Uae
ഷാർജ അന്താരാഷ്ട്ര പുസ്തകമേളക്ക് ഇന്ന് തുടക്കം
ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്യും
ഷാർജ| ഷാർജ അന്താരാഷ്ട്ര പുസ്തകമേള ഇന്ന് ഷാർജ എക്‌സ്‌പോ സെന്ററിൽ തുടക്കമാകും. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മേളയുടെ 44-ാമത് പതിപ്പ് ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നവംബർ 16 വരെ നടക്കുന്ന മേള “നിങ്ങൾക്കും ഒരു പുസ്തകത്തിനും ഇടയിൽ’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്. ഈ വർഷം 118 രാജ്യങ്ങളിൽ നിന്നായി 2,350 പ്രസാധകർ പങ്കെടുക്കുന്നുണ്ട്.
ഗ്രീസാണ് ഇത്തവണത്തെ അതിഥി രാജ്യം. 58 ഗ്രീക്ക് പ്രസാധകരിൽ നിന്നുള്ള 600 പുസ്തക തലക്കെട്ടുകൾ പ്രദർശിപ്പിക്കുന്ന ദേശീയ പവലിയൻ അവർ ഒരുക്കുന്നുണ്ട്.
വിപുലമായ സാംസ്‌കാരിക പരിപാടികൾ
പുസ്തകമേളയിൽ 1,200-ൽ അധികം പരിപാടികൾക്ക് ആതിഥേയത്വം വഹിക്കുന്നുണ്ട്. 66 രാജ്യങ്ങളിൽ നിന്നുള്ള 250-ൽ അധികം അതിഥികൾ ഈ പരിപാടികളിൽ പങ്കെടുക്കും. 40 രാജ്യങ്ങളിൽ നിന്നുള്ള 158 അറബ്, അന്തർദേശീയ അതിഥികൾ അവതരിപ്പിക്കുന്ന 300-ൽ അധികം സാംസ്‌കാരിക പരിപാടികൾ ഈ വർഷത്തെ മേളയുടെ ഭാഗമായുണ്ട്.
ഇന്ത്യയിൽ നിന്ന് കവി സച്ചിദാനന്ദൻ അടക്കം പ്രമുഖ എഴുത്തുകാരെത്തും. എഴുത്ത്, പ്രസിദ്ധീകരണം, സൃഷ്ടിപരമായ വിഷയങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന വിദഗ്ധരുടെ നേതൃത്വത്തിൽ അറബിയിലും ഇംഗ്ലീഷിലുമായി 750-ൽ അധികം ശിൽപ്പശാലകൾ നടക്കും. ഐസ് ലാൻഡ്, ജമൈക്ക, നൈജീരിയ, മാലി, ചാഡ്, അംഗോള, മൊസാംബിക്, ഗിനിയ, സെനഗൽ, വിയറ്റ്‌നാം എന്നീ പത്ത് രാജ്യങ്ങൾ ആദ്യമായി സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കുന്നതും ഈ വർഷത്തെ മേളയുടെ പ്രത്യേകതയാണ്.
സന്ദർശകർക്ക് കൂടുതൽ ഗതാഗത സൗകര്യം ഇപ്രാവശ്യം ഒരുക്കിയിട്ടുണ്ട്. പുതിയ ബസ്, ബോട്ട് റൂട്ടുകളും, കൂടുതൽ സർവീസുകൾ, സൗജന്യ കണക്ഷനുകൾ തുടങ്ങിയവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ, അജ്മാൻ, ഷാർജ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ നിന്ന് എക്സ്പോ സെന്ററിലേക്ക് യാത്രാ സൗകര്യം വിവിധ സമയങ്ങളിൽ ഉണ്ടാവും.
ഹാൾ നമ്പർ ഏഴ് സജ്ജമായി
പുസ്തകമേളയിൽ ഹാൾ നമ്പർ ഏഴ് ഇന്ത്യൻ പുസ്തകങ്ങൾക്കായി സജ്ജമായി. ഈ ഹാളിലാണ് പ്രധാനമായും മലയാള പ്രസിദ്ധീകരണങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ പുസ്തകസ്റ്റാളുകൾ ഒരുക്കിയിരിക്കുന്നത്. മലയാള സാഹിത്യത്തിലെയും മറ്റ് പ്രാദേശിക ഭാഷകളിലെയും പുസ്തകങ്ങൾ തേടിയെത്തുന്ന വായനക്കാർക്ക് ഈ ഹാൾ ഒരു പ്രധാന ആകർഷണ കേന്ദ്രമാകും. ഹാളിലെ റൈറ്റേഴ്‌സ് ഫോറത്തിൽ നൂറുകണക്കിന് പ്രകാശന ചടങ്ങുകൾ നടക്കും.
