Uae
ലോകത്തിലെ ഏറ്റവും മികച്ചതാകാൻ ദുബൈ സിവിൽ ഡിഫൻസിന് ശൈഖ് ഹംദാന്റെ നിർദേശം
സമൂഹത്തിന്റെ സുരക്ഷയും പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഭരണകൂടം മുൻഗണന നൽകുന്നു

ദുബൈ| സിവിൽ ഡിഫൻസ് സേവനങ്ങളെ ലോകത്തിലെ ഏറ്റവും മികച്ച നിലവാരത്തിലേക്ക് ഉയർത്താൻ ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം നിർദേശം നൽകി. ദുബൈ സിവിൽ ഡിഫൻസ് ആസ്ഥാനം സന്ദർശിച്ചു സംവദിക്കുകയായിരുന്നു അദ്ദേഹം. ഈ ലക്ഷ്യം നേടുന്നതിനുള്ള പ്രായോഗിക നടപടികൾ നിരീക്ഷിക്കാൻ അദ്ദേഹം ദുബൈ എക്‌സിക്യൂട്ടീവ് കൗൺസിലിനെ ചുമതലപ്പെടുത്തി. സമൂഹത്തിന്റെ സുരക്ഷയും പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിന് ഭരണകൂടം മുൻഗണന നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈയുടെ ആഗോള മികവ് വർധിപ്പിക്കുക ലക്ഷ്യമിടുന്ന ലൈഫ് ആൻഡ് പ്രോ
പ്പർട്ടി സേഫ്റ്റി 2033 എന്ന സിവിൽ ഡിഫൻസിന്റെ സുസ്ഥിര ഭാവിക്കായുള്ള തന്ത്രപരമായ ചട്ടക്കൂട് ശൈഖ് ഹംദാൻ വിലയിരുത്തി. അഗ്‌നിബാധ സംബന്ധിച്ച അപകടങ്ങളെക്കുറിച്ച് ഒരു ബില്യൺ ആളുകൾക്ക് അവബോധം നൽകുന്ന “റെഡിനസ് ഓഫ് എ ബില്യൺ’ പദ്ധതിയെക്കുറിച്ചും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ അഗ്‌നിശമന മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള “കോൺവോയ്‌സ് ഓഫ് ഹോപ്പ്’ പദ്ധതിയെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി. കെട്ടിടങ്ങളുടെ 3ഡി ഭൂപടങ്ങൾ നിർമിക്കാൻ കഴിയുന്ന റോബോട്ടുകൾ, അഗ്‌നിശമന സേനാംഗങ്ങളുടെ ശേഷി 40 ശതമാനം വരെ വർധിപ്പിക്കുന്ന റോബോട്ടിക് കൈകൾ, “വാബെൽ’ റോബോട്ട്, ഉയരംകൂടിയ കെട്ടിടങ്ങളിലെ തീ അണയ്ക്കാൻ സഹായിക്കുന്ന “ശഹീൻ’ ഡ്രോൺ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളും അദ്ദേഹം നിരീക്ഷിച്ചു.