Connect with us

National

ആർത്തവ ശുചിത്വം മൗലികാവകാശം; സ്കൂളുകളിൽ സൗജന്യ സാനിറ്ററി നാപ്കിൻ വിതരണം ഉറപ്പാക്കണം: സുപ്രീം കോടതി

ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ലഭിക്കുക എന്നത് അന്തസ്സോടെ ജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനും സമത്വം ഉറപ്പാക്കാനും അത്യാവശ്യമാണെന്ന് കോടതി

Published

|

Last Updated

ന്യൂഡൽഹി | ആർത്തവ ശുചിത്വത്തിനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദപ്രകാരം ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീം കോടതി. രാജ്യത്തെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ പെൺകുട്ടികൾക്ക് ബയോ-ഡീഗ്രേഡബിൾ സാനിറ്ററി പാഡുകൾ സൗജന്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നിർദ്ദേശം നൽകി. ജസ്റ്റിസുമാരായ ജെ ബി പർദിവാല, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.

എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ ഉണ്ടെന്ന് അധികൃതർ ഉറപ്പാക്കണം. കൂടാതെ, സർക്കാർ-സ്വകാര്യ വ്യത്യാസമില്ലാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭിന്നശേഷി സൗഹൃദ ശൗചാലയങ്ങൾ നിർബന്ധമാക്കണമെന്നും കോടതി ഉത്തരവിട്ടു. ഈ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്വകാര്യ സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ശൗചാലയങ്ങളുടെ ലഭ്യതയും സൗജന്യ സാനിറ്ററി പാഡുകളുടെ വിതരണവും ഉറപ്പാക്കാത്ത പക്ഷം സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും മറുപടി പറയേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.

ആർത്തവ ശുചിത്വത്തിനുള്ള സൗകര്യങ്ങൾ ലഭിക്കുക എന്നത് അന്തസ്സോടെ ജീവിക്കാനും ആരോഗ്യം സംരക്ഷിക്കാനും സമത്വം ഉറപ്പാക്കാനും അത്യാവശ്യമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഇത് 21-ാം അനുച്ഛേദത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ആർത്തവ ശുചിത്വ നയം രാജ്യത്തുടനീളം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജയ താക്കൂർ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

Latest