പ്രസാധക സമ്മേളനം സമാപിച്ചു
പുസ്തകമേളയുടെ മുന്നോടിയായി നടന്ന 15-ാമത് ഷാർജ ഇന്റർനാഷണൽ പബ്ലിഷേഴ്സ് കോൺഫറൻസിൽ ലോകമെമ്പാടുമുള്ള പ്രസാധകരുടെ ആഗോള സംഗമമായി നടന്നു. നിരവധി പ്രത്യേക റൗണ്ട് ടേബിൾ വർക്്ഷോപ്പുകൾ നടന്നു.
മേഖലാപരമായ വിപണികളെക്കുറിച്ചും നിഷ് മാർക്കറ്റുകളെക്കുറിച്ചും ചർച്ച ചെയ്യുന്നവയായിരുന്നു ഈ വർക്്ഷോപ്പുകൾ.
“അച്ചടിച്ച പുസ്തകത്തെ അനിവാര്യമാക്കുന്ന ഘടകങ്ങൾ’ എന്ന വിഷയത്തിലുള്ള വർക്ക്ഷോപ്പ് ശ്രദ്ധേയമായിരുന്നു. ഉള്ളടക്കം, ഡിസൈൻ, ലേഔട്ട്, ഗ്രാഫിക് അവതരണം, പുസ്തകത്തിന് തിരഞ്ഞെടുക്കുന്ന പേപ്പറിന്റെ തരം എന്നിവയിലെല്ലാം അച്ചടിച്ച പുസ്തകത്തിന്റെ ആകർഷകത്വം അടങ്ങിയിരിക്കുന്നുവെന്ന് വർക്്ഷോപ്പ് നയിച്ച ജോർദാനിലെ അൽ ഫിക്ർ അൽ ജദീദ് പബ്ലിഷിംഗ് ഹൗസ് ഡയറക്ടർ ഡോ. മുഹമ്മദ് അയേഷ് ചൂണ്ടിക്കാട്ടി. ഡിസൈനും ലേഔട്ടും കൂടുതൽ മികച്ചതാകുമ്പോൾ ഒരു പുസ്തകം വായനക്കാരുമായി കൂടുതൽ ബന്ധപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഐ പി ബി പവലിയൻ
ഷാർജ പുസ്തകോത്സവത്തിൽ ഐ പി ബി, പ്രവാസി രിസാല പങ്കെടുക്കുന്നു. ഐ പി ബി പ്രസിദ്ധീകരിച്ച മുന്നൂറിലധികം പുസ്തകങ്ങളാണ് പവലിയനിൽ വിൽപ്പനക്ക് ഒരുക്കിയിരിക്കുന്നത്. ഹാൾ നമ്പർ ഏഴിൽ ഇസെഡ് എ 4ലാണ് പവലിയൻ.
കുടുംബിനികൾക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും യുവാക്കൾക്കും ആവശ്യമായ വ്യത്യസ്ത പുസ്തക കിറ്റുകളുടെ കോംബോ ഓഫറുകൾ തയ്യാറാക്കിയിട്ടുണ്ട്. ഇരുപതോളം പുതിയ പുസ്തകങ്ങൾ ഇത്തവണ വിൽപ്പനയ്ക്കെത്തുന്നുണ്ട്.
ജോൺ ഡബ്ല്യു കൈസറിന്റെ “കമാൻഡർ ഓഫ് ദി ഫെയ്ത്ത്ഫുൾ’ എന്ന പുസ്തകത്തിന്റെ മലയാള പതിപ്പായ “പോരാളി ജീവിതം’ നവംബർ 13-ന് പ്രകാശനം ചെയ്യും. അബ്ദുല്ല മണിമയും അബ്ദുൽ മജീദും ചേർന്നാണ് വിവർത്തനം ചെയ്തത്.



