Kozhikode
ഷെയ്ഖ് അബൂബക്കര്‍ ഫൗണ്ടേഷന്‍: ഇന്ത്യയിലെ സ്‌കോളര്‍ സ്പാര്‍ക് പരീക്ഷകള്‍ സമാപിച്ചു
നൂറിലധികം സെന്ററുകളിലായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

.കോഴിക്കോട് | ശൈഖ് അബൂബക്കര്‍ ഫൗണ്ടേഷന്റെ കീഴില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന സ്‌കോളര്‍ സ്പാര്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ സമാപിച്ചു. വിദ്യാഭ്യാസത്തിലൂടെ രാജ്യ പുരോഗതി എന്ന ലക്ഷ്യം വെച്ച് മര്‍കസിന്റെ കീഴില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബൂബക്കര്‍ അഹമ്മദിന്റെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന ഷെയ്ഖ് അബൂബക്കര്‍ ഫൗണ്ടേഷനാണ് പരീക്ഷ സംഘടിപ്പിച്ചത്. നൂറിലധികം സെന്ററുകളിലായി പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
നിലവില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹരായവര്‍. വിജയിക്കുന്നവരില്‍ നിന്ന് അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആവശ്യമായ നിശ്ചിത സ്‌കോളര്‍ഷിപ്പ് തുകയും അഭിരുചിക്ക് അനുസരിച്ച് തുടര്‍ പഠനങ്ങള്‍ക്ക് വിദഗ്ദ്ധരുടെ ഗൈഡന്‍സും ലഭ്യമാക്കും. കുറ്റമറ്റ രീതിയില്‍ വ്യവസ്ഥാപിതമായി സംവിധാനിച്ച പരീക്ഷയും സെന്റര്‍ സംവിധാനങ്ങളും വിദ്യാര്‍ത്ഥിള്‍ക്കും രക്ഷിതാക്കള്‍ക്കും നവ്യാനുഭവമായി. ജി സി സി രാഷ്ട്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പരീക്ഷ ഈ മാസം 10 നു നടക്കും. സ്‌കോളര്‍ഷിപ്പിന് പുറമെ പലിശ രഹിത വിദ്യാഭ്യാസ ലോണുകള്‍, വിദ്യാഭാസ സ്ഥാപനങ്ങള്‍ക്കുള്ള ധന സഹായങ്ങള്‍ തുടങ്ങിയ വിവിധ പദ്ധതികളും ഫൗണ്ടേഷന്‍ വിഭാവനം ചെയ്യുന്നുണ്ട്.