്രവാസികളുടെ സംഭാവനകള്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കും. പ്രവാസികളുടെ അറിവും കഴിവും നവകേരള നിര്‍മ്മിതിക്കായി പ്രയോജനപ്പെടുത്തുക എന്നതാണ് സഭയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.
മാറുന്ന പ്രവാസ ഭൂമികയ്ക്ക് അനുസൃതമായി ഭരണനിര്‍വഹണ സംവിധാനങ്ങള്‍ പരിഷ്‌കരിക്കണമെന്നും അഞ്ചാം ലോക കേരള സഭയില്‍ നിന്നുണ്ടാകുന്ന ക്രിയാത്മക ആശയങ്ങള്‍ കേരളത്തിന്റെ കുതിപ്പിന് വേഗത കൂട്ടുമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.



