Connect with us

kerala polling

കേരളത്തില്‍ ഇന്നു നിശ്ശബ്ദ പ്രചാരണം; നാളെ ബൂത്തിലേക്ക്

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. കേരളം നാളെ വിധി നിര്‍ണയിക്കും.

പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ കേന്ദ്രങ്ങളില്‍ എത്തി. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം ഇന്നലെ വന്‍ ജന പങ്കാളിത്തത്തോടെ പരസ്യപ്രചാരണം അവസാനിച്ചു.

നിശബ്ദത പ്രചാരണം നടക്കുന്ന 24 മണിക്കൂറിനുള്ളില്‍ പലതരത്തിലുള്ള അട്ടിമറികള്‍ക്കും സാധ്യതയുണ്ട്. പ്രചാരണ കോലാഹലങ്ങള്‍ ഇല്ലാതെ അവസാന നിമിഷത്തില്‍ വോട്ടര്‍മാരെ കണ്ട് തീരുമാനം ഉറപ്പാക്കുകയാണ് പാര്‍ട്ടികള്‍.
പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ പൂര്‍ണമായും വെബ് കാസ്റ്റിംങ് ഏര്‍പ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. രണ്ടാംഘട്ടത്തില്‍ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

 

---- facebook comment plugin here -----

Latest