Connect with us

Editors Pick

അത്യാഡംബരങ്ങളുടെ നടുവിലും ജീകാരുണ്യ പ്രവർത്തനങ്ങൾ: ആരായിരുന്നു ഡോ. സി ജെ റോയി?

ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സി ജെ റോയിയുടെ ആസ്തി ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8000 കോടി രൂപയിലേറെ) വരുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിനസ് തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിൽ നൂറോളം വീടുകൾ പുനർനിർമ്മിച്ചു നൽകാനും നിരവധി പേരുടെ ഹൃദയശസ്ത്രക്രിയകൾ ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി.

Published

|

Last Updated

ബെംഗളൂരു | അത്യാഡംബരങ്ങളുടെ നടുവിൽ ജീവിക്കുമ്പോഴും താൻ കടന്നുവന്ന എളിയ വഴികളെക്കുറിച്ച് ഓർക്കാൻ മടിക്കാത്ത മനുഷ്യൻ. സിജെ റോയിയെ ഒറ്റവാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ദക്ഷിണേന്ത്യയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ അതികായനായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി ജെ റോയിയുടെ അപ്രതീക്ഷിത വിയോഗം ബിസിനസ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ബെംഗളൂരുവിലെ ഓഫീസിൽ വെടിയേറ്റ നിലയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കേരളത്തിൽ ജനിച്ച സി ജെ റോയ് വളർന്നത് ബെംഗളൂരുവിലായിരുന്നു. ഫ്രാൻസിലും സ്വിറ്റ്‌സർലൻഡിലും പഠനം പൂർത്തിയാക്കി പി എച്ച് ഡി നേടിയ അദ്ദേഹം, ഹ്യൂലറ്റ് പക്കാർഡ് (HP) പോലുള്ള ആഗോള കമ്പനികളിൽ ജോലി ചെയ്ത ശേഷമാണ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്. 2006-ൽ കോൺഫിഡന്റ് ഗ്രൂപ്പിന് തുടക്കമിട്ട റോയ്, ചുരുങ്ങിയ കാലം കൊണ്ട് ബെംഗളൂരുവിലും കൊച്ചിയിലും ദുബായിലുമായി 165-ലധികം പദ്ധതികൾ പൂർത്തിയാക്കി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. കടബാധ്യതകളില്ലാത്ത കമ്പനിയെന്ന നിലയിലാണ് അദ്ദേഹം തന്റെ ഗ്രൂപ്പിനെ പലപ്പോഴും അടയാളപ്പെടുത്തിയത്.

റിയൽ എസ്റ്റേറ്റിന് പുറമെ വിനോദരംഗത്തും സജീവമായിരുന്നു സി ജെ റോയ്. ‘ഐഡിയ സ്റ്റാർ സിംഗർ’ മുതൽ ‘ബിഗ് ബോസ്’ വരെയുള്ള ടെലിവിഷൻ റിയാലിറ്റി ഷോകളുടെ മുഖ്യ സ്പോൺസറായി കോൺഫിഡന്റ് ഗ്രൂപ്പ് മാറിയത് അദ്ദേഹത്തിന്റെ ബിസിനസ് തന്ത്രങ്ങളുടെ ഭാഗമായിരുന്നു. മത്സരാർത്ഥികൾക്ക് ആഡംബര വീടുകളും വൻതുകകളും സമ്മാനമായി നൽകി അദ്ദേഹം പ്രേക്ഷകർക്ക് പ്രിയങ്കരനായി. മലയാളത്തിൽ ‘കാസനോവ’, ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാണത്തിലും അദ്ദേഹം പങ്കാളിയായി.

അതിസമ്പന്നമായ ജീവിതശൈലിയായിരുന്നു റോയിയുടേത്. റോൾസ് റോയ്സ്, ബെന്റ്ലി, ലംബോർഗിനി, ബുഗാട്ടി വെയ്‌റോൺ തുടങ്ങി ആഡംബര കാറുകളുടെ ഒരു വലിയ ശേഖരം തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു. പത്തോളം റോൾസ് റോയ്സ് കാറുകൾ അദ്ദേഹത്തിന് സ്വന്തമായുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തന്റെ ആദ്യ വാഹനമായ പഴയ മാരുതി 800 കാർ വർഷങ്ങൾക്ക് ശേഷം കണ്ടെത്തി തിരികെ വാങ്ങിയതും അതിനായി സഹായിച്ചവർക്ക് വൻതുക സമ്മാനം നൽകിയതും വാർത്തയായിരുന്നു.

ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സി ജെ റോയിയുടെ ആസ്തി ഒരു ബില്യൺ ഡോളറിലധികം (ഏകദേശം 8000 കോടി രൂപയിലേറെ) വരുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബിസിനസ് തിരക്കുകൾക്കിടയിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അദ്ദേഹം മുന്നിലുണ്ടായിരുന്നു. പ്രളയകാലത്ത് കേരളത്തിൽ നൂറോളം വീടുകൾ പുനർനിർമ്മിച്ചു നൽകാനും നിരവധി പേരുടെ ഹൃദയശസ്ത്രക്രിയകൾ ഏറ്റെടുക്കാനും അദ്ദേഹം തയ്യാറായി. സാധാരണക്കാരനായി ജീവിതം തുടങ്ങി കോടീശ്വരനായി വളർന്ന സി ജെ റോയ്, വിജയങ്ങളുടെ കൊടുമുടിയിൽ നിൽക്കെയാണ് അപ്രതീക്ഷിതമായി വിടവാങ്ങുന്നത്.

Latest