Connect with us

National

അജിത് പവാറിന്റെ പത്നി സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; സത്യ പ്രതിജ്ഞ നാളെ

എക്സൈസ്, കായിക വകുപ്പുകളും സുനേത്ര പവാറിന് നൽകും

Published

|

Last Updated

മുംബൈ | മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാർ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. അന്തരിച്ച അജിത് പവാറിന് പകരമായി അദ്ദേഹത്തിന്റെ പത്നി സുനേത്രയെ ഈ പദവിയിലേക്ക് ഉയർത്താനുള്ള നിർദ്ദേശം അവർ അംഗീകരിച്ചതായി എൻ സി പി വൃത്തങ്ങൾ സൂചിപ്പിച്ചു. എക്സൈസ്, കായിക വകുപ്പുകളും സുനേത്ര പവാറിന് നൽകും. ബജറ്റ് സമ്മേളനം മാർച്ചിൽ നടക്കാനിരിക്കുന്നതിനാൽ ധനകാര്യ വകുപ്പ് താൽക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്നെ കൈകാര്യം ചെയ്യും. പിന്നീട് ഇത് എൻ സി പിക്ക് കൈമാറും. നിലവിൽ രാജ്യസഭാ എം പിയാണ് സുനേത്ര പവാർ.

ഫെബ്രുവരി 7-ന് നടക്കുന്ന പൂനെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയെ നയിക്കാൻ സുനേത്ര പവാർ ഉപമുഖ്യമന്ത്രി സ്ഥാനമേൽക്കണമെന്ന നിർദ്ദേശം പാർട്ടിയിലെ മുതിർന്ന നേതാക്കളാണ് മുന്നോട്ടുവെച്ചത്. പവാർ കുടുംബത്തിനുള്ളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുനേത്ര ഈ ദൗത്യം ഏറ്റെടുക്കാൻ സമ്മതിച്ചത്.

സുനേത്ര പവാർ ശനിയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതിൽ തനിക്ക് എതിർപ്പില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കിയതായി മുതിർന്ന എൻ സി പി നേതാവ് ഛഗൻ ഭുജ്ബൽ മാധ്യമങ്ങളോട് പറഞ്ഞു. ബുധനാഴ്ച ബാരാമതി വിമാനത്താവളത്തിലുണ്ടായ അപകടത്തിലാണ് അജിത് പവാർ അന്തരിച്ചത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻഡന്റും അപകടത്തിൽ മരിച്ചിരുന്നു.

വ്യാഴാഴ്ച ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അജിത് പവാറിന്റെ സംസ്കാരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നിതിൻ ഗഡ്കരി, ശരദ് പവാർ തുടങ്ങി രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

Latest