Connect with us

International

ചരിത്ര വിജയം; ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് സൊഹ്റാന്‍ മംദാനി.

Published

|

Last Updated

ന്യൂയോര്‍ക്ക്| ന്യൂയോര്‍ക്ക് സിറ്റി മേയറായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി തിരഞ്ഞെടുക്കപ്പെട്ടു. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് സൊഹ്റാന്‍ മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് 34കാരനായ സൊഹ്റാന്‍ മംദാനിയുടെ ജയം. മംദാനിക്ക് 51 ശതമാനത്തിലേറെ വോട്ടുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

1969ന് ശേഷം ഏറ്റവുമധികം പോള്‍ ചെയ്യപ്പെട്ട ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഈ തിരഞ്ഞെടുപ്പിനുണ്ട്. 2 മില്യണ്‍ വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടതായി ന്യൂയോര്‍ക് സിറ്റി ബോര്‍ഡ് ഓഫ് ഇലക്ഷന്‍സ് എക്സില്‍ കുറിച്ചു.

ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യത്തെ മുസ്ലീം മേയറും ഏറ്റവും പ്രായം കുറഞ്ഞ മേയറുമാകും മംദാനി. പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഉഗാണ്ടന്‍ അക്കാദമിഷ്യന്‍ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാന്‍ മംദാനി.  ഉഗാണ്ടയില്‍ ജനിച്ച അദ്ദേഹം ഏഴാം വയസ്സില്‍ ന്യൂയോര്‍ക്കിലെത്തി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരസ്യമായി മംദാനിക്കെതിരെ രംഗത്തുവന്നിരുന്നു. മംദാനി ജയിച്ചാല്‍ ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ധനസഹായം വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂത വംശജര്‍ മംദാനിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ പമ്പര വിഢികളാണെന്ന് ട്രംപ് പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹു ന്യൂയോര്‍ക്കില്‍ കാലു കുത്തിയാല്‍ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിക്കുമെന്ന് മംദാനി പറഞ്ഞത് അന്തരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായിരുന്നു.

 

Latest