Kerala
ഒരുമിച്ചു മരിക്കാം എന്നു ധരിപ്പിച്ചു; ഭാര്യ സാരിയില്‍ തൂങ്ങിമരിക്കെ സൂത്രത്തില്‍ രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍
ഭാര്യയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്
പാലക്കാട് | മക്കളില്ലാത്ത സങ്കടം പറഞ്ഞ് ഒരുമിച്ചു മരിക്കാം എന്നു ധരിപ്പിച്ച് ഭാര്യ സാരിയില്‍ തൂങ്ങിമരിക്കെ സൂത്രത്തില്‍ രക്ഷപ്പെട്ട ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യയെ വഞ്ചിച്ച് കൊലപ്പെടുത്തിയ കോട്ടായി സ്വദേശി ശിവദാസനാണ് അറസ്റ്റിലായത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.
പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ കഴിഞ്ഞ 25നാണ് ദീപികയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയ്ക്ക് അപസ്മാരം എന്നായിരുന്നു ശിവദാസന്‍ അയല്‍ക്കാരെ അറിയിച്ചത്. എന്നാല്‍ സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് ശിവദാസനെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്തു വന്നത്. ശിവദാസനും ദീപികയും പ്രണയിച്ചു വിവാഹിതരായി ആറ് വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടായില്ല. ഒരുമിച്ചു മരിക്കാം എന്ന് ശിവദാസന്‍ ദീപികയെ വിശ്വസിപ്പിച്ചു. ദീപിക സാരിയില്‍ തൂങ്ങി മരിച്ചെങ്കിലും ശിവദാസന്‍ സൂത്രത്തില്‍ തൂങ്ങാതെ മാറി നിന്നു. ഭാര്യയെ വഞ്ചിച്ചു കൊലപ്പെടുത്താന്‍ ശിവദാസന്‍ ശ്രമിച്ചെന്നു കണ്ടെത്തിയതോടെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.



