International
'ഇറാനില്‍ സൈനിക നടപടി ആവശ്യമില്ല' നിലപാടില്‍ മലക്കം മറിഞ്ഞ് ട്രംപ്
ഇറാനിനെതിരെ യുദ്ധക്കപ്പലായ യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് ചെങ്കടലിലുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ചൂടാറുന്നതിന് മുമ്പാണ് പുതിയ പ്രഖ്യാപനം.
വാഷിങ്ടണ്‍ | ഇറാനില്‍ ആക്രമണം നടത്തുമെന്ന നിലപാടില്‍ നിന്ന് പിന്നോട്ടടിച്ച് അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. ആഭ്യന്തര കലാപം നടക്കുന്ന ഇറാനില്‍ സൈനിക നടപടി ആവശ്യമില്ലെന്നാണ് ട്രംപ് ഏറ്റവുമവസാനം പ്രസ്താവിച്ചിരിക്കുന്നത്.
ഇറാനിനെതിരെ സൈനിക നടപടി ലക്ഷമിട്ട് യു എസ് യുദ്ധക്കപ്പലായ യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് ചെങ്കടലിലുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ ചൂടാറുന്നതിന് മുമ്പാണ് പുതിയ പ്രഖ്യാപനം. ഇറാനെതിരെ സൈനികശക്തി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്. ഇറാനുമായി ചര്‍ച്ചകളിലൂടെ ആണവകരാറില്‍ ധാരണയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
ആണവ കരാറില്‍ അമേരിക്കയുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടാത്തതിനാലാണ് ഇറാനെതിരെ സൈനിക ഭീഷണി മുഴക്കി ട്രംപ് രംഗത്തെത്തിയത്. നേരത്തെയുള്ള ഒമ്പത് യുദ്ധകപ്പലുകള്‍ക്ക് പുറമെ, യു എസ് എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് എന്ന കപ്പലും ഇറാനെ ലക്ഷ്യമിട്ട് നീങ്ങുകയാണെന്ന് ട്രൂത്ത് സോഷ്യല്‍ സാമൂഹിക മാധ്യമത്തിലൂടെയാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയത്. മാസീവ് അര്‍മാഡ എന്നാണ് ട്രംപ് അമേരിക്കന്‍ കപ്പല്‍പ്പടയെ വിശേഷിപ്പിച്ചത്. വെനസ്വേലയിലേക്ക് അയച്ചതിനേക്കാള്‍ വലിയ കപ്പല്‍പ്പടയാണിതെന്നും അദ്ദേഹം പറഞ്ഞു.


