National
യഥാർഥ പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുരുങ്ങി; പകരക്കാരനായി എത്തിയ ക്യപ്റ്റൻ സുമിത്ത് കപൂറിനെ കാത്തിരുന്നത് മരണം
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹോങ്കോങ്ങിൽ നിന്ന് തിരിച്ചെത്തിയ സുമിത് കപൂറിന്, അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അജിത് പവാറിനെ ബാരാമതിയിലെത്തിക്കാനുള്ള നിർദ്ദേശം ലഭിച്ചത്
ന്യൂഡൽഹി | മഹാരാഷ്ട്ര മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ജീവനെടുത്ത ബാരാമതിയിലെ വിമാനാപകടത്തിൽ വിധി കരുതിവെച്ചത് യാദൃശ്ചികതകൾ. അപകടത്തിൽ മരിച്ച പൈലറ്റ് ക്യാപ്റ്റൻ സുമിത് കപൂർ യഥാർത്ഥത്തിൽ ആ വിമാനം പറത്തേണ്ടിയിരുന്ന ആളായിരുന്നില്ല എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
യഥാർഥത്തിൽ വിമാനം പറത്തേണ്ടിയിരുന്ന പൈലറ്റ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയതിനെത്തുടർന്നാണ് പകരക്കാരനായി സുമിത് കപൂർ ആ ദൗത്യം ഏറ്റെടുത്തതെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹോങ്കോങ്ങിൽ നിന്ന് തിരിച്ചെത്തിയ കപൂർ, അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് മാത്രമാണ് അജിത് പവാറിനെ ബാരാമതിയിലെത്തിക്കാനുള്ള നിർദ്ദേശം സ്വീകരിച്ചത്. ഡൽഹിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്കിടെയാണ് സുഹൃത്തുക്കൾ ഹൃദയഭേദകമായ ഈ വിവരങ്ങൾ പങ്കുവെച്ചത്.
മുംബൈയിൽ നിന്ന് തെരഞ്ഞെടുപ്പ് റാലികൾക്കായി അജിത് പവാറിനെ ബാരാമതിയിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. വി എസ് ആർ വെഞ്ചേഴ്സ് പ്രവർത്തിപ്പിക്കുന്ന ലിയർജെറ്റ് 45 വിമാനത്തിൽ രാവിലെ എട്ട് മണിയോടെയാണ് സുമിത് കപൂർ യാത്ര തിരിച്ചത്. എന്നാൽ 8:45 ഓടെ ബാരാമതി വിമാനത്താവളത്തിൽ ഇറങ്ങാനുള്ള രണ്ടാമത്തെ ശ്രമത്തിനിടെ വിമാനം തകരുകയായിരുന്നു. ക്യാപ്റ്റൻ സുമിത് കപൂർ, കോ-പൈലറ്റ് ക്യാപ്റ്റൻ ശാംഭവി പഥക്, ഫ്ലൈറ്റ് അറ്റൻഡന്റ് പിങ്കി മാലി, അജിത് പവാറിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ വിദിപ് ജാദവ് എന്നിവർ പവാറിനൊപ്പം അപകടത്തിൽ മരിച്ചു.
കൈത്തണ്ടയിൽ ധരിച്ചിരുന്ന ബ്രേസ്‌ലെറ്റ് നോക്കിയാണ് കപൂറിന്റെ മൃതദേഹം തിരിച്ചറിഞ്ഞതെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് സച്ചിൻ തനേജ പറഞ്ഞു. വിമാനം പറത്തുന്നതിനെ അങ്ങേയറ്റം സ്നേഹിച്ച സുമിത്, വലിയ അനുഭവസമ്പത്തുള്ള പൈലറ്റാണെന്നും അദ്ദേഹത്തിന് പിഴവ് സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും സുഹൃത്തുക്കൾ വിശ്വസിക്കുന്നു. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.
കുടുംബത്തിലും പറക്കലിന്റെ വലിയ പാരമ്പര്യമുണ്ട് സുമിത് കപൂറിന്. മകനും മരുമകനും പൈലറ്റുമാരാണ്. ഹോങ്കോങ്ങിൽ നിന്ന് മടങ്ങിയെത്തിയ ശേഷം തന്നോട് ദീർഘനേരം സംസാരിച്ച സുമിത്, ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് ഉപദേശിച്ചിരുന്നതായി സുഹൃത്തായ ജി എസ് ഗ്രോവർ ഓർമ്മിക്കുന്നു.
മോശം കാലാവസ്ഥയെത്തുടർന്നുണ്ടായ കാഴ്ചാ പരിമിതിയും പൈലറ്റിന്റെ കണക്കുകൂട്ടലുകളിൽ വന്ന പിഴവുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സാങ്കേതിക തകരാറുകളെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.


