National
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് സ്വയം വെടിവച്ച് മരിച്ചു; സംഭവം ആദായ നികുതി റെയ്ഡിനിടെ
കോണ്‍ഫിഡന്റെ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമാണ്. ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ വച്ചായിരുന്നു മരണം. .
ബെംഗളൂരു | കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. 57 വയസ്സായിരുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനക്കിടെ സ്വയം വെടിവച്ചു മരിക്കുകയായിരുന്നു. കോണ്‍ഫിഡന്റെ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമാണ്. സിനിമാ നിര്‍മാതാവ് കൂടിയാണ് റോയ്.
ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ വച്ചായിരുന്നു സംഭവം. വെടിയൊച്ച കേട്ട ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ മുറിയില്‍ പോയി നോക്കുമ്പോള്‍ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ കിടക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇന്ന് ഉച്ചയോടെ ഓഫീസിലെത്തിയ റോയിയെ ഉദ്യോഗസ്ഥര്‍ ഒരുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം തന്റെ മുറിയിലേക്ക് പോയത്. റോയിക്കെതിരെ അറസ്റ്റ് ഭീഷണിയുണ്ടായെന്ന് ജീവനക്കാര്‍ ആരോപിച്ചു. വെടിയുതിര്‍ക്കാന്‍ ഉപയോഗിച്ച തോക്ക് മൃതദേഹത്തിന് സമീപത്ത് കണ്ടെത്തി. റോയ് സ്വയരക്ഷക്ക് ഉപയോഗിച്ചിരുന്ന ലൈസന്‍സ് ഉള്ള തോക്കാണ് ഇതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവം ആദായ നികുതി റെയ്ഡിനിടെ മരണം.
കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപനങ്ങളില്‍ മൂന്ന് ദിവസമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നുവരികയായിരുന്നു. 2005ലാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് തുടങ്ങിയത്. ബെംഗളൂരു, കേരളം, ദുബൈ എന്നിവിടങ്ങളില്‍ ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. പാര്‍പ്പിട സമുച്ചയങ്ങളും ഹോട്ടലുകളും മറ്റും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റേതായുണ്ട്.



